കസാഖ്സ്ഥാനോട് വിടപറയുമ്പോള്‍ !!!

ഒരു യാത്രാമൊഴികൂടി ചൊല്ലുവാന്‍ വീണ്ടും സമയമായി. കസാഖ്സ്ഥാനിലെ ടെന്‍‌ഗിസ് എണ്ണ പാടത്തോട് വിടപറയാനുള്ള കൗണ്ട് ഡൗണ്‍ ആരംഭിച്ചു കഴിഞ്ഞു. ഈ മാസം മുപ്പത്തി ഒന്നാം തീയതി അത്തിറവുവില്‍ നിന്നും എയര്‍ അസ്താന ഇസ്താംബൂളിലേക്ക് പറന്നുയരുമ്പോള്‍, താത്ക്കാലികമായിട്ടാണൊ ? ശാശ്വതമായിട്ടാണൊ എന്നറിയില്ല. എന്നിരുന്നാലും ഒരു വിടപറച്ചില്‍ പൂര്‍ണ്ണമാകും.
രണ്ടാഴ്ചയുടെ ദൈര്‍ഘ്യം പോലും തോന്നാത്ത വിധം രണ്ടു വര്‍ഷം കൊഴിഞ്ഞുപോയി-ഒത്തിരി നല്ല ഓര്‍മ്മകളുമായി. വിവിധ രാജ്യങ്ങളില്‍ നിന്നും വൈവിധ്യമാര്‍ന്ന സംസ്കാരവും പേറിവന്നവര്‍ ഒരുമിച്ച് ഒരുമിച്ച് ഒരു ലക്ഷ്യത്തിനുവേണ്ടി ഒരു കൊച്ചു ഗ്രാമത്തില്‍ ഒത്തുകുടി. ഒത്തിരി പുതിയ സുഹൃത്തുക്കള്‍, ഒത്തിരിയൊത്തിരി നല്ല അനുഭവങ്ങള്‍, ഒത്തിരി കാഴ്ച്കള്‍ ഇവയൊന്നും അത്ര പെട്ടെന്ന് മനസ്സില്‍ നിന്നും മായുമെന്ന് തോന്നുന്നില്ല. ആരോടൊക്കെ നന്ദി പറയണമെന്നറിയില്ല. ഇവിടെയെത്താന്‍ പ്രത്യക്ഷമായും പരോക്ഷമായും സഹായിച്ച എന്റെ നല്ല മലയാളി സുഹൃത്തുക്കളോടാണൊ? ജീവിതത്തില്‍ വലിയോരു സാമ്പത്തികവും സാങ്കേതികവും സാംസ്കാരികവുമായ വിപ്ലവത്തിനു കുറച്ചെങ്കലും സഹായിച്ച അമേരിക്കന്‍ എണ്ണക്കമ്പനിയോടാണൊ? അതൊ, ഞങ്ങളെയൊക്കെ സ്വീകരിച്ച അടിസ്ഥാന സൗകര്യങ്ങള്‍ തന്ന് കസാഖ്സ്ഥാന്‍ എന്ന രാജ്യത്തിലെ നല്ലവരായ ജനങ്ങളൊടാണൊ?

രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു നവംബറില്‍ അല്‍മാട്ടിയില്‍ വിമാനമിറങ്ങി പുറത്തേക്ക് നടക്കുമ്പോഴാണ് അപ്പുപ്പന്‍ താടികള്‍ പോലെ തോന്നിപ്പിക്കുന്ന മഞ്ഞുതുള്ളികള്‍ പെയ്തിറങ്ങുന്നത് ജീവിതത്തില്‍ ആദ്യമായി കാണുന്നത്. മഞ്ഞില്‍ നടക്കാനറിയാതെ ബാലന്‍സ് തെറ്റി മലര്‍ന്നടിച്ച് വീണപ്പോള്‍ കൈപിടിച്ച് എഴുന്നേല്പിച്ചത് ഏതോ ഒരു കസാഖ് പെണ്‍കൊടി. ഒരിക്കലും പരസഹായത്തിനു വേണ്ടി അധികം അലയേണ്ടി വന്നിട്ടില്ല, അത് ഓഫീസിലായാലും, വഴിയിലായലും, ബാറിലായാലും. കെട്ടിലും മട്ടിലും ചമയത്തിലും അഹങ്കാരത്തിനു കോലം കുത്തിയതുപോലെയായിരുന്നു ഓഫീസിലെ കാര്യങ്ങള്‍ കൈകാര്യം ചെയ്തിരുന്ന പെണ്‍കുട്ടികളുടെ വേഷ വിധാനം. എന്നിരുന്നാലും, ജോലിയിലും, കാര്യക്ഷമതയിലും വീഴ്ചകള്‍ വളരെ ലോപം. നേരിട്ട് ശമ്പളം പറ്റുന്ന ഭൃത്യന്റെത് പോലുള്ള കൃതിനിഷ്ഠ, എത്ര അനുമോദിച്ചാലും മതിയാകില്ല.

