ഡെന്നിച്ചന്‌റ്റെ വിവാഹം ഒരു വിപ്ലവം

ഡെന്നിച്ചന്‍ ഒരു പാവം പയ്യനാണ്. സൗദിയിലെ ഉയര്‍ന്ന ജോലിയും അതിനനുസരിച്ചുള്ള ശമ്പളവും. ജോലിയില്ലെങ്കിലും ജീവിക്കാനുള്ളത് റബ്ബറിന്റെ ഒട്ടുപാല്‍ വിറ്റാല്‍ കിട്ടും. . അതു മാത്രമല്ല, സ്വന്തമായി വീട്, അത്യാവശ്യം കൃഷിയിടം, ഠൗണില്‍ നാലുമുറി കട വാടകക്ക് കൊടുത്തിട്ടുണ്ട്. (വാടക അപ്പനാണ് മേടിക്കുന്നത്). ഇതൊക്കെ കുടുംബപരമായി കിട്ടിയതൊന്നുമല്ല. സ്വന്തം അധ്വാനത്തില്‍ നിന്നും ഉണ്ടാക്കിയതാണ്.

ഇങ്ങനെയൊക്കെയാണെങ്കിലും ഡെന്നിച്ചന്‍ സന്തോഷവാനല്ല. കാരണം വയസ്സ് മുപ്പത്തിമൂന്ന് കഴിഞ്ഞു. ഇതുവരെ കല്യാണം കഴിഞ്ഞിട്ടില്ല. അല്ലെങ്കില്‍ വീട്ടുകാര് കഴിപ്പിച്ചിട്ടില്ല. ഇരുപത്തി എട്ടാമത്തെ വയസ്സുമുതല്‍ കല്യാണത്തെക്കുറിച്ച് ചിന്തിച്ച് തുടങ്ങിയതാണ്. ഇതുവരെ സംഗതി നടന്നില്ല. ഓരോ വര്‍ഷവും അവധിക്ക് നാട്ടിലേക്ക് പെട്ടിനിറയെ പ്രതീക്ഷകളോടെയാണ് പോകുന്നത്. അവസാനം ലോകകപ്പ് കളിക്കാന്‍ പോയ ശ്രിശാന്തിനെ പോലെ തിരിച്ച് വരും

നാട്ടിലെത്തി കല്യാണമെന്ന് പറഞ്ഞാല്‍ അപ്പന്‍ അപ്പകയറി വെട്ടും.

"സമയമാകുമ്പോള്‍ ഞങ്ങള്‍ക്കറിയാം നടത്തി തരാന്‍, ഒരു കല്യാണം. നിന്റെ പാലായില്‍ കെട്ടിച്ച് വിട്ട ചേച്ചിയുടെ പുരപണി ഇതു വരെ കഴിഞ്ഞില്ല.പിന്നല്ലെ കല്യാണം. ആദ്യം കുടുംബത്തെ ബാധ്യതകളൊക്കെ തീര്‍ത്തിട്ട് മതി കല്യാണവും ചരടുകെട്ടുമൊക്കെ."

തിരുവായ്ക്ക് എതിര്‍‌വായില്ലന്നല്ലെ,

വര്‍‌ഷങ്ങള്‍ കഴിയുംതോറും ഡെന്നിച്ചന്‍ അടവുകള്‍ പലതും പയറ്റിനോക്കി. അറ്റാച്ച് ബാത്റൂം ഉണ്ടായിരുന്നിട്ടും പുറത്തെ കുളിമുറിയില്‍ കുളിച്ചിട്ട് നനഞ്ഞോട്ടിയ കുട്ടി തോര്‍ത്തുമുടുത്ത് അപ്പന്റെ മുന്നിലൂടെ നടന്നുകാണിച്ചു. പാലം കുലുങ്ങിയാലും കേളന്‍ കുലുങ്ങില്ലന്ന മട്ടില്‍ അപ്പനിരുന്നു. ഒരിക്കലൊരു മൂന്നാന് കാശുംകൊടുത്ത് ഡെന്നിച്ചന്‍ അപ്പന്റടുത്തേയ്ക്കയച്ചു. മൂന്നാന്‍ പെണ്ണിന്റെ ഗുണഗണങ്ങളോക്കെ വര്‍‌ണ്ണിച്ചു കഴിഞ്ഞപ്പോള്‍ അപ്പന്‍ പറഞ്ഞു,

"ഞങ്ങള്‍ അവനെ ഇപ്പോള്‍ അയക്കുന്നില്ല. അയക്കുമ്പോള്‍ പറയാം. അതുവരെ പെണ്ണിന്റെ വീട്ടുകാരു കാത്തിരിക്കുമോയെന്ന് ഒന്നു അന്വേഷിച്ചു വാ"

അങ്ങനെ ഡെന്നിച്ചന്റെ സ്വപനങ്ങള്‍ നീളം വച്ച് വച്ച് മുപ്പത്തിമൂന്ന് വയസ്സോളമെത്തിയപ്പോള്‍ അപ്പന്‍ പച്ചക്കൊടി കാണിച്ചു. ഡെന്നിച്ചന്‍ ഒരു മാസത്തെ എമെര്‍‌ജെന്‍സി ലീവില്‍ നാട്ടിലെത്തി. ഒരു ആഴ്ചകൊണ്ട് പെണ്ണുകാണണം, രണ്ടാമത്തെ ആഴ്ച കല്യാണം. പിന്നെ രണ്ടാഴ്ച അടിപോളി ജീവിതം, സ്വപ്നം കണ്ടതും, സ്വപ്നത്തില്‍ മെനഞ്ഞതുമെല്ലാം രണ്ടാഴ്ച കൊണ്ട് ഇമ്പ്ലിമെന്റ് ചെയ്യണം. ചിന്തകള്‍ വാഗാതിര്‍ത്തിയും കടന്ന് പോയി.

നാട്ടിലെത്തി മൂന്നാനെയും കൂട്ടി പെണ്ണുകാണാനിറങ്ങിയ ഡെന്നിച്ചനെ വിളിച്ച് അപ്പന്‍ പറഞ്ഞു,

"നിന്നെ ദാവണ്‍ഗരെ വിട്ട് പഠിപ്പിച്ച വകയില്‍ എനിക്ക് നല്ലൊരു കാശ് ചിലവായി, അതോര്‍മ്മവേണം"

ചായകുടിയും കടലക്കോറിപ്പുമായി വീടുവീടാന്തരം കയറിയിറങ്ങി നടന്നപ്പോള്‍ ഡെന്നിച്ചന്‍ ഒരു കാര്യം മനസ്സിലാക്കി. ഇത് പ്രതീക്ഷിച്ചയത്രയും ഈസിയല്ല. ഒരാഴ്ച കഴിഞ്ഞപ്പോള്‍, ചായകുടിച്ചും കയവറുത്തതും തിന്നും വയറ് കേടായതല്ലാതെ മറ്റ് പുരോഗതിയൊന്നുമുണ്ടായില്ല.

