ഡയാനയെ സ്നേഹിച്ച രാജകുമാരന്‍

(പലരായി പലവുരു പറഞ്ഞ ഒരു പ്രമേയം. ഇതിലെ നായകന്‍ തന്നെ ഇതെഴുതാന്‍ നിര്‍ബദ്ധിച്ചപ്പോള്‍, എന്റേതായ രീതിയില്‍ ഞാനിതവതരിപ്പിക്കുന്നു)

ചാള്‍സ്‌ ഒരു പാരലല്‍ കോളെജ് അധ്യാപകനാണ്. ഡയാന ചാള്‍സിന്റെ കാമുകിയും. ഇരുവരുടെയും പ്രണയം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ഡയാന ആറാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ്` ചാള്‍സിനു ഡയാനയോട് ആദ്യമായി പ്രണയം തോന്നിയത്. അന്ന്` ചാള്‍സിന്` പതിനെട്ട് വയസ്സ് പ്രായം. പക്ഷെ അന്ന് ഡയാന ചാള്‍സിന്റെ പ്രണയം മനസ്സിലാക്കിയിരുന്നില്ല, അല്ലെങ്കില്‍ ചാള്‍സ് അതവളെ അറിയിച്ചിരുന്നില്ല.

ആറാം ക്ലാസ്സില്‍ പഠിക്കുന്ന ഡയാനയെ പ്രേമിക്കാന്‍ ചാള്‍സിനു യാതൊരു വിധ ഉദ്ദ്യേശ്യവുമില്ലായിരുന്നു. പക്ഷെ, അങ്ങനെയൊക്കെയങ്ങ് സംഭവിച്ചുപോയി.

ചാള്‍സ് ഒരിക്കലും ഒരു സമര്‍ത്ഥനായ വിദ്യാര്ത്ഥിആയിരുന്നില്ല. ബട്ട്, പരീക്ഷാ "തുണ്ടൂകള്‍" തയ്യാറാക്കുന്നതിലും അത് ഫലപ്രദമായി ഉപയോഗിക്കുന്നതിലും അവന്‍ സമര്‍ത്ഥനായിരുന്നു. തദ്വാര ഒരിക്കല്‍പോലും ചാള്‍സ് തോല്‍വി എന്തെന്നറിഞ്ഞിട്ടില്ല.

രണ്ടാം വര്‍ഷ ഡിഗ്രിക്ക് പഠിക്കുമ്പോഴാണ്` ചാള്‍സിനു ആ ഓഫര്‍ കിട്ടുന്നത്`. ഡയാനയുടെ അമ്മച്ചി വെറോണിക്ക ചേച്ചിയും ചാള്‍സിന്റെ അമ്മച്ചി കത്രീന ചേച്ചിയും തമ്മിലുള്ള ഒരു സ്വകാര്യ സംഭാഷണ വേളയിലെപ്പോഴോ മക്കളുടെ പഠിത്തത്തെക്കുറിച്ച് സംസാരിച്ചു. ആറാം ക്ലാസ്സില്‍ പഠിക്കുന്ന ഡയാനയ്ക്ക് ചാള്‍സ് ട്യൂഷനെടുക്കുമെന്ന് കൂടി ആ ചര്ച്ചയില്‍ ഒരു തീരുമാനമുണ്ടായി.

തന്നെക്കൊണ്ട് പറ്റുന്ന പണിയല്ലയിതെന്ന് ചാള്‍സിനറിയാമെങ്കിലും , കത്രീനചേടത്തിയുടെ സ്വഭാവം നന്നായറിയാവുന്ന ചാള്‍സിന്` അത് നിരസിക്കാന്‍ കഴിഞ്ഞിരുന്നില്ല. മാത്രവുമല്ല, കൌമാരം കഴിഞ്ഞ് യൌവ്വനത്തിലേക്ക് കടക്കുന്ന ആണ്‍കുട്ടികള്‍ക്ക് പൊതുവായി കാണുന്ന ഒരു ബലഹീനത - മധ്യവയസ്സരായ ലേഡീസിനോടുള്ള നിശബ്ദ പ്രേമം, "ആ ചേച്ചി എന്റേതാണ്` എന്ന തോന്നല്‍" അതു ചാള്‍സിന്` വെറോണിക്ക ചേച്ചിയോടുമുണ്ടായിരുന്നു.


പിന്നീടുള്ള ചാള്‍സിന്റെ സായംസന്ധ്യകള്‍ വെറോണിക്ക ചേച്ചിയുണ്ടാക്കുന്ന ചായയിലും കായ് വറുത്തതിലും തുടങ്ങി ഡയാനയുടെ ട്യൂഷനിലൂടെ കടന്ന് ഒരുമിച്ചിരുന്ന സീരിയലും ചിത്രഗീതവും കാണുന്ന ലെവലുവരെ വന്നു. ദൂരദര്‍ശന്റെ ഭൂതല സംപ്രേക്ഷണം അവസാനിച്ച് ഉപഗ്രഹ സംപ്രേക്ഷണം തുടങ്ങുമ്പോഴാണ്` വെറോണിക്ക ചേച്ചിക്ക് ചുറ്റും കറങ്ങിക്കൊണ്ടിരിക്കുന്ന ചാള്‍സ് എന്ന ഉപഗ്രഹം സ്വന്തം ഭ്രമണപഥത്തിലേക്ക് പോകുന്നത്.

ഡയാനയുടെ ട്യൂഷന്‍ തുടങ്ങി അധിക കാലമാകുന്നതിനു മുന്പ് തന്നെ ചാള്‍സിനു ഒരു കാര്യം മനസ്സിലായി. അവള്‍ ചില്ലറക്കാരിയല്ല. അവള്‍ ആറില്‍ പഠിക്കേണ്ടവളേയല്ല. ഡയാനയുടെ ചിരി, മൊഴി, നോട്ടം, നടപ്പ്`, എല്ലാം എല്ലാം ചാള്‍സിന്റെ മനസ്സിനെ ഇളക്കി മറിച്ചു. എന്തിനേറെ ഇംഗ്ലീഷ് വിട്ട് ബയോളജിയില്‍ പോലും ഡയാന സംശയങ്ങള്‍ ചോദിക്കാന്‍ തുടങ്ങി.