ഞാന്‍ ഇന്നുവരെ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ മലയാളികളുടെ ഐക്യം. എണ്ണത്തില്‍ വളരെ കുറവായിരുന്നത്കൊണ്ടാകാം, ആകെയുണ്ടായിരുന്ന പന്ത്രണ്ട് മലയാളികളും സാഹോദര്യത്തിന്റേയും പരസ്പര സഹായത്തിന്റേയും പര്യായങ്ങളായിരുന്നു. 28 ദിവസം ജോലിയും 28 ദിവസം വിശ്രമവുമുള്ള റൊട്ടേഷന്‍ വ്യവസ്ഥയിലുള്ള ജോലിയായതിനാലും, ഉള്ള മലയാളികളീല്‍ ഭൂരിപക്ഷവും പരസ്പരം പകരക്കാരായി ജോലിചെയ്തിരുന്നത് കൊണ്ടൂം, ഏപ്പോഴും എല്ലാ മലയാളികളും ടെന്‍ഗീല്‍ ഒരേസമയം കാണുമായിരുന്നില്ല. ബാക്കിയുള്ളവര്‍ ഒത്തുചേരുമ്പോഴൊക്കെ ആര്‍മാദത്തിന്റേയും ആഹ്ലാദത്തിന്റേയും മണിക്കൂറുകളായിരുന്നു. വൈവിധ്യമാര്‍ന്ന വിഷയങ്ങളെക്കുറിച്ചുള്ള അഗാധമായ ചര്‍‌ച്ച. അതില്‍ ലോകത്ത് ദിനം പ്രതി സംഭവിച്ചുകൊണ്ടിരിക്കുന്ന ഏതു കാര്യത്തെയും കുറിച്ചുള്ള ആരോഗ്യകരമായ ചര്‍ച്ചകള്‍ മുതല്‍ തലേ രാത്രി തൊട്ടടുത്ത മുറിയില്‍ കേട്ട സീല്‍ക്കാര ശബ്ദത്തെക്കുറിച്ചു വരെയാകാം.

ഈ എണ്ണ കമ്പനിയുടെ മാനേജ്മെന്റിനു ഇത് അത്ര സുഖകരമായിട്ടുള്ള ഒരു പ്രൊജക്ട് ആയിരുന്നില്ല. പലകാരണങ്ങള്‍ കൊണ്ട് ഒരു വര്‍ഷത്തോളം താമസിച്ച കമ്മീഷന്‍ ചെയ്തത് വഴി അധിക ചെലവു വന്നത് 3 ബില്ല്യന്‍ ഡോളര്‍ ആണ്. താമസിച്ചതിനുമുണ്ടായിരുന്നു ഒരുപാടു കാരണങ്ങള്‍. അതി ശൈത്യം പലപ്പോഴും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെ കാര്യമയി ബാധിച്ചു. പൂജ്യത്തിനും താഴെ ഇരുപതു മുതല്‍ മുപ്പത് വരെ പോകുന്ന ടെമ്പറേച്ചര്‍, അതിലും താഴോട്ട് അറുപത് ഡീഗ്രിയില്‍ വീശിയടിക്കുന്ന ശീതക്കാറ്റ്, ഒന്നര രണ്ട് അടിയോളം കുമിഞ്ഞ് കൂടുന്ന മഞ്ഞ്, ദൈര്‍ഘ്യം കുറഞ്ഞ പകല്‍, ഇതെല്ലാം ഭൂമിശാസ്ത്രപരമായ കാരണങ്ങളായിരുന്നെങ്കില്‍, നിര്‍മ്മാണ തൊഴിലാളികളുടെ മെല്ലെപ്പോക്ക് നയം രാഷ്ട്രീയ പരമായ തടസങ്ങളായിരുന്നു. പഴയ കമ്മ്യൂണിസ്റ്റ് രക്തവും പേറി തൊഴിലെടുക്കുന്ന ഭൂരിപക്ഷം തൊഴിലാളികളും, പെട്ടെന്ന് പണികഴിഞ്ഞാലുണ്ടാകാവുന്ന തൊഴിലില്ലായ്മയെ മുന്നില്‍ കാണുന്നവരായിരുന്നു. ബ്രിട്ടണിലെ ഏറ്റവും വലിയ പണക്കാരനായ ഇന്‍ഡ്യാക്കരന്റെ കസാഖിലുള്ള ഉരുക്ക് കമ്പനിയില്‍ നിന്നും തൊഴിലാളികളും, ദ്വിഭാഷികളും, സാങ്കേതിക സഹായികളും വിദഗ്‌ദ്ധരുമൊക്കെ കൂട്ടത്തോടെ ടെന്‍‌ഗിസിലേക്ക പാലായനം ചെയ്തത് അവിടെ കിട്ടുന്നതിലും അഞ്ചും ആറും ഇരട്ടി ശമ്പളം ഇവിടെ ലഭിക്കുന്നത് കൊണ്ടും മറ്റുള്ള ജീവിത സൗകര്യങ്ങള്‍ തികച്ചും സൗജന്യമായിരുന്നതും കൊണ്ടാണ്. ഇങ്ങനെ കിട്ടുന്ന ഈ സൗജന്യ ജീവിത സൗകര്യങ്ങളും സ്വപ്നം കാണുന്നതിനും മുകളില്‍ കിട്ടിയിരുന്ന ശമ്പളവും, തൊഴിലാളികളെ എത്രത്തോളം പണി നീട്ടിയെടുക്കുന്നതിനു പ്രേരിപ്പിച്ചു.

