വിദ്യാര്‍ത്ഥി സമരം സിന്ദാബാദ്!!!

സുന്ദരമായ ഒരു സ്വപ്നത്തിന്റെ ക്ലൈമക്സിലെത്തുന്നതിനു മുന്‍പ് വാതിലില്‍ അമ്മ ആഞ്ഞടിച്ച്,

എഴുന്നേല്ക്കെടാ , നിനക്കിന്ന് പഠിക്കാനൊന്നും പോകണ്ടായൊ??

കണ്ണു തുറന്ന് സമയം നോക്കി. മണി ആറര. കയ്യെത്തുന്ന ദൂരത്തിരുന്ന റേഡിയോ ഓണ്‍ ചെയ്ത് വെച്ചു. ആര്‍ നാല്പതിനുള്ള പ്രഭാതഭേരിയില്‍ ഏതൊക്കെ ട്രെയിനുകളാണു ലേറ്റ് ആയി ഓടുന്നതെന്നറിയാം , അതനുസരിച്ച് എഴുന്നേറ്റാല്‍ മതിയല്ലോ?

ഉടുത്തിരുന്ന ലുങ്കി അഴിച്ച് തലമുടി പുതച്ച് പത്ത് മിനിറ്റ് കൂടി ഉറങ്ങി. ആറ്നാല്പതിനുള്ള പ്രഭാതഭേരിയില്‍ , മംഗലാപുരത്ത് നിന്നു തിരൊന്തരത്തേക്ക് പോകുന്ന മലബാര്‍ എക്സ്പ്രെസ്സ് കറക്റ്റ് സമയത്തോടുന്നുവെന്ന അറിയിപ്പ് അല്പം ദു:ഖത്തോടെയെങ്കിലും എനിക്കംഗീകരിക്കേണ്ടി വന്നു. അതു മാത്രമല്ല, എട്ട് പത്തിന്‌ വര്‍ക്കലയെത്തുന്ന ട്രെയിന്‍ പിടിക്കണമെങ്കില്‍ ഇപ്പോഴെ എഴുന്നേല്ക്കണം .

ഉറക്കച്ചടവോടെ വന്നു ഉമ്മറത്തു കിടന്ന പത്രമെടുത്ത് ആകെയൊന്ന് നോക്കി. സന്തോഷദായകമായ കര്‍ണ്ണാനന്ദകരമായ ആ കഴ്ച പെട്ടെന്നാണ്` കണ്ണില്‍ പെട്ടെത്

ഇന്ന് പഠിപ്പു മുടക്ക്`

പിന്നെ ഒന്നും ആലോചിച്ചില്ല, ഞാന്‍ വീട് വിട്ട് പോകുന്നത് വരെ ഈ പത്രം ഇനി ആരും ഇവിടെ വായിക്കരുത്. പത്രമെടുത്ത് ചുരുട്ടി തലയിണക്കീഴില്‍ വച്ചു. പ്രാരംഭ പ്രാഥമിക നടപടികള്‍ പൂര്‍ത്തീകരിച്ച് ഡ്ര്രെസ്സ് ചെയ്ത് പുറത്തിറങ്ങിയപ്പോള്‍ ആവിപറക്കുന്ന പുട്ടും കടലയും ഡൈനിംഗ് ടേബിളില്‍ റെഡി.

രണ്ട് കുറ്റി പുട്ട് രണ്ട് മിനിറ്റ് കൊണ്ട് അകത്താക്കി, കൈ കഴുകി വായ് കഴുകിയെന്ന് വരുത്തിയപ്പോഴേക്കും , വാട്ടിയ വാഴയിലയില്‍ ഉച്ച്ക്കുള്ള ഊണ്` പൊതിഞ്ഞുകൊണ്ട് അമ്മയെത്തി. അമ്മയുടെ സാരി തുമ്പില്‍ നനഞ്ഞ കൈത്തലം തുടക്കുന്നതിനിടയില്‍ ഒരു കാര്യം ഉറപ്പ് വരുത്തി,

അമ്മേ, മുട്ട പൊരിച്ചത് മറന്നില്ലല്ലോ അല്ലെ?

ഒന്നും മറന്നിട്ടില്ല, ഇനി നിനക്ക് സംശയമുണ്ടെങ്കില്‍ പൊതി അഴിച്ച് നോക്കിയിട്ട് കൊണ്ടൂപോയ്ക്കോ.

എനിക്ക് സംശയമൊന്നുമില്ല ! ചുമ്മാ ചോദിച്ചെന്നേയുള്ളു.

അത്രയും പറഞ്ഞ് പൊതിച്ചോറെടുത്ത് ബാഗില്‍ വച്ച്, വീണ്ടും അകത്ത്` കയറി തലയിണകീഴില്‍ നിന്നും പത്രമ്ടുത്ത് പുറെത്തിട്ടിട്ട് വീട്ടില്‍ നിന്നുമിറങ്ങി.