പലപ്പോഴും ചാള്‍സ് സ്വന്തം മനസ്സിനെ "ഡയാന അങ്ങനെയൊന്നുമല്ല" എന്നു പറഞ്ഞ് പഠിപ്പിക്കാന്‍ ശ്രമിച്ചു, പക്ഷെ മനസ്സ് കേള്‍ക്കാണ്ടായോ?

അവസാനം ചാള്‍സ്` ഡയാനയെക്കൂറിച്ച് മാത്രം ചിന്തിക്കാന്‍ തുടങ്ങി. അവന്‍ വെറോണിക്ക ചേച്ചിയെ മറന്നു, അവരുണ്ടാക്കിയ ചായകുടിച്ചതും കായ വറുത്തത് തിന്നതും മറന്നു, അവരോടൊപ്പമിരുന്നു കണ്ട ചിത്രഗീതത്തിലെ പാട്ടുകള്‍ മറന്നു,സീനുകള്‍ മറന്നു. സ്വന്തം അമ്മച്ചി കത്രീന ചേച്ചിയെ മറന്നു പഠിക്കുന്ന കോളേജും പഠിക്കേണ്ട സബ്ജെക്ടും മറന്നു. ചാള്‍സിനു പിന്നെ എല്ലാമുഖങ്ങളും ഡയാനയുടേതായിരുന്നു. എല്ലാ ചിന്തകളും ഡയാനയെക്കുറിച്ചായിരുന്നു.

പക്ഷെ, ചാള്‍സ് അന്തസ്സുള്ളവനായിരുന്നു. ആറം ക്ലാസ്സില്‍ പഠിക്കുന്ന പന്ത്രണ്ട് വയസ്സു മാത്രമുള്ള ഡയാനയോടു ചാള്‍സ് ഒരിക്കലും പ്രേമാഭ്യര്‍ത്ഥന നടത്തിയിരുന്നില്ല. പകരം അവന്‍ കാത്തിരുന്നു, നീണ്ട രണ്ടൂ വര്‍ഷം.

നീണ്ട രണ്ടു വര്‍ഷങ്ങള്‍ കാലം ഇരുവരിലും ഒരുപാടു കരവിരുതുകള്‍ വരുത്തി. ഡയാന ഒരു യുവതിയായി മാറി. ഡയാനയുടെ ശാരീരിക വളര്‍ച്ചയില്‍ പ്രകടമായ മാറ്റങ്ങള്‍ വന്നു, അതു കാണൂമ്പോഴൊക്കെ ചാള്‍സിന്റെ ഹാര്‍ട്ട് ബീറ്റ്സ് കൂടി. ചാള്‍സിനും വന്നു മാറ്റങ്ങള്‍, തന്റെ സ്വത സിദ്ധമായ കഴിവിലൂടെ ഡിഗ്രി പാസ്സായി. മീശക്ക് കനം വച്ചു, ആഴ്ചയിലൊരിക്കല്‍ ഷേവ് ചെയ്യത്തക്കവിധം , അവാര്‍ഡ് സിനിമയക്ക് തീയേറ്ററില്‍ ആളിരിക്കുന്ന പോലെ താടിയില്‍ രോമങ്ങള്‍ കിളിര്‍ത്തു. പോരാത്തതിനു ചാള്‍സ് ഒരു പാരലല്‍ കോളേജ് അധ്യാപകനുമായി.

എട്ടാം ക്ലാസ്സിലെത്തിയ ഡയാന ചാള്‍സ് പഠിപ്പിക്കുന്ന സ്റ്റുഡന്‍സ് അക്കാഡമി എന്ന പാരലല്‍ കോളേജില്‍ തന്നെ ട്യൂഷന്` ചേര്‍ന്നു. പാരലല്‍ കോളെജിലെ അഡ്മിഷന്‍ സമയത്ത് ലോക്കല്‍ ഗാര്‍ഡിയന്റെ പേരെഴുതേണ്ട കോളത്തില്‍ ഡയന നിസ്സംശയം എഴുതി "ചാള്‍സ് എല്‍ഡഫോണ്‍സ, സ്റ്റുഡന്‍സ് അക്കാഡമി, കല്ലമുക്ക്"

ഇത് കണ്ട പ്രിന്‍സിപ്പള്‍ ഞെട്ടി, വിവരം ചാള്‍സിനെ അറിയിച്ചു. ചാള്‍സ് മനസ്സില്‍ പറഞ്ഞു "സമയമായി, എല്ലാം തുറന്ന് പറയാന്‍ സമയമായി"


താന്‍ രണ്ട് വര്‍ഷമായി മനസ്സില്‍ താലോചിച്ച് കൊണ്ട് നടന്ന സ്വപ്നങ്ങളെല്ലാം ഡയാനയുമായി പങ്ക് വയ്ക്കാന്‍ ചാള്‍സ് മനസ്സുകൊണ്ട് വേണ്ട ഒരുക്കങ്ങളെല്ലാം നടത്തി. ഇനി ഏറ്റവും അടുത്ത ഒരു അവസരത്തില്‍ തന്നെ എല്ലാം വെളിപ്പെടുത്തണം. രണ്ട് വര്‍ഷമായിട്ടുള്ള അവളുടെ പെരുമാറ്റങ്ങളില്‍ നിന്നെല്ലാം അവള്ക്കെന്നെ ഇഷ്ടമാണെന്നത് പലപ്പോഴായി മനസ്സിലാക്കിയിട്ടുള്ളതാണു. ഏറ്റവും അവസാനം ലോക്കല്‍ ഗാര്‍ഡീയന്റെ സ്ഥാനവും. എന്തൊക്കെ തന്നെയായാലും അവളും പെണ്ണല്ലെ? ഏതു നിമിഷവും മനസ്സ് മാറാം. ഇവിടെ പല സഹപ്രവര്‍ത്തകരും ഡയാന.. ഡയാന എന്നൊക്കെ ഇടക്കിടക്ക് മുറുമുറുക്കുന്നുണ്ട്. ആരെയും വിശ്വസിച്ചുകൂട. ആരെങ്കിലും കയറി അവളുടെ മനസ്സിലെ ബ്ലാങ്ക് ഭിത്തികളില്‍ ബൂക്ക്ഡ് അടിക്കുന്നതിന്‍ മുന്പ് അവിടെ കയറിപറ്റണം. ഈ ഇളം പ്രായത്തില്‍ അവളുടെ മനസ്സില്‍ കൊളുത്തിട്ട് പിടിച്ചാല്‍ പിന്നെ ലോകത്തൊരാള്‍ക്കും അത് ഊരിവിടാനാകില്ല.