ഇതിനെല്ലാം പുറമെ, 2006 ഒക്ടോബറില്‍ രണ്ടു രാജ്യങ്ങളിലെ തൊഴിലാളികള്‍‌ക്കിടയില്‍ നടന്ന വന്‍ സംഘര്‍ഷം. യൂറോപ്യന്‍ മാരെന്ന് സ്വയം ഭവിക്കുന്ന തുര്‍ക്കിഷുകള്‍ കസാഖ് തൊഴിലാളികളുടെ മേല്‍ നേടാന്‍ ശ്രമിച്ച മേല്‍ക്കമ്യ്മ ഒരു വന്‍ സംഘര്‍ഷത്തിലേക്കും നൂറുകണക്കിനു തുര്‍‌ക്കിഷുകളുടെ മരണത്തിലേക്കും, അതിലേറെ പേര്‍ക്ക് പരിക്കും നാലായിരത്തോളം വരുന്ന തുര്‍ക്കികളുടെ പാലായനത്തിലും അവസാനിച്ചു. ഈ സംഘര്‍ഷത്തെ തുടര്‍ന്ന് ഒന്ന് രണ്ട് മാസം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തികച്ചും നിശ്ചലമായപ്പോള്‍, ഇന്‍ഡ്യയില്‍ നിന്നും ഫിലിപ്പിന്‍സില്‍ നിന്നുമുള്ള തൊഴിലാളികളെക്കൊണ്ട് വന്ന നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാന്‍ മാനേജ്മെന്റ് തീരുമാനിച്ചു. അതിനു ഫലം കാണുകയും ചെയ്തു. "ഹിന്ദുസ്ഥാനി"കളോട് പൊതുവെ മൃദുസമീപനമുള്ള ഇവിടത്തെ ജനങ്ങള്‍ അനിഷ്ടങ്ങളൊന്നും കാണിച്ചില്ല. അക്കാര്യം മുതലെടുത്ത് പ്രധാന കരാറുകാരന്‍ അതിവേഗത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏകദേശം പൂര്‍ത്തിയാക്കി. കൂടാതെ, "Zero Tolerance" എന്ന ഒരു നിയമം കൂടി പാസ്സാക്കി. ഈ നിയമപ്രകാരം, വെറുതെ സംസാരിക്കുമ്പോള്‍ പോലും "ഫക്ക് "എന്നൊരു വാക്കുകൂടി ഉച്ചരിക്കാന്‍ വയ്യാതായി, ഏതെങ്കിലുമൊരു പെണ്ണിനെക്കണ്ട് കണ്ട്രോള്‍ വിട്ട് "വൈകിട്ടെന്താ പരിപാടി" എന്നു ചോദിച്ചാലും നിയമ ലംഘനമായി. നിയമം ലംഘിക്കുന്നവര്‍ പിറ്റേ ദിവസം ടെന്‍ഗിസിനു പുറത്ത്. അതില്‍ പദവിയോ രാജ്യമൊ, വര്‍ഗ്ഗമോ ഒന്നും ഒഴിവാക്കിയിരുന്നില്ല. നിയമം വെറും കടലാസില്‍ മാത്രമല്ലന്ന് തെളിയിക്കുന്നതായിരുന്നു ബാത്ത് റൂമില്‍ അടിയുണ്ടാക്കിയ രണ്ട് റഷ്യാക്കാരേയും, ഒരു ദ്വിഭാഷി പെണ്ണീനോട് ചിക്കന്‍ ബ്രെസ്റ്റിന്റെ റഷ്യന്‍ പദം ചോദിച്ച അമേരിക്കക്കാരനേയും പുറത്താക്കിയ സംഭവം. ഇതോടെ പുറത്താക്കിയാല്‍ നേരിടേണ്ടി വരുന്ന ചോദ്യ ചിഹ്നമോര്‍ത്ത് കസാക്കികള്‍ അല്പമൊന്നടങ്ങി.