ഒരു ഞായറാഴ്ച കുരിശുവരപ്പും അത്താഴം കഴിക്കലും കഴിഞ്ഞിട്ട് കുടുംബാംഗങ്ങളുടെ ക്രൈസിസ് മാനേജ്മെന്റ് മീറ്റിംഗ് കുടി അടുത്ത പദ്ധതികളെക്കുറിച്ച് ചര്‍ച്ച ചെയ്തു. കാര്യം വേഗം നടക്കണമെങ്കില്‍ കുറച്ചൊക്കെ വിട്ടുവീഴ്ച വേണമെന്ന മൂത്ത പെങ്ങളോരു അഭിപ്രായം കാച്ചി. അക്കോര്‍ഡിം‌ഗ്‌ലി, എഞ്ചിനീയറിംഗ് കഴിഞ്ഞ് സര്‍ക്കര്‍ ജോലിയുള്ള പെണ്ണെന്ന മോഹം കളഞ്ഞ് സൗദിയില്‍ ജോലിയുള്ള നഴ്സോ അല്ലെങ്കില്‍ നഴ്സിന്‍‌ങ്ങ് പഠിച്ചവളൊ മതിയെന്ന ധാരണയില്‍ മീറ്റിംഗ് പിരിഞ്ഞു.

"നീ ഏവളെ കെട്ടിയാലും എനിക്കൊന്നുമില്ല. അനുഭവിക്കുന്നത് നീയല്ലേ, പക്ഷെ ജോര്‍ജ്ജ് കുട്ടിയിലൊരു അണുകിട വ്യത്യാസം വരുത്താന്‍ ഞാന്‍ സമ്മതിക്കുവേല." അപ്പന്റെ സ്റ്റാന്‍ഡില്‍ മാറ്റമില്ല്.

സൗദി നഴ്സ് മാര്‍ക്ക് സൗദിയിലുള്ള ചെറുക്കന്മാരെ വേണ്ടായെന്ന നഗ്ന സത്യം അപ്പോഴാണ് ഡെന്നിച്ചന് മനസ്സിലായത്. അവള് മാര്‍ക്ക് യുക്കെയും യുസ് ഒക്കെ മതി.

ഇനി എന്ത്? ലീവും തിരാറായി. ഡെന്നിച്ചന്‍ വീണ്ടും ചില വിട്ട് വീഴ്ചകള്‍ക്ക് തയ്യാറായി. നഴ്സും ഡോക്ടറും ഒന്നും വേണ്ട. ഒരു ടീച്ചറൊ ബിയെഡ് കഴിഞ്ഞവളോ മതി. അവിടെയും വിധി ഡെന്നിച്ചനെതിരായിരുന്നു. ടീച്ചര്‍മാര്‍ക്കും ബിയെഡ് കഴിഞ്ഞവര്‍ക്കും നാട്ടില്‍ ജോലിയുള്ളവരെ മതി, ഒരു നാലാം ഗ്രേഡ് ജോലിക്കാരനായാലും സര്‍ക്കാരുദ്യോഗസ്ഥരെ മതി. ഡെന്നിച്ചന്‍ പിന്നേയും താഴോട്ടിറങ്ങി, ഒരു മരക്കൊമ്പില്‍ സാരി ചുറ്റി വച്ചാല്‍ പോലും അതിനെ കെട്ടാന്‍ തയ്യാറാണെന്ന ലെവലിലേക്ക്.

ഭാഗ്യം. കൊന്നതെങ്ങ് പോലെ പൊക്കമുള്ള ഒരെണ്ണത്തിനെ മൂന്നാന്‍ കണ്ടെത്തി. ചായകുടിയും ലഡു തീറ്റയും കഴിഞ്ഞപ്പോള്‍ ഡെന്നിച്ചനും ലവ്ളൂം സംഭാഷണത്തിലേര്‍പ്പെട്ടു,

എന്താ പേര്?

ഓ! ഒരു പേരിലെന്തിരിക്കുന്നു?

അതു ഷേക്സ്പിയര്‍ പറഞ്ഞതല്ലെ?

ആരാ ഷേക്സ്പിയര്‍?

ഒരു സ്വാതന്ത്ര്യ സമര സേനാനിയാ.

അതേയോ? എനിക്ക് ഹിസ്റ്ററി ഇഷ്ടമല്ലായിരുന്നു.

പേര് പറഞ്ഞില്ല.

ചാച്ചന് കേട്ടേ പറ്റുളെങ്കില്‍ പറയാം....

എന്നാ പറ.

ഡാലിയ.

അതൊരു ചെടിയുടെ പേരല്ലെ?

ഇയ്യാള്‍ക്ക് എന്റെ പേരാണൊ അറിയേണ്ടത് അതൊ ചെടിയുടെ പേരോ?

ഓക്കെ! ഓക്കെ! ഞാന്‍ ചുമ്മാ തമാശക്ക്,

അധികം തമാശ എനിക്കിഷ്ടമല്ല. അതും എന്നെ കളിയാക്കുന്നത്.

പോട്ടെ മോളെ, ഇനി പറയില്ല.

മോളൊ? മൊളെന്ന് വിളിക്കാന്‍ താനെന്റെ അപ്പനാണോ? അതൊ പെണ്ണൂ കാണാന്‍ വന്നതാണോ?

പെണ്ണു കാണാന്‍.

എന്നാല്‍ ആ രീതിയില്‍ സംസാരിച്ചാല്‍ മതി.

ശരി! എന്നാ എസ് എസ് എല്‍ സി പാസായത്?

തനിക്കെന്റെ വയസ്സറിയണമെങ്കില്‍ നേരെ ചെവ്വെ ചോദിച്ചാല്‍ പോരെ, എന്തിനാ വളഞ്ഞ വഴിയിലൊരു ചോദ്യം.

എന്നാല്‍ എത്ര വയസ്സായി?

അതെന്റെ അപ്പനോട് പിന്നിട് ചോദിച്ചോളു. അപ്പം മൂന്നാനോട് പറഞ്ഞ് വിട്ടോളും.

ശരി!, എന്നോടോന്നും ചോദിക്കാനില്ലെ?

ഉണ്ടല്ലോ?

എന്നാല്‍ ചോദിച്ചോളു.

എത്ര രുപാ ശമ്പളം കിട്ടും?

അത്യാവശ്യം നല്ല ശമ്പളമുണ്ട്.

എന്നാലും എത്ര വരും? ഒരു ലക്ഷം കിട്ടൊ?

ഏതാണ്ട്.