ചാള്‍സ് ഒരവസരം നോക്കി പാത്തും പതുങ്ങിയും നടക്കുന്നകാലം. എട്ടാം ക്ലാസ്സിലെ കുട്ടികള്‍ക്ക് ചാള്‍സ് ക്ലാസ്സെടുക്കുന്നു. ക്ലാസ്സില്‍ നമ്മുടെ കഥാ നായികയുമുണ്ട്. ക്ലാസ്സിനൊടുവില്‍ ചാള്‍സ് പത്ത് വാക്കുകള്‍ ഡിക്ടേഷന്‍ ഇടുന്നു. ഡയാനയുടെ ഡിക്ടേഷന്‍ നോക്കിയ ചാള്‍സിന്റെ കണ്ണുകളീല്‍ ഇരുട്ട് കയറി, തൊണ്ട വരണ്ടു. ഡയാന പത്ത് വാക്കുകള്‍ക്ക് പകരം പത്ത് തവണ "ചാള്‍സ് എല്‍ഡ്ഫോണ്‍സ്, ചാള്‍സ് എല്‍ഡഫോണ്‍സ്" എന്നെഴുതിയിരിക്കുന്നു. ചാള്‍സിന്റെ നാഡീനരമ്പുകളിലൂടെ രക്തയോട്ടം വര്‍ദ്ധിച്ചു. ചാള്‍സ് ഡയാനയുടെ മുഖത്തേക്ക് നോക്കി, അവളൊരു കണ്ണിറുക്കി കാണിച്ചു. ചാള്‍സ് ഒന്നു ഞെട്ടി, ആകെയൊന്നു വിയര്‍ത്തു. പിന്നെ ഒന്നുമറിയാത്തവനെപോലെ കസേരയില്‍ തലയുംകുമ്പിട്ടിരുന്നു.

ചാള്‍സ് ആലോചിക്കുകയായിരുന്നു, ഇത്രയും പ്രിപെയേര്‍ഡ് ആയിട്ടും ഡയാനയുടെ അറ്റാക്കിന്‍ഗ് തന്നെ ഒരു നിമിഷം തകര്‍ത്തു. അവളു തന്നെ ആദ്യത്തെ ഗോളടിച്ചു. ഞാന്‍ ്‌കരുതിയതിലുമൊക്കെ എത്രയോ വിളഞ്ഞ വിത്താണവള്‍. അവളുടെ അറ്റാക്കിന്‍ഗില്‍ ഞാന്‍ പതറിയെന്ന് അവള്‍ക്ക് തോന്നരുത്, മറുമരുന്ന് ഉടന്‍ കൊടുക്കണം.

ചാള്‍സ് എഴുന്നേറ്റ്‌ ഡിക്ടേഷനില്‍ തെറ്റ് എഴുതിയവരൊക്കെ ഒരോ വാക്ക് നൂറ്‌ തവണ ഇംപോസിഷനായി എഴുതികൊണ്ട് വരണം. ഡയാന യുടെ എല്ലാ ഡിക്ടേഷനും തെറ്റിയ കാര്യവും ചാള്‍സ് പരസ്യമായി പറഞ്ഞു.

ഇംപോസിഷന്‍ രാവിലെ തന്നിട്ട് ക്ലാസ്സില്‍ കയറിയാല്‍ മതി, ചാള്‍സ് അന്ത്യശാസനവും നല്കി.

അന്ന് രാത്രി ചാള്‍സിനുറക്കം വന്നില്ല. എങ്ങനെ വരും???

പിറ്റേന്നു രാവിലെ തന്നെ ഓരോരുത്തര്‍ ഇംപോസിഷന്‍ എഴുതിയ പേപ്പര്‍ ഓഫീസിലെത്തി ചാള്‍സിനെ ഏല്പിച്ചിട്ട് ക്ലാസ്സിലേക്ക് പോയി. ഡയാന ഓഫീസിലേക്ക് വരുന്നത് കണ്ടപ്പോഴെ ചാള്‍സിന്റെ മനസ്സിലൊരു കൊള്ളിയാന്‍ മിന്നി. യാതൊരു വിധഭാവമാറ്റവും തനിക്ക് സംഭവിക്കുന്നില്ല എന്നു വരുത്താന്‍ ചാള്‍സ് വളരെ ബുദ്ധിമുട്ടി. ഡയാന അടുത്തടുത്ത് വരുന്തോറും ചാള്‍സിന്റെ ഹാര്‍ട്ട് വൈബ്രേഷനിലിട്ട മൊബൈല്‍ ഫോണ്‍ പോലെ അടിക്കാന്‍ തുടങ്ങി.

ഡയാന ഒന്നും സംഭവിക്കാത്തതുപൊലെ ഇംപോസിഷന്‍ എഴുതിയ പേപ്പര്‍കെട്ട് ചാള്‍സിനെ ഏല്പിച്ചിട്ട് തിരിച്ച് പോയി. പേപ്പറിലൂടെ കണ്ണുകളോടിച്ച ചാള്‍സ് തകര്‍ന്നുപോയി. ഇംപോസിഷനു പകരം ഡയാന ആയിരം തവണ "ചാള്‍സ് എല്‍ഡഫോണ്‍സ" എന്നെഴുതിയിരിക്കുന്നു.