"Zero tolerance" നു പുറമേ നിലവിലുണ്ടായിരുന്ന "Zero Alcoholic Policy" കൂടുതല്‍ ശക്തമാക്കിയതോടെ കള്ളുകുടിയന്മാരേയും കുടിക്കാരികളേയും വരുതിയില്‍ നിര്‍ത്താന്‍ സാധിച്ചു. അയ്യായിരത്തില്‍ കൂടുതല്‍ ആളുകള്‍ താമസിക്കുന്ന ക്യാമ്പ് ഏരിയയില്‍ അഞ്ച് ബാറുകള്‍ കമ്പനി തന്നെ നടത്തുന്നുണ്ട്. പക്ഷെ അത് കുടീച്ച് കുത്താടി വാളുവെക്കുന്നവര്‍ക്ക് വേണ്ടിയുള്ളതല്ല. ബിയറും വൈനും മത്രം കിട്ടുന്ന ബാറിലിരുന്ന് മാനസികോല്ലാസത്തിനു അല്പം നുണയാം. അതിലും തികയാത്തവര്‍ക്ക് കോമ്പൗണ്ടിനു പുറത്ത് കിട്ടുന്ന വിലകുറഞ്ഞ മദ്യം മേടിച്ച് സേവിക്കാം. അവിടെയാണ് "Alcoholic policy" യുടെ കളി. പുറത്ത് നിന്ന് കിട്ടുന്ന വൃത്തികെട്ട സാധനം മേടിച്ചടിച്ച് വാളുവച്ച് വഴിയില്‍ കിടക്കുകയോ, ബഹളമുണ്ടാക്കുകയൊ സെക്യൂരിറ്റിയുടെ തന്തക്ക് വിളിക്കുകയോ ചെയ്താല്‍, സെക്യൂരിറ്റി കസ്റ്റഡിയിലെടുക്കുന്നു. കസ്റ്റഡിയിലെടുക്കുന്നത് രാത്രിയിലാണങ്കില്‍ വെളുപ്പിനു ആറ് മണിവരെ സെക്യൂരിറ്റിയോടൊപ്പം സൊറ പറഞ്ഞിരിക്കാം. കൃത്യം ആറ് മണിക്ക് അതായത് ഡ്യൂട്ടി തുടങ്ങുന്ന സമയത്ത് ആള്‍ക്കഹോളിക് ടെസ്റ്റിനു വിധേയനാക്കുന്നു പിടിക്കപ്പെട്ടവനെ. ആള്‍ക്കഹോളിക് ടെസ്റ്ററില്‍ "0" എന്നല്ലാതെ ഏതെങ്കിലും ഒരു സംഖ്യ തെളിഞ്ഞാല്‍ അവന്റെ/അവളുടെ കാര്യം കട്ട പൊക. വെള്ളമടിച്ച് പുറത്തായതില്‍ കൂടുതലും U.K. യില്‍ നിന്നുള്ളവരായിരുന്നു, മലയാളികള്‍ക്ക് ശേഷം. ഞായറാഴ്ച വൈകിട്ട് വെള്ളമടിച്ച് കെട്ട് വിടാതെ തിങ്കളാഴ്ച രാവിലെ കമ്മീഷണിംഗ് മാനേജരെ തെറിവിളിച്ച് പുറത്തായ ഗുല്‍ഷാന്‍ കെന്‍ഷിബയേവ എന്ന സുന്ദരിയേയും ഓര്‍ത്ത് പോകുന്നു. മാനേജ്മെന്റിനെ സംബന്ധിച്ചിടത്തോളം എല്ലാക്കാര്യങ്ങളും അത്ര എളുപ്പത്തില്‍ മുന്നോട്ട് പോകുക എന്നുള്ളത് അത്ര എളുപ്പമായിരുന്നില്ല.