വര്‍ക്കല സ്റ്റേഷനില്‍ ചെന്നപ്പോള്‍ തിരക്ക് വളരെ കുറവ്`. പഠിപ്പ് മുടക്കായതിനാലാകാം . ലേഡീസ് കൂട്ടമായി നില്ക്കുന്ന സ്ഥലത്തൊക്കെ തപ്പിയിട്ടും സ്ഥിരം കുറ്റികളെ ആരേയും കാണാനില്ല. ഇവന്മാരൊക്കെ നന്നാവാന്‍ തിരുമാനിച്ചൊ? നല്ലൊരു ദിവസമായിട്ട് ഒരുത്തനും വന്നില്ലല്ലോ ! അങ്ങനെയൊക്കെ ആലോച്ചിച്ച് നിന്നപ്പോള്‍ തന്നെ മലബാര്‍ എക്സ്പ്രെസ്സ് രണ്ടാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ കൊണ്ട് ബ്രേയ്ക്ക് ചെയ്തു.

നേരെ മുന്നില്‍ നിന്ന് വന്ന ബോഗിയില്‍ കയറി. കമ്പ്ലീറ്റ് സീറ്റും ഫുള്‍ ആണു, ഇനി ബര്‍ത്തില്‍ ഇരിക്കണം . നോക്കിയപ്പോള്‍ ഏക്ദേശം എല്ലാ ബര്‍ത്തും കൊല്ലം പരവുര്‍ ടീം കയ്യടക്കി വച്ചിരിക്കുന്നു. സൂക്ഷമ പരിശോധനയില്‍ ഒരു ബര്‍ത്തില്‍ ഒരുത്തന്‍ കിടന്നുറങ്ങുന്നത് കണ്ടു. അവിടെ ചെന്ന് അദ്ദേഹത്തെ വിളിച്ചുണര്‍ത്തി.

ചേട്ടാ!! ഒന്നെഴുന്നേറ്റെ, ദെ വര്‍ക്കല കഴിഞ്ഞു.

പുതച്ചിരുന്ന പുതപ്പ് മുഖത്ത് നിന്നും മാറ്റിയിട്ട് ആ മാന്യ ദേഹം കണ്ണും തിരുമ്മികൊണ്ട് എന്നോട് ചോദിച്ചു,

പേട്ട കഴിഞ്ഞൊ?

പേട്ട കഴിഞ്ഞില്ല, വര്‍ക്കല കഴിഞ്ഞു,

വര്ക്കലയല്ലേ കഴിഞ്ഞുള്ളു? എനിക്ക് പേട്ടയിലിറങ്ങിയാല്‍ മതി!

ചേട്ടാ ! അര മണിക്കൂറിനുള്ളീല്‍ പേട്ടയെത്തും , ചേട്ടനൊന്നെഴുന്നേറ്റാല്‍ മൂന്നു പേര്ക്കവിടെയിരിക്കാം .

ഇത് ഞാന്‍ റിസര്‍വ്` ചെയ്ത ബര്‍ത്താണു, എനിക്കുറങ്ങണം .

"എട്ട് മണികഴിഞ്ഞില്ലേഡെ? നിനിക്കിനി എന്തെരു ഒറക്കം , മതി ഒറ്ങ്ങിത്"

ശബ്ദം കേട്ട ഭാഗത്തേക്ക് ഞാന്‍ തിരിഞ്ഞ്` നോക്കി.

വര്‍ക്കല - തിരൊന്തരം റൂട്ടില്‍ സാധാരണ കാണാറുള്ള ഒരു ചേട്ടന്‍ . നേരിട്ട് പരിചയമില്ല, സീസണ്‍ ടിക്കറ്റ് യാത്രക്കാരനാണെന്നും സ്ഥിരം യാത്രക്കാരനാണെന്നും ആ ഒറ്റ ഡയലോഗില്‍ നിന്നും മനസ്സിലാക്കം .

രംഗം പന്തിയല്ലന്ന് മനസ്സിലാക്കിയ ബര്‍ത്തിലെ യാത്രക്കാരന്‍ എഴുന്നേറ്റ് ചുരുണ്ട് ഒരു മൂലക്കിരുന്നു. ആ ഗ്യാപില്‍ ഞാനും മറ്റേ ഡയലോഗടിച്ച ചേട്ടനും കയറിയിരുന്നു

തിരോന്തരത്ത് സെന്ട്രലില്‍ ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ ചെന്നിറങ്ങുമ്പോള്‍ എന്റെ മനസ്സ് ഭരണമൊഴിഞ്ഞ സര്‍ക്കാരുപേക്ഷിച്ച ഖജനാവു പോലെയായിരുന്നു.


പ്ലാറ്റ്ഫോമിലെ ഒരു ടി വി ക്കഭിമുഖമായി കണ്ട ബെഞ്ചില്‍ ചെന്നിരുന്നു. ഇനി ഭാവി പരിപാടികള്‍ ആലോചിക്കാം .

ബി എ യും എം എ യും പിന്നെ കംപ്യൂട്ടറും പഠിച്ചിട്ട് "ഇനി എന്ത്??" എന്ന ചോദ്യഭാവവുമായി പുരനിറഞ്ഞുനില്ക്കുന്ന മകളെ മനസ്സില്‍ നിറച്ച് നില്ക്കുന്ന അപ്പന്റെ അതേ അവസ്ഥയിലായിരുന്നു ഞാന്‍.

അടുത്തതെന്ത്"

പ്രതീക്ഷിച്ചപ്പോലെ കൂടെയുള്ള ഒറ്റ അലവലാതികളെയും ഇന്നു കണ്ടില്ല. ക്ലാസ്സുള്ള ദിവസങ്ങളില്‍ ഒന്നിലധികം പ്രോഗ്രാമുകളുമായി നാറികള്‍ വരും . ക്ലാസ്സില്ലാതെ മനസ്സമാധാനത്തോടെ എന്തെങ്കിലും ഒന്ന് ആസൂത്രണം ചെയ്യാമെന്ന് വച്ചപ്പോള്‍ ഒറ്റക്കായിപോയി.