ചാള്‍സ് - ഡയാന പ്രേമബന്ധം ദിവസം തോറും വളരുകയും വളരുംതോറും പടരുകയും ചെയ്തുകൊണ്ടിരുന്നു. പടര്‍ന്ന് പടര്‍ന്ന് അത് സ്റ്റുഡന്റ്സ് അക്കാഡമിയിലെ വിദ്യാര്‍ത്ഥികളറിഞ്ഞു, മറ്റ് അധ്യാപകരറിഞ്ഞു അത്യാവശ്യം നാട്ടുകാരറിഞ്ഞു, കത്രീന ചേടത്തി അറിഞ്ഞെങ്കിലും അറിഞ്ഞഭാവം കാണിച്ചില്ല, ചെറുക്കന്‍ പിടിച്ചത് പുളിങ്കൊമ്പിലല്ലെ? എത്രകാലം പാലു കറന്ന് വിറ്റും കോഴിമുട്ട വിറ്റും അവനു ചോറു കൊടുക്കും? എന്തുകൊണ്ടോ വെറോണിക്ക ചേടത്തിയോ ഗള്‍ഫിലുള്ള കെട്ടിയോനോ കാര്യങ്ങളറിഞ്ഞില്ല. അവരറിഞ്ഞിരുന്നെങ്കില്‍ ചാള്‍സ് വിവരമറിഞ്ഞേനെ.

ഇങ്ങനെയൊരു കൊച്ചുകുട്ടിയെ പ്രേമിക്കാന്‍ നാണമില്ലെയെന്ന് ചോദിച്ചവര്‍ക്കൊക്കെ കൊടുക്കാന്‍ ചാള്‍സിന്റെ കയ്യില്‍ മറുപടിയുണ്ടായിരുന്നു.

"ഈ പ്രായത്തിലാകുമ്പോള്‍ വേറെ ആരും ശല്യപ്പെടുത്തില്ല. അവള്‍ വളരുംതോറും എന്നോടുള്ള ഇഷ്ടവും കൂടും. പിന്നെ ഈ ജന്മത്ത് അവളുടെ മനസ്സില്‍ നിന്നും എന്നെ എറക്കി വിടാന്‍ ലോകത്താര്‍ക്കും സാധിക്കില്ല. അവളെന്നെന്നേക്കുമായി എനിക്ക് കിട്ടും. ഞാന്‍ കുറച്ച് കാത്തിരിക്കണമെന്നല്ലേയുള്ളു, അത് സാരമില്ല. എനിക്ക് വേറെ ജോലിയൊന്നുമില്ലല്ലോ?"

കല്ലമുക്കിലെ സ്റ്റുഡന്സ് അക്കാഡമിയിലെ മുന്നിലെ ഹൈ വേയിലൂടെ പുതിയ പുതിയ രജിസ്ട്രേഷനുള്ള വണ്ടികള്‍ വന്നുകൊണ്ടെയിരുന്നു- കാലത്തിനൊപ്പം. പ്രതീക്ഷിച്ചപ്പോലെ ഡയാന പത്തില്‍ തോറ്റു.


ഡയാനയുടെ തോല്‍വി ചാള്‍സിനു വലിയൊരാഘാതമായി. പത്തില്‍ തോറ്റ് വീട്ടില്‍ നിന്നാല്‍ അവള്ടപ്പന്‍ അവളെ പെട്ടെന്ന് കെട്ടിച്ചയക്കും, ഇപ്പോഴവളെ കെട്ടാനുള്ള പാങ്ങ് ഏതായാലും എനിക്കില്ല. അതെന്നുണ്ടാകുമെന്ന് അറിയത്തുമില്ല. തനിക്കൊരു പാങ്ങുണ്ടാകുന്നത് വരെ അവളെ പഠിപ്പിക്കണം,അല്ലാതെ വേറേ രക്ഷയില്ല.

വെറോണിക്ക ചേച്ചിക്ക് നൂര്‍ ശതമാനം വിജയം ഉറപ്പ് നല്കിയിട്ട്, അഥവാ പരാജയമാണ്` ഫലമെങ്കില്‍ മുഴുവന്‍ ഫീസും തിരികെ എന്ന വഗ്ദാനത്താല്‍ ഡയാനയെ വീണ്ടും സ്റ്റുഡന്സ് അക്കാഡമിയിലെത്തിച്ചു. ഡയാന ഫുള്‍ ടൈം പാരലല്‍ കോളേജ് വിദ്യര്‍ത്ഥിയായതോടെ ചാള്‍സ് ചാരിതാര്‍ത്ഥ്യനായി.

ആ വര്‍ഷത്തെ പത്താം ക്ലാസ്സ് പാസായവരുടെ ലിസ്റ്റില്‍ ഡയാനയും പെട്ടു. അപ്പന്‍ കാശയച്ചുകൊടുത്തു, ആ കാശ് കൊണ്ട് ഡയാനക്ക് പ്രീ ഡിഗ്രി തേര്‍ഡ് ഗ്രൂപ്പില്‍ അഡ്മിഷനും കിട്ടി. ഡയാന കോളേജിലായതോടെ ചാള്‍സിന്റെ നെഞ്ചിടിപ്പും കൂടി. കോളേജാണ്, അവിടെ കാണാന്‍ കൊള്ളാവുന്ന ആണ്‍പിള്ളാരുള്ളതാണ്` ഡയാനയാണങ്കില്‍ തൊട്ടാല്‍ പൊട്ടുന്ന പരുവത്തിലും.