ഇങ്ങനെയൊക്കെയാണങ്കിലും മാനേജ്മെന്റിനു സന്തോഷിക്കാന്‍ ഒത്തിരി കാരണങ്ങളുണ്ട്. അധിക ചിലവും പ്രോജക്ടിന്റെ ദൈര്‍ഘ്യവും അവരെ അധികം അലട്ടില്ല. പ്രോജെക്ട് ഡിസൈന്‍ സമയത്തുണ്ടായിരുന്ന എണ്ണവിലയുടെ ഇരട്ടിയിലധികമാണ് ഇപ്പോഴത്തെ മാര്‍ക്കറ്റ് വില. അതുമാത്രമല്ല, 2007 ഒക്ടോബറില്‍ കമ്മിഷന്‍ ചെയ്ത പ്രോജക്ടിന്റെ ഒന്നാം ഘട്ടം, ദിവസത്തില്‍ അഞ്ചു ലക്ഷത്തി നാല്പതിനായിരം ബാരല്‍ ഉല്പാദന ക്ഷമതയുള്ള ക്രൂഡ് സെപ്പെറേഷന്‍ യൂനിറ്റ് ചില്ലറ കാശല്ല മാനേജ്മെന്റിനു നേടിക്കൊടുത്തത്. അതും കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ എണ്ണ വിലയിലുണ്ടായ വന്‍ വര്‍‌ദ്ധന സമയത്തൊക്കെ ഫുള്‍ കപ്പാസിറ്റിയിലായിരുന്നു ഈ യൂണിറ്റ് ഓടിയിരുന്നത്.

ഏകദേശം ഇരുപത്തി എട്ട് ബില്യണ്‍ ബാരല്‍ എണ്ണയാണ് ഇതിന്റെ റിസര്‍‌വോയറിലുള്ളത്. ഇത്രയും സാധനം എത്രയും പെട്ടെന്ന് ഊറ്റിയെടുത്ത് വിറ്റ് കാശാക്കാന്‍ വേണ്ടീ, ഇപ്പോള്‍ ചെയ്തതു പോലെയുള്ള മറ്റൊരു പ്രോജക്ടിന്റെ ഇഞ്ചിനീയറിംഗ് ജോലികള്‍ ആരംഭിച്ചുകഴിഞ്ഞു.

ക്രുഡ് സെപ്പറേഷന്‍ യൂനിറ്റിനു പുറമേ, പ്രൊപൈനും ബ്യൂട്ടൈനും വേര്‍തിരിച്ചെടുക്കുന്ന ഒരു ഗ്യാസ് ട്രീറ്റ്മെന്റ് യൂനിറ്റ്, പതിനേഴു ശതമാനത്തോളം വരുന്ന സള്‍ഫര്‍ ഘടകത്തെ വേര്‍തിരിക്കാനായി സള്‍ഫര്‍ റിക്കവറി യൂനിറ്റ്, അതിനെ ഗ്രാന്യൂള്‍സാക്കി മാറ്റുന്ന സള്‍ഫര്‍ ഫോര്‍മിഗ് യൂണിറ്റ്. ഇതിനെല്ലാം പുറമേ, ക്രൂഡ് സെപ്പെറേഷന്‍ സമയത്തുണ്ടാകുന്ന സോര്‍ ഗ്യാസിന്റെ കുറച്ച് തിരിച്ച് എണ്ണക്കിണറുകളിലൂടെ ഇന്‍‌ജെക്ട് ചെയ്ത് റിസര്‍‌വോയറിലെ ഗാസ് ഓയില്‍ റേഷ്യ നിലനിര്‍ത്തുന്നു.