പാന്റ്സിന്റെ രണ്ട് പോക്കറ്റും ഷര്ട്ടിന്റെ ഒരു പോക്കറ്റും അടക്കം മൂന്ന് പോക്കറ്റ് വീണ്ടും വീണ്ടും പരിശോധിച്ചിട്ടും കാര്യമായി ആഘോഷിക്കാനുള്ളതൊന്നും കയ്യില്‍ തടഞ്ഞില്ല. ഏതായാലും ഒരു സിനിമയില്‍ തുടങ്ങാം. അതു കഴിഞ്ഞ് പവര്‍ ഹൌസിലെ ഈതെങ്കിലും ഒരു തട്ട്കടയിലെ മുഴുവന്‍ ഏത്തന്‍ കായില്‍ ഉണ്ടാക്കിയ ഏത്തക്കാപ്പവും (പഴം പൊരി) ചായയും. അതിനുള്ള വകുപ്പ് കയ്യിലുണ്ട്. ബാക്കി ദേഖെ ജായെഗാ! അപ്പോഴേക്കും ഏതെങ്കിലും ഒരുത്തനെ കിട്ടും. പിന്നെ അവനെ പൊളക്കാം.
സിനിമ കാണാം എന്ന് തീരുമാനിച്ചപ്പോഴാണ്` അതി സങ്കീര്ണ്ണമായ അടുത്ത പ്രശ്നം ഉടലെടുത്തത്. തിരോന്തരം സിറ്റിയില്‍ ഏത് സിനിമ റിലീസായാലും അത് അന്ന് തന്നെ കാണണമെന്ന പോറ്റി ശ്രീകുമാറിന്റെ സ്നേഹനിര്ഭലമായ പ്രലോഭനത്തിന്` മുന്നില്‍ എപ്പോഴും മുട്ട് മടക്കുന്നത്കൊണ്ട്, കാണാന്‍ സിനിമകളൊന്നും ബാക്കിയില്ല. !! രാവിലെ പത്രത്തിലെ "ഇന്നത്തെ സിനിമ" എന്ന രണ്ടാം പേജ് വാര്‍ത്ത വായിക്കാതിരുന്ന ബുദ്ധിമോശത്തെ സ്വയം പഴിച്ചു.

റെയില്വേസ്റ്റേഷനില്‍ നിന്നും പുറത്തിറങ്ങി, തമ്പാനൂര്‍ ബസ് സ്റ്റാന്റിനു പുറത്തും റെയില്‍വേ മതിലിലും ഒക്കെ ഒട്ടിച്ചിരിക്കുന്ന കമ്പ്ലീറ്റ് സിനിമാപോസ്റ്ററുകളും സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കിയപ്പോള്‍ `, കണ്ണില്‍ പെടാതെ പോയ ഒരെണ്ണം ദേ കിടക്കുന്നു. രജനീകാന്തിന്റെ കൊടി പറക്ക്ത് എന്ന തമിഴു സിനിമ. പാര്‍ത്ഥാസില്‍ മോര്‍ണിംഗ്` ഷോ. ഇതെങ്ങെനെ സംഭവിച്ചു? പോറ്റി ശ്രീകുമാര്‍ അറിയാതെ രജനി യുടെ സിനിമ റിലീസ് ആവുക്‌യോ? പോസ്റ്റ്മാനറിയാത്ത ഗള്‍ഫുകാരനോ? ഇംപോസ്സിബിള്‍ . അപ്പോഴാണ്` മറ്റൊരു വാചകം കൂടി കണ്ണില്‍ പെട്ടത്, "പ്രേക്ഷകരുടെ ആവശ്യപ്രകാരം വീണ്ടും പ്രദര്‍ശിപ്പിക്കുന്നു". ഹാവൂ സമാധാനമായി. ഇനി അതേക്കുറിച്ചുള്ള ടെന്‍ഷന്‍ വേണ്ട. പാര്‍ത്ഥാസിലെ കൊടിപറ്ക്കതിലൂടെ കാര്യപരിപാടികള്‍ക്ക് തുടക്കം കുറിക്കാന്‍ തീരുമാനിച്ചു.


പാര്‍ത്ഥാസിലേക്ക് പോകാനായി റെയില്‍വേയുടെ ഓവര്‍ബ്രിഡ്ജ്ന്റെ പടികള്‍ നടന്ന് കയറി ഏക്ദേശം മധ്യഭാഗത്തെത്തിയപ്പോള്‍ എതിര്‍ ഭാഗത്തുനിന്ന് ഒരു ആരവം കേള്‍ക്കുന്നു. ഞാന്‍ കാര്യമറിയാതെ അവിടെതന്നെ നിന്നു. ആരവം അടുത്തടുത്ത് വരുന്നു. ഇപ്പോള്‍ ആരവത്തിന്റെ കാണാന്‍ പറ്റുന്ന പരുവത്തിലായി. ഓവര്‍ ബ്രിഡ്ജിന്റെ മറുഭാഗത്തുള്ള പടികള്‍ ഓടിക്കയറി സമരാനുകൂലികാളായ വിദ്യാര്‍ത്ഥികള്‍ ഓടിവരുന്നു - എന്നാണ്` ഞാന്‍ കരുതിയത്, അവര്‍ക്ക് പിന്നാലെ അവരെ ഓടിച്ചുകൊണ്ടുവരുന്ന പോലീസേമാന്‍മാരെ കുറച്ച് കഴിഞ്ഞാണ്` കണ്ടത്`. അപ്പോഴേക്കും വിദ്യര്‍ത്ഥി സമൂഹം എന്നെയും താണ്ടി പൊയ്ക്കൊണ്ടിരുന്നു, പോലീസ് എന്റടുത്തേക്കും.