കാറിലും ബൈക്കിലും വരുന്നവരെക്കുറിച്ചൊക്കെ ഡയാന സംസാരിച്ചു തുടങ്ങിയതോടെ കാറിലും ബൈക്കിലും വരുന്ന ആണ്‍പിള്ളാരൊക്കെ ചാള്‍സിന്റെ ശത്രുക്കളായത് വളരെ പെട്ടന്നായിരുന്നു. ഇവന്മാരൊക്കെ വണ്ടീയിടിച്ച ചാകണമേയെന്ന് ജാതിഭേദമന്യേ എല്ലാ ദേവാലയങ്ങള്‍ക്ക് മുന്നില്‍ നിന്നും ചാള്‍സ് പ്രാര്‍ത്ഥിച്ചു.


ഡയാന വേലി ചാടുമെന്ന അവസ്ത്ഥയിലേക്ക് കര്യങ്ങള്‍ നീങ്ങിയപ്പോള്‍, ചാള്‍സ് കരുക്കള്‍ കരുതലോടെ നീക്കി തുടങ്ങി. സ്വകാര്യ സംഭാഷണവേളകളീലെ പതിവ് വര്‍ണ്ണനയും പഞ്ചാരയും ഉപേക്ഷിച്ചു. പകരം എങ്ങനെ ജീവിതത്തില്‍ പ്രാക്ടിക്കലാകം എന്നതിനെ കുറിച്ച മാത്രം സംസാരിച്ചു തുടങ്ങി. കോളെജിലെ കാശുള്ള പിള്ളാരൊക്കെ അപ്പന്മാരുടെ കാശില്‍ കൂത്താടുന്ന താന്തോന്നികളാണെന്നും തന്നെ പോലെ സ്വന്തം കാലില്‍ നില്ക്കാന്‍ കഴിവില്ലാത്തവന്‍മാരെണെന്നുമൊക്കെ ഡയാനയെ വിശ്വസിപ്പിക്കാന്‍ ശ്ര്മിച്ചു. കാശുള്ള പീള്ളാരൊക്കെ പെണ്‍പിള്ളാരെ ചതിക്കുന്നവരാണെന്നും, അത് തെളിയിക്കാന്‍ കുറെ കള്ള കഥകളും ചാള്‍സ് ചമച്ചു.

ജീവിതത്തില്‍ കാശിനേക്കാള്‍ വലുത് സ്നേഹമാണെന്ന് ഇടക്കിടെ ചാള്‍സ് ഡയാനയെ ഓര്മ്മിപ്പിച്ചു.അതിനാല്‍ തനിക്ക് ജീവിതത്തില്‍ വലിയ സ്വപ്നങ്ങളൊന്നുമില്ലന്നും,തന്റെ സ്വപ്നങ്ങള്‍ ഒറ്റമുറീയുള്ള ഒരു വീടും അതില്‍ ഞാനും ഡയാനയും നമ്മുടെ മക്കളും മാത്രം. നമുക്ക സഞ്ചരിക്കാന്‍ ഒരു കൊച്ചു സ്കുട്ടര്‍, ജീവിക്കാന്‍ ഒരു കൊച്ചു സര്‍ക്കാരുദ്യോഗം.

എന്നാല്‍ പിന്നെ സ്കൂട്ടറിപ്പോള്‍ മേടിച്ചാല്‍ എന്നെ കോളെജില്‍ കൊണ്ട് വിടാമല്ലോയെന്ന ഡയാനയുടെ ചോദ്യത്തിനു ചാള്‍സിന്` മറുപടിയില്ലായിരുന്നു. അതവന്റെ നെഞ്ചില്‍ തന്നെ കൊണ്ടു.


പിറ്റേന്ന് കോളേജില്‍ പോകാന്‍ ബസ് സ്റ്റാന്‍ഡില്‍ കാത്തുനിന്ന ഡയാനയുടെ മുന്നില്‍ , ചാള്‍സ് ഒരു പുതു പുത്തന്‍ ബൈക്ക് കൊണ്ട് വന്നു ചവിട്ടി നിര്‍ത്തിയിട്ട് റൈസ് ചെയ്തു. 999 രൂപയും 15 ചെക്കും കൊടുത്ത് ചാള്‍സ് എടുത്ത ബൈക്കിലായി പിന്നെ ഡയാനയുടെ കോളേജ് യാത്രകള്‍, ബാങ്ക് ലോണ്‍ അടക്കാതെ ബാങ്കിന്റെ ഗുണ്ടകള്‍ ബൈക്ക് തിരിച്ചെടുത്തുകൊണ്ട് പോകുന്നത് വരെ.

കാലം പിന്നേയും മുന്നോട്ട് നീങ്ങി. ഡയാന പ്രീഡിഗ്രിയും പാസായി ഡിഗ്രിക്ക് അതേ കോളേജില്‍ തന്നെ ചേര്‍ന്നു. ഡയാനയുടെ അപ്പന്‍ പ്രെഷ്സറും ഷുഗറും കൂടി ഗള്‍ഫീന്ന് തിരിച്ച് വന്നു. പക്ഷെ ചാള്‍സിനു വലിയ വ്യത്യാസമൊന്നും വന്നില്ല, ശൌര്യം പോയി എന്ന് തോന്നിപ്പിക്കുന്ന രിതിയില്‍ മീശയിലെ അഞ്ചാര്‍ രോമങ്ങള്‍ നരച്ചു എന്നതൊഴിച്ചാല്‍.

ഡയാനയുടെ അപ്പനു ഒരു അറ്റാക്ക് വന്നതോടെ കാര്യങ്ങളൊക്കെ ആകെ തകിടം മറിഞ്ഞു. താന്‍ തട്ടിപോകുന്നതിനു മുന്പ് മകളുടെ കല്യാണം കഴിപ്പിക്കണമെന്ന് കിളവനു ഒരേ വാശി. കൊണ്ടുപിടിച്ച ആലോചനകള്‍ തുടങ്ങി. വാര്‍ത്തകള്‍ ചാള്‍സിന്റെ ചെവിയിലുമെത്തി. ചാള്‍സ് ചിന്താവിഷ്ടനായി- എങ്ങനെ കല്യാണം മുടക്കാം.????