കല്യാണം കഴിഞ്ഞാല്‍ എന്നെ കുടെ കൊണ്ട് പോകുമൊ?

കൊണ്ട് പോകാം.

എവിടെ?

പുറത്ത് പോകുമ്പോഴും സിനിമയ്ക്ക് പോകുമ്പോഴുമൊക്കെ.

അതല്ല ചോദിച്ചത്?

പിന്നെ?

എന്നെ സൗദിയ്ക്ക് കൊണ്ട് പോകുമോയെന്ന്.

ഉടനെയില്ല. ആറ് മാസം കഴിഞ്ഞിട്ട്.

എന്നാല്‍ താന്‍ പോയിട്ട് ആറ് മാസം കഴിഞ്ഞ് വാ. അപ്പോള്‍ കെട്ടാം. എന്നെ വേറെ ആരും കെട്ടിക്കൊണ്ട് പോയില്ലെങ്കില്‍.

അതവിടെ അവസാനിച്ചു. ഡെന്നിച്ചന്‍ കുടിച്ച ചായയുടെ കാശ് മേടിക്കതെ ആ വീട്ടീന്ന് ഇറക്കിവിട്ടത് തന്നെ ഭാഗ്യം. പിന്നേയും ഡെന്നിച്ചന്‍ പല പെണ്‍കൊടികളെ കണ്ടെങ്കിലും സൗദിയിലോട്ട് പോകാന്‍ പെണ്‍കുട്ടികള്‍ക്കും താല്പര്യമില്ല, അങ്ങോട്ട് വിടാന്‍ അവരുടെ അപ്പന്മാര്‍ക്കും. ഒരുത്തിയുടെ അപ്പന്‍ ഡെന്നിച്ചന്റെ മുഖത്ത് നോക്കി പറഞ്ഞു,

"എന്റെ മോളെ നിന്നെക്കൊണ്ട് കെട്ടിച്ച് സൗദിയിലോട്ട് വിടുന്നതിലും നല്ലത് അവളെ, കല്ലുകെട്ടി കടലില്‍ താഴ്ത്തും"

എന്നാല്‍ പിന്നെ തന്റെ മോളെ ബിന്‍ലാദനെ കൊണ്ട് കെട്ടിച്ച് അഫ്ഗാനിസ്ഥാനിലോട്ട് വിടു എന്ന് പറയാന്‍ നാവ് തരിച്ചെങ്കിലും, ചുറ്റുപാട് അതിനനുവദിക്കാത്തതിനാല്‍ പറഞ്ഞില്ല.

ഡെന്നിച്ചന്റെ എമെര്‍ജെന്‍സി ലീവ് തീരുന്നത് വരെ ഒരു പെണ്ണും അവനെ കെട്ടാന്‍ തയ്യാറായില്ല. ബാക്ക് റ്റു സൗദി. തിരിച്ചുള്ള യാത്രാ വേളയില്‍ ഡെന്നിച്ചന്‍ എങ്ങനെ കല്യാണം കഴിക്കാന്‍ എന്നതിനെക്കുറിച്ച് ഗാഢമായി ചിന്തിച്ചു. ഒരു സൗദിക്കാരനെന്ന നിലയില്‍ തനിക്ക് ആഗ്രഹിച്ച രീതിയിലൊരു പെണ്ണ് കിട്ടില്ല. ഇനി ഈ ജോലി കളഞ്ഞിട്ട് വല്ല ദുഫായിയോലോ മറ്റെവിടെയെങ്കിലുമോ ജോലി അന്വേഷിക്കണം. നല്ലൊരു ജോലി അവിടൊക്കെ കിട്ടാനും ബുദ്ധിമുട്ടാണ്. അതൊക്കെ കിട്ടി ഒന്ന് നോര്‍മലൈസു ചെയ്തു വരുമ്പോഴേക്കും മൂക്കില്‍ പല്ല് കിളിര്‍ക്കും. ദെന്‍ വാട്ട്?

പെട്ടെന്നാണ് ഡെന്നിച്ചന്റെ തലയില്‍ ഒരു രൂപം തെളിഞ്ഞ്‌വന്നത്. അന്തപ്പന്‍. ഒരു കാലത്ത് തന്റെ ഉപദേശിയും ഗുരുസ്ഥാനീയനുമൊക്കെ ആയിരുന്ന സാക്ഷാല്‍ അന്തപ്പന്‍. അന്തപ്പന്‍ ഇപ്പോള്‍ കസാഖ്സ്ഥാനിലാണ്. കുറേക്കാലമായി അന്തപ്പനുമായി വലിയ കോണ്‍‌ടക്ട് ഒന്നും ഇല്ലെങ്കിലും ഈ നിസ്സാഹായവസഥയില്‍ തന്നെ സഹായിക്കാതിരിക്കില്ല. ഒന്നുമല്ലെങ്കിലും അന്തപ്പന്‍ സൗദിയില്‍ ജോലിചെയ്യുന്ന കാലത്ത്, കുറേക്കാലം ജോലിക്കഴിഞ്ഞ് വന്നാല്‍ ഉറങ്ങുന്നതുവരെ അന്തപ്പന്റെ കത്തി സഹിച്ചതല്ലെ? അന്തപ്പന്‍ പറയുന്നതെല്ലാം ശുദ്ധപോക്രിത്തരമാണെങ്കില്‍ പോലും ചുമ്മാ തലക്കുലുക്കി സമ്മതിക്കുകയും മൂളി കേള്‍ക്കുകയും ചെയ്തതല്ലെ? ആ ഒരു സ്നേഹം കാണാതിരിക്കില്ലല്ലൊ?

അന്തപ്പന്‍ ഡെന്നിച്ചന്റെ വിളി കേട്ടു. സഹായിക്കാമെന്നേറ്റു. ഏല്‍ക്കുക മാത്രമല്ല, സഹായിച്ചു. ഡെന്നിച്ചന്‍ കസാഖ്സ്ഥാനിലെത്തി. ഇരുപത്തിയെട്ട് ദിവസം ജോലി ഇരുപത്തിയെട്ട് ദിവസം അവധി. ഇനി ഏത് പെണ്ണിനേയും കയറിമുട്ടാം. ഏതവളുടെ അപ്പനോടും ധൈര്യമായിപെണ്ണു ചോദിക്കാം.