ഇതിനു മുന്‍പ് ഇങ്ങനെയൊരു ആര്‍പ്പുവിളിയും കൂട്ടയോട്ടവും കണ്ടിട്ടുള്ളത് ശാര്‍ക്കര കാളിയൂട്ടിനാണ്. അവിടെ ഭദ്രകാളി ദാരുദരെ ഓടിക്കുന്നത് പോലെ ഇവിടെ പോലീസുകാര്‍ പിള്ളാരെ ഓടിക്കുന്നു. സംഗതി കണ്ടോണ്ട് നില്ക്കാന്‍ നല്ല രസമുണ്ട്, പക്ഷെ ലാത്തിക്കറിയില്ലല്ലോ സമരം ചെയ്യുന്നവനും സിനിമയ്ക്കു പോകുന്നവനും തമ്മിലുള്ള വ്യത്യാസം. അഥവാ ലാത്തിക്കറിയാമെങ്കിലും അതിന്റെ തുമ്പില്‍ പിടിച്ചിരിക്കുന്ന പോലീസേമാന്‍ ഒരിക്കലും ഇങ്ങനെയുള്ള സുവര്‍ണ്ണാവസരങ്ങള്‍ പാഴാക്കാറില്ലല്ലോ. സെക്രട്ടറിയേറ്ററിന്‍ പിന്നിലെ സെന്ട്രല്‍ സ്റ്റേഡിയത്തിന്റെ ഏതെങ്കിലും തണലുള്ള സൈഡില്‍ , ആംഡ് റിസര്‍വ്ഡ് പോലീസെന്ന ബോര്‍ഡ് വച്ച നീല ബസ്സിനുള്ളില്‍ ഇരുപത്തേട്ടും റമ്മിയും കളിച്ചിരിക്കുന്ന പോലീസ് പിള്ളാര്‍ക്ക് ഇതൊക്കെയല്ലേയുള്ളു ഒരു ടൈം പാസ്, അവരെ കുറ്റം പറയാന്‍ പറ്റുമോ?

അവിടെനിന്ന് ഈ മനോഹര കാഴ്ച കണ്ണു നിറയെ കാണാന്‍ ഞാന്‍ എന്ത അത്ര മണ്ടനാണൊ? ഞാന്‍ ഓടി. അടുത്തെത്തിയ ഒരു പോലീസ് ചെക്കന്‍, എന്റെ നടു ലക്ഷ്യമാക്കി ആഞ്ഞു വീശിയ ലാത്തിയില്‍ നിന്നും രക്ഷപ്പെടാന്‍, പണ്ട് ഏറു പന്തുകളിക്കുമ്പോള്‍ നടുവിനു ഏറു കിട്ടുമ്പോള്‍ ഞെളിച്ചു പിരിച്ച് നട്ടെല്ലു മുന്നോട്ട് വളച്ച് വേദന സഹിക്കുന്ന അതേ രീതിയില്‍ നട്ടെലല്‍ ഒന്നു മുന്നോട്ട് വളച്ച് പിടിച്ച് ആ ലാത്തിയില്‍ നിന്നും രക്ഷപ്പെട്ട്, സൂപ്പര്‍ ഫാസ്റ്റിനെ ഓവര്‍ടേക്ക് ചെയ്യാന്‍ ടോപ് ഗിയറില്‍ നിന്നും തേര്‍ഡിലേക്ക് മാറ്റി റൈസ് ചെയ്തുപോകുന്ന അതേ സ്പീഡില്‍ മുന്നോട്ട് കുതിച്ചു. അടി വേസ്റ്റാക്കിയ പോലീസുകാരന്‍ , ബൌള്‍ ഔട്ടില്‍ വൈഡ് എറിഞ്ഞ അഫ്രിദിയെ പോലെ പരിതപിച്ചു.


ഞാന്‍ ഓവര്‍ബ്രിഡ്ജിന്റെ പടികള്‍ ഓടിയാണൊ പറന്നണൊ ഇറങ്ങിയതെന്ന് ഓര്‍മ്മയില്ല. ഓടി ചെന്ന്‌ വീണ്ടും റെയില്‍വേ സ്റ്റേഷനില്‍ കയറിയപ്പോള്‍ കണ്ടത്, ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ നിന്നും ഒരു ട്രെയിന്‍ കൊല്ലം ഭാഗത്തേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു. പിന്നെ ഒന്നും ആലോചിച്ചില്ല. മുന്നില്‍ കണ്ട ബോഗിയിലേക്ക് ചാടിക്കയറി. ആദ്യം കണ്ട സീറ്റില്‍ തന്നെ ഇരുന്നു. ഓടി വന്ന കിതപ്പ് തീരുന്നത് വരെ കണ്ണടച്ചിരുന്നു. കണ്ണു തുറന്നപ്പോള്‍ ട്രെയിന്‍ പേട്ട എത്തിയിരുന്നു. സമാധാനമായി. ഇനി ഏതായാലും പോലീസ് ഓടിക്കില്ല.