ചാള്‍സിനെ അധികം ചിന്തിപ്പിക്കാതെ അല്ലെങ്കില്‍ ചാള്‍സ് ചിന്തിച്ചിട്ട് കാര്യമില്ലന്നറിയാവുന്നതുകൊണ്ട് ഡയാന തന്നെ ഒരു വഴികണ്ടെത്തി ചാള്‍സിനെ അറിയിച്ചു.

"ഡിഗ്രി കോഴ്സ് കഴിയാന്‍ ഏതായാലും ഇനിയും ഒന്നു ഒന്നര വര്‍ഷമെടുക്കും. ഫസ്റ്റ് ചാന്സില്‍ തന്നെ എല്ലാ പേപ്പറും കിട്ടില്ല, ബാക്കിയുള്ള പേപ്പറെല്ലാംകൂടി എഴുതിയെടുക്കാന്‍ പിന്നെയും വേണം ഒരു വര്‍ഷമോ ചിലപ്പോള്‍ അതിലധികമൊ? ഞാന്‍ അതുവരെ എങ്ങനേയും പിടിച്ച് നില്ക്കാം, ഡിഗ്രി പാസാകാതെ കല്യാണം കഴിക്കില്ലായെന്ന് പറഞ്ഞ് ഒറ്റക്കാലില്‍ നില്ക്കാം പക്ഷെ,"

'പക്ഷെ", ചാള്‍സിന്‍ ടെന്ഷനായി.

പക്ഷെ, അതിനു മുന്പ് ചാള്‍സ് ഒരു നിലയിലെത്താണം.

ഏതു നില? ഇപ്പോള്‍ എനിക്കെന്ത ഒരു കുറവു? ചാള്‍സ് ഭയങ്കര കോണ്‍ഫിഡന്‍സിലായിരുന്നു.

പാരലല്‍ കോളേജിലെ ഉദ്യോഗവും കൊണ്ട് എന്റെ വീട്ടില്‍ വന്ന് പെണ്ണാലോചിച്ചാല്‍, എന്റെ അപ്പന്‍ ഒലക്കക്ക് അലക്കും.

ഓ! പിന്നെ, നീ പേടിപ്പിക്കാതെ. അങ്ങനെ പറഞ്ഞെങ്കിലും ചാള്‍സിനല്പം പേടി തോന്നതിരുന്നില്ല. പിന്നെ പറഞ്ഞു,

നോക്കു മോളെ, ഞാനിപ്പോള്‍ തന്നെഅഞ്ചാറ്‌ പി എസ് സി ടെസ്റ്റ് എഴുതിയിട്ടുണ്ട്. ഏതെങ്കിലും ഒരെണ്ണം കിട്ടും, സര്‍ക്കാരുദ്യോഗമായാല്‍ നിന്റെ അപ്പനുമുന്നില്‍ വന്ന് പെണ്ണ്` കേള്‍ക്കാമല്ലോ? പിന്നെ നമ്മുടെ കൊച്ചു വീട്, നമ്മുടെ മക്കള്‍ നമ്മുടെ സ്കൂട്ടറീല്‍ മക്കളേയും കൊണ്ട് കറങ്ങാനും സിനിമയ്ക്കും പോകാം."

ചാള്‍സച്ചായാ, ബീ പ്രാക്ടിക്കല്‍,

ചാള്‍സിന്റെ സ്വപ്നങ്ങള്‍ക്ക് വെള്ളം കോരിയൊഴിച്ച് കെടുത്തിക്കൊണ്ട് ഡയാന തുടര്‍ന്നു...


"ഞാനൊരു ഐഡിയ പറയാം, ചാള്‍സച്ചായന്റെ ഒത്തിരി ഫ്രണ്ട്സ് ഗള്‍ഫിലൊക്കെ ഉണ്ടല്ലോ? ആരോടെങ്കിലും പറഞ്ഞ് ഒരു വിസ സംഘടിപ്പിച്ച് അങ്ങോട്ട് പോകാന്‍ നോക്ക്, ഒന്ന് രണ്ട് വര്‍ഷം ജോലി ചെയ്ത് കുറച്ചകാശൊക്കെ ഉണ്ടാക്കിയിട്ട് എന്റെ അപ്പന്റടുത്ത് വന്ന് പെണണ്‍ ചോദിക്കു. അല്ലാതെ പി എസ് സീന്ന് ജോലി കിട്ടി എന്നെ കെട്ടാമെന്നും പറഞ്ഞിരുന്നാല്‍, ഞാന്‍ വേറെ വല്ലാവന്റേയും കൂടെ ജീവിക്കുന്നത് അച്ചായന്` കാണേണ്ടി വരും"

അത്രയും പറഞ്ഞ നിറഞ്ഞ കണ്ണൂം തുടച്ച ഡയാന നടന്നക്കന്നു.

ചാള്‍സ് വീണ്ടൂം ചിന്തിച്ചു. ഡയാന പറഞ്ഞത് പരമാര്ത്ഥം എന്നാലും ഗള്‍ഫില്‍ പോയി രണ്ട് വര്‍ഷം, ഡയാനയെ കാണാതെ, അവളോട് സംസാരിക്കതെ, വീട്ടിലെ പശുവിനെ കറക്കാതെ, പാരലല്‍ കോളേജില്‍ പഠിപ്പിക്കാതെ, പഞ്ചായത്ത് റോഡിലെ കലുങ്കിലിരുന്നു മുറി ബീഡി വലിക്കാതെ... തന്റെ ജീവിത ശൈലി തന്നെ മാറില്ലെ? എന്നാലും താല്ക്കാലികമായ ഈ അകല്‍ച്ച സ്ഥിരമായ ഒത്തുചേരലിന്റെ മുന്നോടിയാണെന്നു കരുതാം.


ചാള്‍സ് ആദ്യമായി ജീവിതത്തെക്കുറിച്ച് ഒരു തീരുമാനമെടുത്തു. ഗള്‍ഫില്‍ പോകണം, കാശുണ്ടാക്കണം , ഒരു കാറ്‌ മേടിക്കണം കാറില്‍ ഡയാനയുടെ വീട്ടില്‍ ചെന്ന് അവളുടെ അപ്പനോട്` പെണ്ണു കേള്‍ക്കണം. ചാള്‍സിന്റെ തീരുമാനങ്ങള്‍ കടുത്തതായിരുന്നു.