കസാഖിലെ ജിവിതം ഡെന്നിച്ചന് നരകത്തില്‍‍ നിന്നും സ്വര്‍ഗ്ഗത്തിലെത്തിയ പ്രതീതി നല്‍കി. കുടെ ജോലിചെയ്യാന്‍ അതിസുന്ദരിമാരായ തരുണീമണികള്‍. അവരണിഞ്ഞിരിക്കുന്ന വസ്ത്രങ്ങള്‍, പണ്ട് സൗദിയിലെ ലേഡിസ് ഷോപ്പുകളീല്‍ കണ്ടിട്ടുള്ളവയാണെങ്കിലും ഒരിക്കല്‍ പോലും അതൊന്നും അണിഞ്ഞ് ഒരുത്തിയേയും കണ്ടിട്ടില്ല. എങ്ങനെ കാണൂം. അതൊക്കെ ധരിച്ച് നടക്കണമെന്ന് അറബി പിള്ളേര്‍ക്ക് ആഗ്രഹമുണ്ടെങ്കിലും മുത്തവ മാരു സമ്മതിക്കുകേലല്ലൊ? ഇതൊക്കെ ഇട്ടിട്ട് ഇതിന് മുകളില്‍ പര്‍ദ എന്ന കറുത്ത കുപ്പായവും ഇട്ടോണ്ടല്ലെ നടപ്പ. പിന്നെ എന്ത് കാണാന്‍ എന്ത് കാണിക്കാന്‍.

കസാഖ് പെണ്‍കിടാങ്ങളുടെ നടപ്പും കൊഴുപ്പും ഡെന്നിച്ചന്റെ മനസ്സില്‍ പലപ്പോഴും പലവിധവികാരങ്ങളുടേയും വേലിയേറ്റമുണ്ടാക്കി. തക്ക സമയത്ത് അന്തപ്പന്‍ ഇടപെട്ട് ബണ്ട് പൊട്ടിച്ചുകൊണ്ടിരുന്നതിനാല്‍ വലിയ വലിയ ദുരന്തങ്ങളുണ്ടായില്ല. ഡെന്നിച്ചനെ കുറ്റം പറഞ്ഞുകൂട, ഒന്നാമത് പ്രായം. കുറേക്കാലമായി കൊണ്ട്നടക്കുന്ന സഫലീകരിക്കാത്ത സ്വപ്നങ്ങള്‍. എന്തെങ്കിലും ചോദിക്കാനോ പറയാനോ ഉണ്ടെങ്കില്‍ എല്ലം കുടികൊണ്ട് വന്ന് ചുമലിലോട്ട് ചാരിയിട്ട് സംസാരിക്കുന്ന പെണ്‍പിള്ളേര്. മുന്നില്‍ വന്ന് നിന്ന് സാം‌സാരിച്ചാലോ, മുന്നില്‍ വന്ന് മേശമേല്‍ കൈകുത്തി മുന്നോട്ടാഞ്ഞ് നില്‍ക്കും. എത്ര കണ്ട്റോള്‍ ചെയ്താലും അവളുമാരുടെ മുഖത്ത് നോക്കി സംസാരിക്കാന്‍ പറ്റില്ല. പറഞ്ഞാല്‍ കേള്‍ക്കാത്ത കണ്ണ് മുഖത്ത് നിന്ന് വഴുതി തഴോട്ട് പൊയ്ക്കളയും. ബാച്ചികള്‍ക്കാനന്ദിക്കാന്‍ ഇനിയെന്ത് വേണം. ജോയിച്ചന്റെ ഭാഷയില്‍ പറഞ്ഞാല്‍,

"ഇവളുമാരു പണികളയിപ്പിക്കും". .

ഒരു വീക്കെന്റില്‍ രണ്ട് ബിയറടിച്ച് ഫിറ്റായ ചുരുളീധരന്‍ ഒരു മലയാള കവിത ചൊല്ലി. മലയാളിപ്പെണ്ണീന്റെ രൂപഭം‌ഗി വര്‍ണ്ണീക്കുന്ന കവിത ചൊല്ലിത്തീരും‌മുമ്പ് ഡെന്നിച്ചന്‍ അലറി,

"നിര്‍ത്തെടോ ഒരു വര്‍ണ്ണന. ആ കവിതയെഴുതിയ നാറിയോട് ചെന്ന് പറ, പെണ്ണിനെ കാണണമെങ്കില്‍ ഇങ്ങോട്ട് വരാന്‍. എന്നിട്ട് എഴുതാന്‍ പറേഡോ തന്റെ ആ തെണ്ടീ കവിയോട് പെണ്ണിന്റെ ചന്തത്തെക്കൂറിച്ച്".

ഇരുപത്തിയെട്ട് ദിവസത്തെ കസാഖ് ജീവിതം കഴിഞ്ഞ് തിരിച്ച് നാട്ടിലെത്തിയ ഡെന്നിച്ചന്റെ സൗന്ദര്യ സങ്കല്പം ആകെ മാറി. അപ്പനും മൂന്നാനും കൂടികൊണ്‍ടുവരുന്ന പെണ്ണിനെ പോയി ഡെന്നിച്ചന്‍ കാണും. പക്ഷെ, ഒന്നിനേയും പിടിക്കുന്നില്ല.

പതിവ് കുടുംബ സംഗമത്തില്‍ മൂത്ത അളിയന്‍ ഡെന്നിച്ചനോട് ചോദിച്ചു,

""ഇനി നീ പറ, എങ്ങനെയുള്ള പെണിനെ നിനക്ക് വേണം"???

ഡെന്നിച്ചന്‍ പറഞ്ഞു, "എനിക്ക് ചില സങ്കല്പങ്ങളൊക്കെയുണ്ട് ഞാന്‍ കെട്ടുന്ന പെണ്ണിനെക്കുറിച്ച്, അവള്‍, പിന്നില്‍ നിന്ന് നോക്കുമ്പോള്‍ ഐനൂറിനെ പോലെയിരിക്കണം, മുന്നില്‍ നിന്നാകുമ്പോള്‍ അനാരയെപോലെയും. അവള്‍ക്ക് ഗുല്‍ഷാനെപ്പോലെയുള്ള കണ്ണുകളുണ്ടായിരിക്കണം. അവള്‍ ചിരിക്കുമ്പോള്‍ അലിയയെ പോലെയിരിക്കണം. മറീനയുടെ മൂക്ക്, നസ്ഗുളിന്റെ കവിള്‍, നടാലിയയുടെ പൊക്കം, ഐഗുളിന്റെ നിറം."

ഒന്ന് നിര്ത്തിയിട്ട് ഡെന്നിച്ചന്‍ ചോദിച്ചു,

"എന്താ അളിയാ അങ്ങനെയൊരെണ്ണത്തിനെ കണ്ടെത്താന്‍ പറ്റൊ?"

അളിയന്‍ ഫ്ലാറ്റ്.

"നീ എങ്ങനെയുള്ളവളെ കെട്ടയാലും എനിക്കൊന്നുമില്ല. പക്ഷെ നിന്നെ ദാവണ്‍ഗരെ വിട്ട് പഠിപ്പിച്ച് കാര്യം മറക്കണ്ട" അപ്പന്‍ ഇപ്പോഴും പഴയ അപ്പന്‍ തന്നെ.