മനസമാധാനത്തോടെ ഒരു ദീര്‍ഘ നിശ്വാസം കൂടി വിട്ട് കഴിഞ്ഞപ്പോഴാണു മുന്നില്‍ ഇരിക്കുന്ന രണ്ട് ചെല്ലക്കിളികളെ കണ്ടത്. കൊല്ലം എസ്, എന്‍ കോളെജിലെ കിളികളായിരിക്കണം. എന്റെ നവരസങ്ങളൊക്കെ കണ്ട് അവര്‍ അടക്കിപ്പിടിച്ച് ചിരിക്കുന്നുണ്ട്. ഞാന്‍ അല്പം ഇളിഭ്യനായെങ്കിലും ചീള്` പിള്ളാരുടെ മുന്നില്‍ ചമ്മാന്‍ പാടില്ലല്ലോ? എന്തെങ്കിലും ചോദിച്ച്കൊണ്ട് ചുമ്മാ കയറിയണ്ഗ്ഗ് മുട്ടാം. ഒന്നുമല്ലെങ്കിലും വര്‍ക്കല വരെ ഒരു കമ്പനിയാകുമല്ലോ? ആദ്യം എന്തു ചോദിക്കുമെന്ന് ആലോചിച്ചപ്പോഴാണു ഒരു കാര്യം ഓര്‍മ്മ വന്നത്`. ഏത് ട്രെയിനിലാണ്‍ ഞാനിപ്പോള്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്നതെന്നു അറിയില്ല, അടി പേടിച്ച് കണ്ണില്‍കണ്ടതില്‍ ചാടികയറുകയായിരുന്നു. എന്നാല്‍ അതു തന്നെ കിളികളോട് ചോദിച്ച് ഒരു തുടക്കം കൂറിക്കാമെന്ന് കരുതി ഞാന്‍ ചോദിച്ചു,

ഇത് ഏതാ ട്രെയിന്??

ഇതുവരെ അടക്കിപ്പിടിച്ചിരുന്ന ചിരി ചെല്ലക്കിളികള്‍ തുറന്നു വിട്ടു. എനിക്കൊന്നും മനസ്സിലായില്ല. പക്ഷെ എനിക്കൊന്നു മനസിലായി. അവര്‍ ചിരിക്കുന്നത് എന്നെ "ആക്കി" യാണെന്ന്`

പിന്നെ ഞാന്‍ അവിടെയിരുന്നില്ല. മെല്ലെ സ്ഥലം കാലിയാക്കി. അത് ബംഗ്ലൂര്‍ക്ക് പോകുന്ന ഐലന്റ് എക്സ്പ്രെസ്സ് ആണെന്ന് ഞാന്‍ എങ്ങനെയോ മനസ്സിലാക്കി.


വര്‍ക്കല റെയില്‍വേസ്റ്റേഷനിലിറങ്ങിയ ഞാന്‍ , കല്ലമുക്ക് ബസ് പിടിച്ച് നേരെ വീട്ടിപോകാന്‍ തിരുമാനിച്ചു. പ്ലാറ്റ് ഫോം താണ്ടി ടിക്കറ്റ് കൌണ്ടറിനു മുന്നിലൂടെ പുറത്തേക്ക് കടക്കുമ്പോള്‍ ആരോ ഒരാള്‍ എന്നെ പിന്നില്‍ നിന്നും വിളിച്ചു,

അനിയാ!!

ഞാന്‍ തിരിഞ്ഞു നോക്കി.

ഇപ്പോള്‍ പുറത്തേക്ക് പോകണ്ട, ആ അപരിചിതന്‍ പരഞ്ഞു.

ഞാന്‍ ചോദ്യഭാവത്തില്‍ അദ്ദേഹത്തിന്റെ മുഖത്തേക്ക് നോക്കി.

എന്റെ സംശയം ദൂരികരിക്കാനായി ആ അപരിചിതന്‍ പറഞ്ഞു,

അല്പം മുമ്പാണ്‍ ഒരു വണ്ടി പിള്ളാരെ ഇവിടെ നിന്നും പോലീസു ഓടിച്ചിട്ട് പിടിച്ച് അടിയും കൊടുത്ത് കൊണ്ടുപോയത്. ഇപ്പോള്‍ ചെന്ന്` പുറത്തെക്കിറങ്ങി അവരുടെ വായില്‍ ചെന്നു ചാടണ്ട. ബുക്സും ബാഗും ഒക്കെ കയ്യിലുള്ള എല്ലാവരേയും പോലീസ് ഓടിച്ചിട്ടടിക്കുന്നു.

ഞാന്‍ ആ നല്ല മനുഷ്യനു നന്ദി പറഞ്ഞിട്ട് വീണ്ടും പ്ലാറ്റ്ഫോമിലേക്ക് കടന്നു.