അതിന്റെ മുന്നോടിയായി ചാള്‍സ്, ഗള്‍ഫിലുള്ള എല്ലാ കൂട്ടുകാര്‍ക്കും കത്തെഴുതി. - ഒരു വിസാക്ക് വേണ്ടി. അതില്‍ ഏതോ ഒരുത്തന്‍ റിസ്ക് എടുക്കാന്‍ തീരുമാനിച്ചു, ചാള്‍സിനു വേണ്ടി വിസിറ്റിംഗ് വിസ റെഡി.

നാട്ടിലെ പ്രാരാബ്ദങ്ങളെല്ലാം മാറ്റിവച്ച് ചാള്‍സ് വിങ്ങുന്ന മനസ്സോടെ വിമാനം കയറി. ദുബായിലെത്തിയ ചാള്‍സിന്റെ മനസ്സ് നിറയെ നാടും നാട്ടിലെ അവന്റെ പെണ്ണും ആയിരുന്നു. അവളുടെ ഓര്‍മ്മകള്‍ ചാള്‍സിലെ കാമുകന്റെ സോഫ്റ്റ് ഫീലിംഗ്സ് ഉണര്‍ത്തി. അവന്റെ ദുബായ് രാവുകള്‍ ഉറക്കമില്ലാത്തതായ്, കഴിക്കാന്‍ വയ്ക്കുന്ന വട്ടത്തിലുള്ള കുപ്പൂസില്‍ പോലും ഡയാനയുടെ മുഖം തെളിഞ്ഞു.

ഒരാഴ്ച എങ്ങനേയോ ചാള്‍സ് ദുബായില്‍ പിടിച്ചു നിന്നു. അതിനിടയില്‍ രണ്ട് ഇന്റെര്‍വ്‌യൂകളും അറ്റന്‍ഡ് ചെയ്തു. രണ്ടും ചാള്‍സ് മന:പൂര്വ്വം തോറ്റുകൊടുത്തു. അവന്‍ കത്രീന ചേടത്തിയെ വിളിച്ച് കരഞ്ഞു. ആ അമ്മമനസ്സ് തേങ്ങി. അമ്മ പറഞ്ഞു,

"നിന്റെ മനസ്സ് വേദനിച്ച്` അവിടെ നില്‍ക്കണ്ട മോനെ, നീയിങ്ങുപോരെ"

പിറ്റേ ദിവസം ചാള്‍സ് സ്വന്തം നാടായ കല്ലമുക്കില്‍ ലാന്റ് ചെയ്തു.


ഡയാനയെ കാണാന്‍ നിറകണ്ണുകളോടെ എത്തിയ ചാള്‍സിനെ അവള്‍ ചെറുപുഞ്ചിരിയോടെ സ്വീകരിച്ചു. ഡയാനയുടെ ഓര്‍മ്മകളാണ്` അല്ലെങ്കില്‍ അവളെ കാണാറ്റിരിക്കാന്‍ പറ്റാത്തതാണ്`, അവളോടുള്ള അനര്‍ഗള നിര്‍ഗളമായ സ്നേഹമാണ്` അവനെ തിരിച്ചെത്തിച്ചതെന്ന് അവളെ അറിയിച്ചു.

എല്ലാം കേട്ട് കഴിഞ്ഞ ഡയാന ചോദിച്ചു. "ഇനിയെന്ത്"

"നമുക്ക് ഒളിച്ചോടാം"

"എങ്ങോട്ട്"?

"എവിടേക്കെങ്കിലും"

"എന്നിട്ട്"??

"ഞാന്‍ കൂലി വേല ചെയ്തിട്ടാണെങ്കിലും നിന്നെ നോക്കും"

"ശരി, എന്നാല്‍ ഇന്നു രാത്രി ഞാന്‍ റെഡിയായി വരും"

"എവിടെ വരും?"

"എന്റെ വീടിന്` പിന്നിലുള്ള ചെറിയ ഗേറ്റില്‍ ഞാന്‍ വരാം, പന്ത്രണ്ട് മണിക്ക്"

"എന്നാല്‍ രാത്രി പന്ത്രണ്ട് മണിക്ക് കാണാം"

ഇരുവരും യാത്ര പറഞ്ഞ് പിരിഞ്ഞു.

പന്ത്രണ്ട് മണിക്ക് ചാള്‍സ് ഡയാനയുടെ വീടിന്` പിന്നിലുള്ള ഗേറ്റിലെത്തി കാത്ത് നിന്നു. അരമണിക്കൂറോളം നിന്നിട്ടും ഡയാനയെ കണ്ടില്ല. ചാള്‍സ് എരിപിരി സഞ്ചാരത്തോടെ അവിടെ നിന്ന്` വട്ടം കറങ്ങി. പെട്ടെന്നാണ്‍ ഒരു കാല്‍പെരുമാറ്റം കേട്ടത്. ചാള്‍സ് പ്രതീക്ഷയോടെ മതിലിന്` മുകളിലൂടെ തലയിട്ട് നോക്കി. അതെ, അവള്‍ തന്നെ.

അവളടുത്തെത്തി, അവന്‍ അടക്കിയ സ്വരത്തില്‍ ചോദിച്ചു,

എന്തെ വൈകിയത്?

മറുപടിയായി അവള്‍ ഒരു കത്ത്` അവനെ ഏല്പിച്ചിട്ട് പറഞ്ഞു,

"ഇതെഴുതാന്‍ വൈകി"

"എന്താ ഇത്?"

"വായിച്ച് ` നോക്ക്`"

ചാള്‍സ് കയ്യിലിരുന്ന ടോര്‍ച്ച്` തെളിയിച്ച് കടലാസിലെ കുറിപ്പ് വായിച്ചു,


"എടാ ജീവിക്കാനറിയാത്ത തെണ്ടി,

നിന്റെ കൂടെ ഒളിച്ചോടി ജീവിതം തൊലക്കാന്‍ ഞാന്‍ എന്താ മത്യൂമറ്റത്തിന്റെ സൂസന്നയാണൊ?