ആളിയന്മാരും ആങ്ങളമാരും മഷിയിട്ട് നോക്കിയിട്ടും അങ്ങനെയൊരാളെ കണ്ടെത്താനായില്ല. ഡെന്നിച്ചന്‍ തിരിച്ച് വിണ്ടും കസാഖില്‍ വണ്ടിയിറങ്ങി. ഇപ്രാവശ്യം ഡെന്നിച്ചന്‍ നിരാശനോ പരവേശനോ അല്ലായിരുന്നു. ഇത്രയും കാലം കാത്തു, ഇനി ഒത്തിണങ്ങിയ ഒന്നിനെ കിട്ടുന്നത് വരെ കാക്കാം.

ഓഫീസിലെത്തിയ ഡെന്നിച്ചന്‍ കണ്ട കാഴ്ച സ്വന്തം കണ്ണുകള്‍ക്ക് പോലും വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ഡെന്നിച്ചന്റെ കൂടെ ഓഫീസ് ഷെയര്‍ ചെയ്തിരുന്ന മംഗോളിയന്‍ ലുക്കുള്ള കയര്‍ബെക്ക് എന്ന കസാക്കിയെ മാറ്റിയിട്ട് പകരം ഡോക്കുമെന്റ് അസിസ്റ്റന്‍ഡ് അര്‍ദക്ക് ഉസ്കിന്‍ബയേവ എന്ന സുന്ദരിയെ പ്രതിഷ്ഠിച്ചിരിക്കുന്നു. കഴിഞ്ഞ റൊട്ടേഷനില്‍ ഈ സുന്ദരിയെ ഒന്നു മുട്ടാന്‍ കുറെ വട്ടമിട്ട് നടന്നത, ഇപ്പോഴിത കണ്മുന്നില്‍. തേടിയ സ്റ്റ്ട്രാപ്ലര്‍ മേശവലിപ്പില്‍ കണ്ടതുപോലെ. പിന്നെ ഒന്നും ആലോചിച്ചില്ല. ഓഫീസിലിരുന്ന് കൊറിക്കാനായി ദുബായി ഡ്യുട്ടി ഫ്രീ ഷോപ്പില്‍ നിന്നും മേടിച്ച്കൊണ്ട് വന്ന ഒരു കിലോ കശുവണ്ടി പരിപ്പ് അര്‍ദക്കിന് കൊടുത്തു തുടക്കം കൊറിച്ചു. അണ്ടീപ്പരിപ്പിന് പകരം ബദാം കൊണ്ടുവരേണ്ടതായിരുന്നുവെന്ന് ഡെന്നിച്ചന്‍ ഓര്‍ത്തു.

ഓഫീസ് ഡോര്‍ മലര്‍ക്കെ തുറന്നിരുന്ന് കോറീഡോറിലൂടെ പോകുന്ന പെണ്‍കുട്ടികളൂടെ സൗന്ദര്യം ആസ്വദിച്ചിരുന്ന ഡെന്നിച്ചന്‍, അര്‍ദക്കിനെ കിട്ടിയ ശേഷം വാതില്‍ പേരിനു വേണ്ടീ മാത്രം അല്പം തുറന്നുവച്ചു. ആരും തെറ്റിദ്ധരിക്കരുതല്ലൊ.!

ചുരുക്കിപ്പറയട്ടെ, കശുവണ്ടിപ്പരിപ്പില്‍ തുടങ്ങിയ ആ പരിചയം സായം സന്ധ്യകളീലെ മില്ലെര്‍ ബിയറിലും ഇറ്റാലിയന്‍ വൈറ്റ് വൈനിലും വരെയെത്തി. ഇരുപത്തിയെട്ട് ദിവസം കഴിഞ്ഞ് നാട്ടിലെത്തിയ ഡെന്നിച്ചന്റെ കൂടെ അവളുമെത്തി.

അപ്പന്‍ കത്തിക്കയറി, "കൊല്ലും ഞാന്‍ രണ്ടീനേയും, ഇപ്പ ഇറങ്ങണം എന്റെ കുടുംബത്തീന്ന്. നിന്നെ ദാവണ്‍ഗരെ വിട്ട് പഠിപ്പിക്കാന്‍ എന്ത കാശാടാ ഞാന്‍ മുടക്കിയതു. അതിന്റെ പലിശയെങ്കലും മുതലാകുന്ന ഒരെണ്ണത്തിനെ കെട്ടാന്‍ മേലായിരുന്നോടാ നിനക്ക്, നിനക്കിനി ഈ കുടുംബത്ത് സ്ഥാനമില്ല. ഞാനിങ്ങനെയൊരെണ്ണത്തിനെയുണ്ടാക്കിയിട്ടില്ലെന്ന് കരുതിക്കോളാം".

നനഞ്ഞിടം കുഴിക്കുന്ന മൂത്ത അളിയന്‍ പെണ്ണുമ്പിള്ളായെ നോക്കി കണ്ണിറുക്കി. പെങ്ങള്‍ക്ക് കാര്യം മനസ്സിലായി. പെങ്ങള്‍ കൃത്യമായി സാഹചര്യം ചൂഷണം ചെയ്തു.

"അപ്പനവരെ ഇവിടെ കയറ്റിയില്ലെങ്കില്‍, ഞാന്‍ അവരെ പാലായില്‍ എന്റെ വീട്ടില്‍ കൊണ്ട് പോകും".
ചേച്ചി ഒറ്റക്ക് കാര്യം സാധിക്കണ്ടായെന്ന് മനസ്സില്‍ പറഞ്ഞ് ഇളയ പെങ്ങളും കൊടുത്തു ഒരു ഒഫര്‍ അവരുടെ വീട്ടിലേക്ക്.

പെണ്മക്കളുടെ സ്വഭാവം നന്നായറിയാവുന്ന അമ്മച്ചി പ്രാക്ടിക്കലായി. കൊന്തയും കുരിശുമൊക്കെ കൊണ്ട് വന്ന് മകനേയും മരുമോളേയും അകത്തേക്ക് കടത്തി.

അപ്പനു പിന്നെ ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. ക്യാപ്റ്റന്‍സി നഷ്ടപ്പെട്ട് പന്ത്രണ്ടാമനായി വെള്ളം കൊണ്ടുവരുന്ന കളിക്കാരനെപ്പോലെ അപ്പനും ടീമിനോപ്പം ചേര്‍ന്നു.