പ്ലാറ്റ്ഫോമിലെ ഒരു ബെഞ്ചില്‍ ചെന്നിരുന്നു. ദൈവമേ എങ്ങനെ വീട്ടില്‍ ചെന്ന് പറ്റും. ഇതിന്റെ വല്ല ആവശ്യവുമുണ്ടായിരുന്നൊ? മര്യാദക്കു വീട്ടിലിരുന്നാല്‍ മതിയായിരുന്നു. ഇനി പറഞ്ഞിട്ടെന്താ കാര്യം? പോയ ബുദ്ധി ആന പിടിച്ചാല്‍ കിട്ടില്ലല്ലൊ! ഇങ്ങനെയൊക്കെ ചിന്തിച്ചുകൊണ്ടിരുന്നപ്പോഴാണു, ഹാര്‍ട്ട് അറ്റാക്ക് വരുന്ന ആ കാഴ്ച കണ്ണില്‍ പെട്ടത്. റെയില്‍വേ ട്രാക്കിലൂടെ നല്ല നീളമുള്ള ചൂരല്‍ വടിയും കയ്യില്‍ പിടിച്ച കേരള്ലാ പോലീസിലെ രണ്ട് കോണ്സ്റ്റബിള്‍സ് നടന്നു വരുന്നു. പിള്ളാരു വേട്ടയ്ക്കിറങ്ങിയതാണെന്ന് നീളമുള്ള ചൂരലില്‍ നിന്നും മനസ്സിലാക്കാം, അല്ലെങ്കില്‍ ഏമാന്മാരു കയ്യില്‍ ലാത്തി പിടിക്കും അതുമല്ലെങ്കില്‍ സിഗററ്റ് കത്തിച്ച് പിടിച്ചുകൊണ്ട് നടക്കും.

അടി ഉറപ്പ്. അടി മാത്രമല്ല. സ്റ്റേഷനില്‍ കൊണ്ടുപോകും. അവിടെ കള്ള അഡ്രസ്സ് കൊടുക്കണം. ഏതായാലും തുറന്ന് വിടുമ്പോള്‍ നാലുമണി കഴിയും. പണ്ട് വര്‍ക്കല എസ്. എന്‍ കോളേജില്‍ പഠിക്കുമ്പോള്‍ പ്രിന്‍സിയെ ഘോരവോ ചെയ്തതിനു പോലീസ് സ്റ്റേഷനില്‍ കയറിയതാണു. ഇന്നിപ്പോള്‍ യാതൊരു കാരണവുമില്ലാതെ വീണ്ടും പോലീസ് സ്റ്റേഷനില്‍ .....

എങ്ങനെ ഈ നിര്‍ണ്ണായക നിമിഷം തരണം എന്നതിനെക്കുറിച്ചായി പിന്നെ എന്റെ ചിന്ത. ഓടണമോ പിടികൊടുക്കണൊ? ട്വന്റി ട്വന്റി ഫൈനലില്‍ അവസാന ഓവര്‍ ജോഗീന്ദറിന്` കൊടുക്കണൊ അതൊ ഹര്‍ഭജന്‍ മതിയോ എന്ന തീരുമാനമെടുക്കാന്‍ പോലും ധോണി ഇത്രയും ആലോചിച്ച് കാണില്ല.


പെട്ടെന്നാണു ഞാന്‍ ആ കാഴ്ച കണ്ടത്. ഞാനിരിക്കുന്ന ബെഞ്ചിന്റെ തൊട്ടടുത്ത ദൈവദൂതനെപോലെ ഒരാളിരിക്കുന്നു. എന്നെ രക്ഷിക്കാന്‍ ഒരു പക്ഷെ ദൈവം അയച്ച ആളായിരിക്കും അദ്ദേഹത്തെ. ഞാന്‍ ആ ദൈവദൂതന്റടുത്തേക്ക് ചെന്നിട്ട് അഭ്യര്‍ത്ഥിച്ചു.

ചേട്ടാ രക്ഷിക്കണം.!!!!

എന്റെ വെപ്രാളം കണ്ട് ദൈവദൂതന്‍ ചാടിയെഴുന്നേറ്റ്കൊണ്ട് ചോദിച്ചു,

രക്ഷിക്കാനോ? എങ്ങനെ?

ഞാന്‍ ട്രാക്കിലൂടെ നടന്നു വരുന്ന പോലീസ് കാരെ കാണിച്ച കൊടുത്തിട്ട് അവരിങ്ങനെ നടക്കുന്നതിന്റെ ദുരുദ്ദ്യേശവുമെല്ലാം വളരെ ചുരുക്കി ദൈവദൂതന്` വിശദീകരിച്ചു കൊടുത്തു.

എന്റെ വിശദികരണം കേട്ട് കഴിഞ്ഞപ്പോള്‍ ദൈവദൂതന്‍ ചോദിച്ചു, ഞാനിപ്പോ എന്താ ചെയ്യേണ്ടത്?

ചേട്ടന്‍ എന്റെ ഈ ബുക്സും ബാഗും ഒന്നും പിടിച്ചാല്‍ മതി.

ഫ!!! ദൈവദൂതന്റെ വക ഒരു ആട്ടായിരുന്നു മറുപടീ. പിന്നെ പറഞ്ഞു, എന്നിട്ട് വേണം അവന്മാരു എന്നെ അടിയും തന്നു പിടിച്ചോണ്ട് പോകാന്‍ അല്ലെ???

അയ്യോ ഇല്ല ചേട്ടാ! ചേട്ടനെ കണ്ടാല്‍ ഒരു സ്റ്റുഡന്റ് ആണെന്ന് പറയില്ലല്ലോ? പോലീസുകാരു ചോദിച്ചാല്‍ ഞാന്‍ ചേട്ടന്റെ കൂടെ യാത്ര ചെയ്യുന്ന ചേട്ടന്റെ ബന്ധുവാണെന്ന് പറഞ്ഞാല്‍ മതി, പ്ലീസ് ചേട്ടാ!!

