ടെന്‍ഗിസ് മുതല്‍ തിരോന്തരം വരെ (അവസാന ഭാഗം)
എമിറെറ്റ്സിന്റെ ആ കൂറ്റന്‍ വിമാനത്തില്‍ ഞാനും ജോയിച്ചനും മാത്രമാണ് മലയാളികള്‍. യാത്രക്കാര്‍ കുറവായതിനാല്‍ ഫുഡ്ബാള്‍ കളിക്കാനുള്ള സ്ഥലമുണ്ട് വിമാനത്തിനുള്ളില്‍. ജോയിച്ചന്‍ ഓരോ സീറ്റും മാറി മാറി ഇരുന്നു നോക്കുന്നു. ഒരു സീറ്റും പുള്ളിക്കാരന് കംഫര്‍ട്ട് ആകുന്നില്ല. അവസാനം ഒരു എയര്‍ ഹോസ്റ്റസ് വിരട്ടുന്നത് വരെ ജോയിച്ചന്‍ കസേരകളി തുടര്‍ന്നു. ജോയിച്ചന്‍ ഒരു സീറ്റില്‍ പെര്‍മനെന്റ് ആയതോടെ ഞാനും ജോയിച്ചന്റെ സീറ്റിന്റെ അടുത്തുള്ള സീറ്റില്‍ പോയിരുന്നു. എമിറെറ്റ്സിന്റെ ശാപ്പാടും വൈറ്റ് വൈനും ഒക്കെ അടിച്ചപ്പോള്‍ ജോയിച്ചന്‍ ഫോമിലേക്കുയര്‍ന്നു, എയര്‍ ഇന്‍ഡ്യയെ തെറി വിളിക്കാന്‍ തുടങ്ങി. തെറി എയര്‍ ഇന്‍ഡ്യക്കല്ലെ, ഞാനും ജോയിച്ചനു കമ്പനി കൊടുത്തു. എയര്‍ ഇന്‍ഡ്യയെ എമിറെറ്റ്സിന്റെ വീട്ടില്‍ വേലക്ക് നിര്‍ത്തണം, ജോയിച്ചന്റെ അഭിപ്രായത്തോട് എനിക്ക് യോജിക്കാന്‍ കഴിയില്ല. കാരണം എയര്‍ ഇന്‍ഡ്യ എമിറെറ്റ്സിനെ പാഴിക്കളയും. മുല്ലപ്പൂമ്പോടിയേറ്റു കിടക്കും, കല്ലിനുമുണ്ടാ സൗരഭ്യം, എന്നാണല്ലൊ പറയുന്നത്. ഇനിയും മൂന്ന് മൂന്നര മണിക്കൂറുണ്ട് ദുബായിലെത്താന്‍. ഞാന്‍ മധ്യ നിരയിലെ നാല് സീറ്റിലായി നീണ്ട് നിവര്‍ന്ന് കിടന്നു സുഖമായി...