ഇതവരുടെ ആദ്യ രാത്രിയല്ലന്ന് അളിയന്മാര്‍ക്കറിയാമെങ്കിലും, ഈ വീട്ടില്‍ ആദ്യമായാണല്ലൊ? ഒന്നിനും ഒരു കുറവും വരരുത്. മുല്ല പുവും പിച്ചി പൂവും കൊണ്ട് മണിയറ ഒരുങ്ങി. താലത്തില്‍ സകലവിധ പഴങ്ങളൂം - ഒപ്പം ഒരു തേങ്ങയും. അതപ്പന്‍ വച്ചതാ - പുള്ളിക്കാരന്റെ പ്രതിഷേധം.

ഡെന്നിച്ചനും അര്‍ദക്കും മണിയറയില്‍ കയറി കതകടച്ചതും മുത്ത് പെങ്ങള്‍‌ ഒരു ഗ്ലാസ്സ് പാലുമായി വന്നു കതകില്‍ മുട്ടി. കതക് തുറന്ന് അര്‍ദക്കിന്റെ കയ്യിലേക്ക് പാലു കൊടുത്തിട്ട് പെങ്ങളു തന്നെ ഒരു കള്ള ചിരിയോടെ പുറത്ത് നിന്ന് വാതില്‍ അടച്ചു കൊടുത്തു. പാലും കയ്യില്‍ പിടിച്ച് ഒരു ചോദ്യഭാവത്തില്‍ അര്‍ദക്ക് ഡെന്നിച്ചനെ നോക്കി. ഇതിവിടത്തെ ഒരു രിതിയാണെന്നും പാലിന്റെ പകുതി ഞാന്‍ കുടിച്ചിട്ട് ബാക്കി താന്‍ കുടിക്കണമെന്നുമൊക്കെ ഡെന്നിച്ചന്‍ പറഞ്ഞ് മനസ്സിലാക്കികൊടുത്തു.

ഡെന്നിച്ചന്‍ പറഞ്ഞ് തീര്‍ന്നതും ലവള്‍ പാലെടുത്ത് ജനാലയിലൂടെ പുറത്തേക്കോഴിച്ചു. എന്നിട്ട് ബാഗ് തുറന്ന് ഒരു ബിയറെടുത്ത് ഓപ്പണ്‍ ചെയ്ത് പാലു കൊണ്ടുവന്ന ഗ്ലാസ്സിലേക്കൊഴിച്ചു. ഗ്ലാസ്സ് നിറഞ്ഞ് ബാക്കി വന്ന ബിയര്‍ കുപ്പിയോടെ ഡെന്നിച്ചന്റെ കയ്യില്‍ കൊടുത്തു. അര്‍ദക്ക് ബിയറെടുത്ത് ഡെന്നിച്ചന്റെ കയ്യിലിരുന്ന കുപ്പിയിലൊന്ന് മുട്ടിച്ച് പിന്നെ ഒറ്റ വലി.

"സ്പോക്കൊയിനോയി നൊച്ചി" (ഗുഡ് നൈറ്റ്)

അത്രയും പറഞ്ഞ് അവള്‍ കട്ടിലില്‍ കയറി ചുരുണ്ടുകിടന്നുറങ്ങി. ഡെന്നിച്ചന്‍ കട്ടിലിന്റെ ഒരറ്റത്ത് നീണ്ട് നിവര്‍ന്നും കിടന്നു.

ഡാനനനനനനി"

അലര്‍ച്ചകേട്ട് ഡെന്നിച്ചന്‍ ചാടിയെഴുന്നേറ്റു. വിളി കേട്ട ഭാഗത്തേക്ക് നോക്കി. ടോയ്‌ലറ്റില്‍ നിന്നാണ്. ലവളിനി അതിനകത്ത് പോയോ? ഓടിചെന്ന് കതക് തുറന്ന് നോക്കി. അവളൊരു വല്ലാത്ത രൂപത്തില്‍ നില്‍ക്കുന്നു.

"ഗ്ഡെ സല്‍‌ഫെട്ക" (ടിഷ്യു പേപ്പര്‍ എവിടെടോ)

ഇക്കാര്യത്തില്‍ ഇവള്‍ വെള്ളം തൊടാറില്ലെന്ന സത്യം അപ്പോഴാണ് ഡെന്നിച്ചന്‍ ഒര്‍ത്തത്. ഈ സമയത്ത് എവിടെപ്പോയി ടിഷ്യു പേപ്പര്‍ ഉണ്ടാക്കാന്‍. അവനോരു വെള്ള തോര്‍ത്തെടുത്ത് കൊടുത്തു. അവളത് മേടിച്ച് ചുരുട്ടി അവന്റെ മുഖത്തേക്കെറിഞ്ഞിട്ട് പറഞ്ഞു,

"ദായ് സ്‌വോയേമു ഒറ്റ്സു"

അവളത് മുഖത്തേക്കെറിഞ്ഞതിലോ അപ്പനു വിളിച്ചതിലോ ഉള്ള പ്രതികരണം അറിയിക്കാനുള്ള സമയമല്ലിതെന്ന് ഡെന്നിച്ചന്‍ മനസ്സിലായി. അറ്റ് എനി കോസ്റ്റ് പേപ്പര്‍ സം‌ഘടിപ്പിച്ച് കൊടുകണം, അല്ലെങ്കില്‍ ആകെ "നാറും".

ഡെന്നിച്ചന്‍ പുറത്തേക്കോടി. ആദ്യം കണ്ടത് സിറ്റൗട്ടില്‍ കട്ടനും കുടിച്ച് കുത്തിയിരുന്ന പത്രം വായിക്കുന്ന അപ്പനെയാണ്. ഓടിചെന്ന് അപ്പന്‍ വായിച്ചുകൊണ്ടിരുന്ന രാവിലത്തെ ചുടന്‍ പത്രമെടുത്ത് ഫ്രണ്ട് പേജ് നെടുകെ കീറി ചുരുട്ടിയെടുത്ത് കൊണ്ട് വന്ന് ലവള്‍ക്ക് കൊടുത്തു. അവളത് മേടിച്ച് ഡെന്നിച്ചനെ രൂക്ഷമായിട്ടൊന്ന് നോക്കിയിട്ട് വാതിലടച്ചു.

ചെറുക്കന്‍ രാവിലേ പത്രം വലിച്ചു കിറിയതിന്റെ കഥയറിയാതെയും ലാവ്‌ലിന്‍ കേസ് എന്താകും എന്ന വാര്‍ത്ത വായിച്ച് തീര്‍ക്കാത്തതിന്റേയും ദുഃഖ ഭാരത്താല്‍ ഒരു കുറ്റി ബീഡിയും പുകച്ച് ആകാശത്തേക്ക് നോക്കി വിഷണ്ണനായി നില്‍ക്കുകയായിരുന്നു അപ്പന്‍.