സ്നേഹം കലത്തിലിട്ട് വേവിച്ചാല്‍ ചോറാകില്ല. അതിന്` അരി തന്നെ വേണം.

നിനെക്കെന്നെങ്കിലും കിട്ടുമെന്ന്` നീ വിശ്വസിക്കുന്ന സര്‍ക്കാരുദ്യോഗവും സ്വപ്നം കണ്ട്` നിന്റെ കൂടെ ഞാന്‍ ഇറങ്ങി വന്നാല്‍, എന്റെ ജീവിതം കണ്ണീരും പട്ടിണിയും കൊണ്ട് നിറയും.

ഒരു സെക്കന്‍ഹന്‍ഡ് സ്കൂട്ടറില്‍ നിന്റെ പിള്ളാരെയും ചുമന്നോണ്ടിരിക്കാനൊന്നും എന്നെ കിട്ടില്ല. ഒറ്റമുറിയിലെ കെട്ടിപ്പിടിച്ചുള്ള ഉറക്കവും എനിക്കിഷ്ടമല്ല. എനിക്ക് വേണ്ടത് കാറും ബംഗ്ലാവുമാണ്`. അതെനിക്ക് തരാന്‍ നിന്നെക്കൊണ്ടാകുമോ?

എന്റപ്പച്ചനുണ്ടാക്കിയ സ്വത്ത്` കണ്ടിട്ടാണ്` നിനക്ക് മേലനങ്ങാന്‍ വയ്യാത്തതെന്ന് എനിക്ക്` നന്നായറിയാം. അതിനു വച്ച വെള്ളം അങ്ങു വാങ്ങിയേരെ അച്ചായാ.

എന്റെ പന്ത്രണ്ടാമത്തെ വയസ്സുമുതല്‍, എന്റെ മനസ്സില്‍ കയറിയിരുന്നു കൊഞ്ഞണം കാട്ടുന്ന നിന്നെ ഞാനത്ര പെട്ടെന്ന് മറക്കില്ല.

ഞാന്‍ വേറെയാരേയും ഉടനെയൊന്നും കെട്ടില്ല. ഞാന്‍ പറഞ്ഞപോലെ ഡിഗ്രി പാസാവാതെ എന്റെ കല്യാണവും നടക്കില്ല.

നീ ഇപ്പോ പോ! പോയി ജീവിച്ച്കാണിച്ച് താ! നിനക്കിനിയും സമയമുണ്ട്.

രാത്രിയില്‍ യാത്രയില്ല.

ഡയാന.


വായിച്ച് തീര്‍ന്ന് പേപ്പറില്‍ നിന്നും മുഖമുയര്‍ത്തി ഡയാന നിന്നിടെത്തേക്ക്` നോക്കിയപ്പോള്‍ കൂരിരിട്ട് മാത്രാമായിരുന്നു ചാള്‍സിന്റെ മുന്നില്‍.

കരിയിലകള്‍ക്കിടയിലൂടെ അകന്നകന്ന് പോകുന്ന കാല്‍പെരുമറ്റം ചാള്‍സ് കേള്‍ക്കുന്നുണ്ടായിരുന്നു.

Comments

ഇതിലെ കഥാപാത്രങ്ങളുടെ പേരുകള്‍ എന്റെ സൃഷ്ടിമാത്രമാണ്. ജീവിതം പഠിച്ച ചാള്‍‌സ് പിന്നീട് ഡയാനയെ തന്നെ കെട്ടി, ഇപ്പോള്‍ സൗദി അറേബിയയില്‍ കാറും ബംഗ്ലാവുമൊക്കെയായി തന്നെ ജീവിക്കുന്നു.
നല്ല കഥ. ഒറ്റയിരുപ്പിന് വായിച്ചു തീര്‍ത്തു.
അഭിനന്ദനങ്ങള്‍.
ഡയാനയോട് ബഹുമാനം തോന്നി. പെണ്‍കുട്ടികളായാല്‍ ഇങ്ങനെ വേണം. ബി പ്രാക്‌ടിക്കല്‍.
R. said…
എന്നിട്ട് ചാള്‍സ് ഇപ്പ കസാഖ്സ്ഥാനിലാണോ?

(ഞാന്‍ ഓടണോ?)
ശ്രീ said…
ഹഹ...
കൊള്ളാമല്ലോ ഈ ചാള്‍‌സും ഡയാനയും...
എന്തായാലും അവസാനം അവരു തമ്മില്‍‌ കെട്ടിയല്ലോ.... സമാധാനം...

(ചെറിയൊരു ആത്മ കഥാംശം മണക്കുന്നു... തോന്നലായിരിക്കുമല്ലേ)
;)
ചാള്‍സേ നീയെത്ര ഭാഗ്യവാന്‍....

സണ്ണിക്കുട്ടോ.... നന്നായിട്ടുണ്ട്ട്ടാ... ആ ചള്‍സിനും ഡയാനയ്ക്കും ജൂനിയേഴ്സിനും (ഉണ്ടെങ്കില്‍) സഹയാത്രികന്റെ ഒരു ആശംസകളറിയിച്ചേക്ക്....
:)
Shaf said…
നല്ല വേഗത്തില്‍ വായിക്കാന്‍ പറ്റി,ആനുഭവത്തില്‍ നിന്നെടുത്ത് എഴുതിയത്കൊണ്ടാണോ?..
ഇഷ്ടമായി
അഭിനന്ദനങ്ങള്‍
Sethunath UN said…
ന‌ന്നായി സണ്ണീ. :)

Popular posts from this blog

അഭിലാലിന്റെ സംശയം

ഒരു ചാറ്റിംഗ് ദുരന്തം

കൈക്കൂലി അപ്പന്‍ അഥവാ വായാടിക്കുന്നിലപ്പന്‍