പൊഡോ തന്റെ പാട്ടിന്` മനുഷ്യനെ കുഴക്കാതെ ! എടോ ഞാനൊരു സര്‍ക്കാരുദ്യോഗസ്ഥനാണു. തന്റെയൊക്കെ കര്യത്തിലിടപെട്ടു എനിക്ക് പുലിവാല്‍ പിടിക്കാന്‍ വയ്യ.

അത്രയും പറഞ്ഞു ദൈവദൂതന്‍ ഓടി രക്ഷപ്പെട്ടു.

എന്റെ ഭാവി പോലീസുകാര്‍ക്ക് വിട്ടുകൊടുത്തിട്ട് ഞാന്‍ ആ ബെഞ്ചിലിരുന്നു. പോലിസുകാര്‍ അടുത്തടുത്ത് വന്നു. എന്റെ മുന്നിലെത്തി, ഞാന്‍ എന്തും നേരിടാന്‍ തയ്യാറായി ഇരുന്നു. ഒന്നും സംഭവിച്ചില്ല. എന്റെ മുന്നിലൂടെ ആ രണ്ട് പോലീസുകാരും അവര്‍ സംസാരിച്ചുകൊണ്ടുവന്ന കാര്യം തുടര്‍ന്നും സംസാരിച്ചുകൊണ്ട്കടന്നുപോയി.



ഞാന്‍ സകലദൈവങ്ങള്‍ക്കും നന്ദി പറഞ്ഞു. ആ ദൈവദൂതനെ കണ്ടിരുന്നെങ്കില്‍ നാലു തെറികൂടിപറയാമെന്ന് കരുതി.

ഒരു മണിക്കൂറോളം പ്ലാറ്റ്ഫോമിലിരുന്നിട്ട് ഞാന്‍ വിണ്ടും പുറത്തേക്ക് വന്നു. സ്ഥിതിഗതികളെല്ലാം ശാന്തമായെന്ന വിശ്വാസത്തില്‍. പക്ഷെ പുറത്തെ അന്തരീക്ഷം കൂടുതല്‍ കലുഷിതമാവുകയായിരുന്നു. പുറത്ത് പോലീസ് പുസ്തകം കയ്യില്‍ വയ്ക്കുന്നവനെ പിടിക്കുന്ന അവസ്ഥയില്നിന്നും പാന്റ്സിട്ട പിള്ളാരെപിടിക്കുന്ന അവസ്ഥയിലെക്ക് കാര്യങ്ങള്‍ എത്തിച്ചു. പ്രവറ്റ് ബസ് തടഞ്ഞ് നിര്‍ത്തി പരിശോധിച്ച് അതിനുള്ളിലെ പാന്റ്സിട്ട ചെറുപ്പക്കാര്ക്കൊക്കെ, അവനിനി കോളേജില്‍ പോകുന്നവനായാലും കാളയെ മേയ്ക്കുന്നവനായാലും സര്‍ക്കാര്‍ വാനില്‍ പിടിച്ച് കയറ്റി ഗേറ്റടിയും ബോണസായികൊടുത്ത് പോലീസ് സ്റ്റേഷന്‍ നിറക്കുകയാണു.

ഇനി രക്ഷയില്ല. രണ്ടുപ്രാവശ്യം ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടു. ഒന്നില്‍ പിഴച്ചാല്‍ മൂന്നില്‍ എന്നാണു ചൊല്ല്. ഞാന്‍ വീണ്ടും പ്ലാറ്റ്ഫോമിലേക്ക് മടങ്ങിവന്നു. ഭാവി കാര്യങ്ങളെക്കുറിച്ച് ആലോചിച്ചു. ആദ്യം ബുക്സ് എവിടെയെങ്കിലും സുരക്ഷിതമായി വയ്ക്കണം. അപ്പോഴാണു രണ്ടാമത്തെ പ്ലാറ്റ്ഫോമിനുമപ്പുറം അശ്വതി ബാറിനു സമീപത്തുള്ള ആ കൊച്ചു കട കണ്ണീല്‍ പെട്ടത്.

ആ കൊച്ചു കടയിലെ മെയിന്‍ കച്ചവടം ടെച്ചിഗ് ഐറ്റംസ് മാത്രമാണു. അതായത്, ബാറിനുള്ളിലിരുന്നടിക്കാനുള്ള ആമ്പിയര്‍ ഇല്ലാത്ത കോളേജ് കുമാരന്മാര്‍ക്ക് സാധനം മേടിച്ച്` പുറത്ത്കൊണ്ട് വന്ന്‌` ഈ കടയില്‍ നിന്നും ടച്ചിംഗ് കൂടി മേടിച്ചാല്‍ കടയുടെ പിന്‍വശത്ത് നിന്ന്, നിപ്പനടിക്കാനുള്ള സൌകര്യം ചെയ്തുകൊടുക്കും.



പിന്നെ അമാന്തിച്ചില്ല. റെയില്‍വേ ട്രാക്ക് ചാടികടന്ന് നേരെ ടച്ചിംഗ് കടയിലെത്തി. കടയുടമയോട് എന്റെ ദുരവസ്ഥ പറഞ്ഞു. പിന്നെ എന്റെ ബുക്സും ബാഗും ഒരു ദിവസത്തേക്ക് സൂക്ഷിക്കണമെന്ന്കൂടി അഭ്യര്‍ത്ഥിച്ചു.