"ദോബ്രയേ ഊത്ര" (ഗുഡ് മോണിം‌ഗ്) "കാക് ദേല ഊത്ര" (രാവിലെ എന്ത ചുറ്റിക്കളി)

ശബ്ദം കേട്ട ഭാഗത്തേക്ക് അപ്പന്‍ തിരിഞ്ഞു നോക്കി. സ്വന്തം മരുമകള്‍ ഒരു നൈറ്റ് ഗൗണുമിട്ട് തൊട്ടരികില്‍. ചുണ്ടില്‍ ഒരു നീളം കൂടിയ വെള്ള കളറിലുള്ള ഈര്‍ക്കില്‍. കസാഖികളൂം നാക്ക് വടിക്കുന്നത് ഈര്‍ക്കില്‍ കൊണ്ടാണോ എന്ന് മനസ്സിലോര്‍ത്ത് നിന്ന അപ്പന്റെ ചുണ്ടില്‍ നിന്നും ബീഡിയെടുത്ത് അവളാ ഈര്‍ക്കില്‍ കത്തിച്ചിട്ട് ബീഡി അപ്പന്റെ ചുണ്ടീല്‍ തിരികെ ഫിറ്റ് ചെയ്തു. അവളുടെ ചുണ്ടിലിരിക്കുന്നത് നാക്കുവടിക്കാനുള്ള ഈര്‍ക്കിലല്ലെന്നും അതൊരു സിഗററ്റാണെന്നും അപ്പന്‍ മനസ്സിലാക്കിയപ്പോഴേക്കും രണ്ട് പുക പുറത്തേക്ക് വിട്ട് ആകാശത്തേക്ക് നോക്കികൊണ്ട് അവള്‍ പറഞ്ഞു,

" ഖോറോഷായാ പോഗോഡ" (നല്ല കാലാവസ്ഥ)

ബീഡി കത്തി തീര്‍ന്ന് ചുണ്ടീല്‍ ചൂടടിച്ചപ്പോഴാണ് അപ്പന് സ്ഥലകാല ബോധമുണ്ടായത്.

അമ്മച്ചി ഇഡ്ഡലിയും ചമ്മന്തിയും ഉണ്ടാക്കിവച്ചിട്ട് എല്ലാവരേയും പ്രാതല്‍ കഴിക്കാന്‍ വിളിച്ചു. മരുമകള്‍ക്ക് സിഗററ്റ് കത്തിച്ചു കൊടുത്ത ലോകത്തെ ആദ്യത്തെ അമ്മായപ്പന്‍ സ്ഥാനം കരസ്ഥമാക്കിയ കാരണവര്‍ മാത്രം മരുമോളുടെ കുടെയിരുന്ന് ഭക്ഷണം കഴിക്കാന്‍ മടികാണിച്ചു. എല്ലാം ശരിയാക്കം എന്ന് അമ്മച്ചി വാക്കു കൊടുക്കുകയും നിര്‍ബന്ധിക്കുകയും ചെയ്തപ്പോള്‍ അപ്പന്‍ തീരുമാനം മാറ്റി ഡൈനിംഗ് ടേബിളിലെത്തി.

കുടുംബാം‌ഗങ്ങളെല്ലാം കാസറോളില്‍ നിന്നും ആവി പറക്കുന്ന ഇഡ്ഡലിയെടുത്ത് ചമ്മന്തിയും കൂട്ടി കുഴച്ച് അടിക്കുന്നത് കണ്ടപ്പോള്‍ അര്‍ദക്ക് അവഞ്‌ജ്‌യോടെ ഡെന്നിച്ചനെ നോക്കി ചോദിച്ചു.

"ഗ്ഡെ നോഷ് ഐ വില്‍ക്ക" (കത്തിയും മുള്ളും ഒന്നും ഇല്ലേടൊ)

അടുത്ത പ്രതിസന്ധി. ഡെന്നിച്ചന്‍ ഒന്നാലോചിച്ചു. പിന്നെ അടുക്കളയിലേക്കോടി. കയ്യില്‍ കിട്ടിയത് കറിക്കത്തിയും പപ്പടം കുത്തിയും. തല്‍ക്കാലം ഇത് കൊണ്ട് അഡ്ജസ്റ്റ് ചെയ്യാന്‍ പറഞ്ഞുകൊണ്ട് അത് അര്‍ദക്കിനെ ഏല്പിച്ചു. അര്‍ദക്ക് ഒരു ഇഡ്ഡലിയെ പപ്പടം കുത്തികൊണ്ട് കുത്തിപ്പിടിച്ചിട്ട് കറിക്കത്തികൊണ്ട് നാലായി മുറിച്ചു മാറ്റി. നാലില്‍ ഒരു ഭാഗം പപ്പടം കുത്തികൊണ്ട് കുത്തിയെടുത്ത് ചമ്മന്തിയില്‍ മുക്കി വയ്ക്കുള്ളിലേക്ക് വച്ചു. വായ്ക്കുള്ളീല്‍ വച്ച ഒന്നു ചവച്ചു, പിന്നെ ഒരലര്‍ച്ചയോടെ പുറത്തേക്കൊരു തുപ്പല്‍ - ഇഡ്ഡലിയുടെ പീസുകള്‍ നേരെ പോയി ലാന്‍ഡ് ചെയ്തത് അപ്പന്റെ മുഖത്ത്.

ഡെന്നിച്ചന്‍ പകച്ചു. അപ്പനെ നോക്കി. അര്‍ദക്കിനെ നോക്കി, അവള്‍ പറഞ്ഞു,

"എറ്റോ സ്ലിഷ്കോം ഒസ്റ്റ്റൊ" (ഇതിന് ഭയങ്കര എരിവ്)

വീണ്ടും അമ്മച്ചി മധ്യസ്ഥ സ്ഥാനം ഏറ്റെടുത്തു. കാര്യങ്ങള്‍ കൈവിട്ടു പോകാതെ നോക്കി. അപ്പന്‍ തീറ്റ മതിയാക്കി എഴുന്നേറ്റു പോയി ബീഡി കത്തിച്ചു വലിച്ചു. ഗണപതിക്ക് വച്ചത് കാക്ക കൊണ്ടുപോയി എന്ന രീതിയില്‍ മറ്റുള്ളവരും.

പുറത്ത് വെയിലുറച്ചു. അപ്പന്‍ ഹാളിലിരുന്നു തമിഴ് സിരിയലിന്റെ മലയാളം പതിപ്പ് കാണുന്നു. ഡെന്നിച്ചന്‍ ഒരു പെണ്‍ ബ്ലോഗറുടെ വായിച്ചിട്ടും മനസ്സിലാകാത്ത കവിതക്ക് കമന്റെഴുതുന്നു.