കടയുടമ കൂലംകക്ഷമായി ആലോചനയിലേക്കാണ്ടു. എന്റെ ദുരന്ത കഥ കേട്ടുകൊണ്ട് ഒരു ലോഡിംഗ് തൊഴിലാളികൂടി അവിടെയുണ്ടായിരുന്നു. അദ്ദേഹം പ്രതികരിച്ചു.

താനിപ്പോള്‍ പുസ്ത്ഥകം മാത്രം വച്ചിട്ട് പോയത്കൊണ്ട് പോലീസ് പിടിക്കാതിരിക്കില്ല. വേഷം കൂടി മാറണം.


എങ്ങനെ? ഞാന്‍ ചോദിച്ചു.

എന്റെ കുടെ വാ, എന്നേയും കൂട്ടി അദ്ദേഹത്തിന്റെ വീട്ടില്‍ ചെന്ന്, ഒരു ലുങ്കിയും പിന്നെ ലോഡിംഗ് കാരന്റെ യൂണിഫോമായഒരു നീല ഷര്‍ട്ടും എടുത്ത് തന്നു. ഞാന്‍ എന്റെ ഷര്‍ട്ടും പാന്റ്സും അവിടെ ഊരിയിട്ട്, ലുങ്കിയും നീല ഷര്ട്ടുമിട്ട് പുറത്തിറങ്ങിയപ്പോള്‍ , ആ നല്ലവനായ മനുഷ്യന്‍ ഒരു നിറം മങ്ങിയ ചുമന്ന തോര്‍ത്തും കൂടി തന്നു.

ലുങ്കി മടക്കി കയറ്റി കുത്തി , തോര്‍ത്ത് തലയില്‍ കെട്ടി റെയില്‍വേ ട്രാക്ക് ക്രോസ് ചെയ്ത് സ്റ്റേഷന്റകത്തുകൂടി ഞാന്‍ പുറത്ത് "സ്റ്റുഡന്സ് ഹണ്ടിംഗിന്" നില്ക്കുന്ന കേരളാ പോലീസിന്` മുന്നിലൂടെ ബസ് സ്റ്റാന്ഡിലെത്തി.

ഫാന്സി ഡ്രെസ്സ് രൂപത്തില്‍ വീട്ടിലെത്തിയ എന്നെ കണ്ട് എല്ലാവരും വണ്ടറടിച്ച് നില്ക്കെ, ഞാന്‍ നടന്ന സംഭവങ്ങളൊക്കെ വിവരിച്ചു.

കഥ കേട്ട അമ്മ നെടു വീര്‍പ്പിട്ടു. അച്ഛന്‍ അടുത്ത് വന്നു പറഞ്ഞു,

"എനിക്കിപ്പോള്‍ നിന്റെ ഭാവിയെക്കുറിച്ച് ആശങ്കകളില്ല".

അച്ഛന്‍ എന്താണു ഉദ്യേശിച്ചതെന്ന് എനിക്ക് ഇന്നും മനസ്സിലായിട്ടില്ല. ലോഡിംഗ് കാരന്റെ വേഷമാണൊ അതൊ എന്റെ ബുദ്ധി വൈഭവമാണൊ അച്ഛനിലെ ആശങ്കകളകറ്റിയതെന്ന് എനിക്ക് ഇന്നും ചോദിക്കാനുള്ള ധൈര്യവുമില്ല.

Comments

ഭാഗ്യല്ലേ മാഷേ അടികൊള്ളാണ്ട് രക്ഷപ്പെട്ടത്...
ഉള്ള നേരം വീട്ടിലെങ്ങാന്‍ ചടഞ്ഞുകൂടി കിടന്നാല്‍ മതിയായിരുന്നോ...?

അച്ഛന്റെ ഡയലോഗ് കലക്കി...
:)
Sethunath UN said…
ക‌ണ‌ക്കായിപ്പോയി. ഹ‌ല്ല പിന്നെ :)
R. said…
ഹൌ !! തകര്‍ക്കുവാണല്ലോ സണ്ണ്യേയ്

അച്ഛനാരാ മോന്‍ !
ശ്രീ said…
‘ലോഡിംഗ് കാരന്റെ വേഷമാണൊ അതൊ താങ്കളുടെ ബുദ്ധി വൈഭവമാണൊ അച്ഛനിലെ ആശങ്കകളകറ്റിയത്?’

കൊള്ളാം...
:)
Sunnikuttan said…
സഹയാത്രികന്‍
നിഷ്കളങ്കന്‍
രജീഷ്
ശ്രീ

എല്ലാവര്‍ക്കും നന്ദിയുണ്ട്.
sandoz said…
സണ്ണിക്കുട്ടാ...പെടച്ചു....

ആ വേഷം മാറല്‍ അങ്ങട്‌ ബോധിച്ചു...

[ആ പെണ്‍പിള്ളേര്‍ ആക്കിചിരിച്ചത്‌ എന്തിനാണാവോ..]

Popular posts from this blog

അഭിലാലിന്റെ സംശയം

ഒരു ചാറ്റിംഗ് ദുരന്തം

തിരുവനന്തപുരത്തെ ലണ്ടനാക്കി മാറ്റുമോ???