പുറത്തൊരാരവം കേട്ട് അപ്പന്‍ ആദ്യം പുറത്തേക്കോടി. പിന്നാലെ ഡെന്നിച്ചനും. പുറത്തെ മതിലിനു മുകളിലും ഗെറ്റിനുപുറത്തുമൊക്കെയായി ആ പരിസരത്തെ പുരുഷപ്രജകള്‍ തടിച്ചുകൂടിയിരിക്കുന്നു. വിടിന്റെ പുറത്ത് കണ്ട കാഴ്ച അപ്പനെ ഞെട്ടിച്ചു. തലമുറ തലമുറകളായി കാരണവന്‍‌മാര്‍ മാത്രം ഉപയോഗിച്ച് വന്ന ചാരു കസേര മുറ്റത്ത് കൊണ്ടിട്ട് അതിലൊരു രണ്ട് പീസ് സ്വിമ്മിം‌ഗ് വസ്ത്രം ധരിച്ച്, മുഖത്തൊരു കറുത്ത കൂളിംഗ് ഗ്ലാസ്സും ഫിറ്റ് ചെയ്ത് കഥാ നായിക മലര്‍ന്ന് കിടന്ന് ഏതോ പുസ്തകം വായിക്കുന്നു.

അപ്പനൊന്നേ നോക്കിയുള്ളു. എന്നിട്ട് ഡെന്നിച്ചനെ നോക്കി,

"എന്താടാ ഇത്"

"സണ്‍ ബാത്ത്"

"വിളിച്ചോണ്ടിറങ്ങടാ ഇപ്പം എന്റെ വീട്ടീന്ന്"

ബഹളം കേട്ട് അര്‍ദക്ക് ചാടിയെഴുന്നേറ്റു. വിറച്ചുകൊണ്ട് നില്‍ക്കുന്ന അപ്പനെ കണ്ടിട്ട് ഡെന്നിച്ചനോട് ചോദിച്ചു.

"ഒന്‍ സുമാഷെഡ്ഷൈ" (ഇങ്ങേര്‍ക്ക് വട്ടിളകിയൊ?)

ആര്‍ദക്കിന്റെ മനസ്സിലാകാത്ത് ഭാഷകുടി കേട്ടപ്പോള്‍ അപ്പന്റെ കണ്ട്റോള്‍ കമ്പ്ലീറ്റ് പോയി. അടുത്ത് കണ്ടത് ഒരു കോടാലിയാണ്, അതെടുത്ത് വായുവിലൊന്നു ആഞ്ഞു വിശി.

"നീ വിളിച്ചോണ്ടിറങ്ങിയില്ലെങ്കില്‍ വെട്ടി കീറും ഞാന്‍ രണ്ടിനേയും." അപ്പന്റെ ഭാവമാറ്റം ആരേയും ഇടപെടാന്‍ അനുവദിച്ചില്ല.

"പായ്ക്കപ്പ്‌പ്പ്‌പ്പ്‌പ്പ്‌പ്പ്" ഡെന്നിച്ചന്‍ അലറി.

അന്ന് വിടുവിട്ടിറങ്ങിയ ഡെന്നിച്ചന്‍ പിന്നെ ഇതു വരെ തിരിച്ച് നാട്ടിലോട്ട് പോയിട്ടില്ല. റൊട്ടേഷന്‍ ഔട്ടാകുന്ന ഇരുപത്തിയെട്ട് ദിവസം അത്റാവിലെ ഉറാല്‍ നദിയില്‍ അര്‍ദക്കിനെ കയറ്റിയ കൊച്ചുവള്ളം തുഴഞ്ഞും നദിയില്‍ ചൂണ്ട‌യിട്ട് മീന്‍ പിടിച്ചും ആനന്ദിക്കും.

ഇപ്പോള്‍ ആരെങ്കിലും ഡെന്നിച്ചനോട് ഗുഡ്മോണിംഗ്, ഹൗ ആര്‍ യു എന്ന ചോദിച്ചാല്‍ പുള്ളിക്കാരന്‍ തിരിച്ച് പറയുന്നത്

"ദോബ്രയേ ഉത്ര, യാ വ് പോറിയാഡ്കെ"

Comments

ശ്രീ said…
സണ്ണിച്ചേട്ടാ...

ഡെന്നിച്ചന്റെ വിവാഹത്തിന്‍ ഒരു നാലികേരം എന്റെ വക.
“ഠേ!”

ചിരിച്ചു ചിരിച്ച് ഒരു പരുവമായി...
:)
സണ്ണികുട്ടാ
ഇതു കസറിട്ടുണ്ടല്ലൊ.
ഇനി ബാക്കി കൂടി വായിക്കണം.

കൂടുതല്‍ പോരട്ടെ!
-സുല്‍
സണ്ണിക്കുട്ടീ,
ഡെന്നിച്ചന്റെ കഥ ബോധിച്ചു. ഗിഫ്റ്റ് കൊടുത്തയക്കുന്നു.
:)
ഉപാസന
ഹ...ഹ...ഹ... സണ്ണിക്കുട്ടോ ... കലക്കി...

അടിപൊളി... പോരട്ടേ ഇതേ കണക്കിന് ഇനിയും...

:)
Sherlock said…
സണ്ണിയേട്ടാ, രസകരം

എന്നാ‍ലും സ്വന്തം അപ്പന്‍ വായിച്ചോണ്ടിരുന്ന പേപ്പര്‍ എടുത്തു കൊടുത്തത്...:)
sandoz said…
ഹ.ഹ...കസക്ക്‌ കല്യാണം കേമം..
പക്ഷേ എനിക്ക്‌ കൂടുതല്‍ ഇഷ്ടപ്പെട്ടത്‌...
വനിതാ ബ്ലോഗറുടെ കവിതക്ക്‌ കമന്റ്‌ ഇട്ടതാ...അത്‌ വായിച്ച്‌ അറിയാതെ പൊട്ടിച്ചിരിച്ച്‌ പോയി...
സണ്ണിച്ചാ കലക്കണുണ്ട്‌ കേട്ടാ...
Sethunath UN said…
സ‌ണ്ണി,
ഇതു വ‌ള‌രെക്കുറച്ചുപേരേ കമന്റിട്ടിട്ടുള്ളൂ എന്നത് വിശ്വസ്സിയ്ക്കാന്‍ പറ്റുന്നില്ല.
ര‌സ‌കര‌മായ എഴുത്ത്.
താമ‌സ്സിച്ചുപോയി വായിയ്ക്കാന്‍.
കൂടുത‌ല്‍ എഴുതൂ.
നന്നായിരിക്കുന്നു
ഇനിയും
എഴുതുക
നന്നായിരിക്കുന്നു
ഇനിയും
എഴുതുക

Popular posts from this blog

അഭിലാലിന്റെ സംശയം

ഒരു ചാറ്റിംഗ് ദുരന്തം

കൈക്കൂലി അപ്പന്‍ അഥവാ വായാടിക്കുന്നിലപ്പന്‍