ഒന്ന് ചീയുന്നത് മറ്റൊന്നിനു വളമാകുന്നു എന്ന് പറയുന്നതു പോലെയാണ് സംഗതികളുടെ കിടപ്പ്. സൗദി അറേബിയയിലെ ഞങ്ങളുടെ പഴയ കമ്പനിയിലെ ഒരേ ഡിപ്പാര്‍ട്ട്മെന്റില്‍ നിന്നും ഒന്നിനു പിറകേ ഒന്നായി ഓരോ മലയാളിയും ഒഴുകിവന്നപ്പോള്‍ അവര്‍ക്ക് നഷ്ടപ്പെട്ടത്, പ്രസ്റ്റീജ് കോണ്ട്രാക്ട്സ് ഏറ്റെടുക്കാനുള്ള ആത്മവിശ്വാസമായിരുന്നു. ഞങ്ങളുടെ കൂട്ടത്തോടെയുള്ള പാലായനം ഗുണം ചെയ്ത മറ്റൊരു സമൂഹം സൗദിയില്‍ ഇപ്പോഴുമുണ്ട്. കൂടുതല്‍ ചോര്‍ച്ചകള്‍ ഒഴിവാക്കാനായി അവിടെ ശമ്പള വര്‍ദ്ധനവുള്‍പ്പെടെയുള്ള എല്ലാ അടിസ്ഥാന കാര്യങ്ങളും മെച്ചപ്പെടുത്തി.

സ്വകാര്യമായി ഞാന്‍ സന്തോഷിക്കുകയും അഹങ്കരിക്കുകയും ചെയ്യുന്ന ഒത്തിരി സന്ദര്‍ഭങ്ങളും സാഹചര്യങ്ങളൂം എനിക്ക് നല്‍കിയ ഒരു പ്രോജക്ട് കൂടിയാണിത് - ഒപ്പം ഒത്തിരി പഠിക്കാനും. ഒരു സാധാരണ മലയാളിയില്‍ കാണുന്ന സങ്കുചിത മനസ്ഥിതിയും അപകര്‍‌ഷതാ ബോധവും കുറച്ചെങ്കിലും കുറക്കുവാന്‍ എനിക്ക് സാധിച്ചു. സൗദി അറേബ്യയില്‍ നിന്ന് പെട്ടെന്ന് ഇങ്ങോട്ട് പറിച്ച് നട്ടപ്പോള്‍ അനുഭവപ്പെട്ട വ്യത്യാസം വളരെ വലുതാണ്. സ്വാതന്ത്ര്യം തന്നെയാണ് അതില്‍ മുഖ്യം. സൗദി അറേബിയയില്‍ എന്തു ചെയ്യുമ്പോഴും ആരെയൊക്കെയോ ഭയക്കണമായിരുന്നു. ഇവിടെ സ്വതന്ത്രമായി നടക്കാനും, ചിരിക്കാനും, വാരാന്ത്യങ്ങളില്‍ അല്പം ആഘോഷിക്കാനും സാധിച്ചു. സാസ്കാരിക സമ്പന്നരാണ് കേര്‍ളീയര്‍ എന്ന് അഹങ്കരിച്ചിരുന്ന ഞാന്‍, പല കാര്യങ്ങളിലും സംസ്കാര ശൂന്യരാണെന്ന് മനസ്സിലായി. കപട സദാചാരത്തിന്റെ മുന്നില്‍ ഇന്‍ഡ്യാക്കാരനാണെന്നുള്ളത് ഒരു അപ്രിയ സത്യമാണ്. ശക്തമായ സൗഹൃദ ബന്ധങ്ങള്‍ ഇവിടെയുണ്ടായി, ആണിനോടും പെണ്ണിനോടും. ഉള്ളില്‍ കളങ്കമില്ലാതെ സംസാരിക്കാന്‍ ഈ നാട്ടിലെ ജനങ്ങള്‍ക്കറീയാം. ജോലിയോടുള്ള ആത്മാര്‍ത്ഥതയും പെര്‍ഫക്ഷണിസവും അഭിനന്ദാര്‍ഹമാണ്.

എത്രകാലം കഴിഞ്ഞാലും ഒത്തിരിയൊത്തിരി ഓര്‍മ്മകള്‍ അവശേഷിക്കുന്ന രണ്ട് വര്‍ഷങ്ങളായിട്ട് ഇത് അവശേഷിക്കും. വാരാന്ത്യങ്ങളില്‍ കാതടപ്പിക്കുന്ന റോക്ക് സംഗീതത്തിനനുസരിച്ച് ഡിസ്കോ സ്റ്റാന്‍ഡില്‍ അരകളിളക്കി ചുവടുവയ്ക്കുന്ന റഷ്യന്‍ കസാക്കി സുന്ദരിമാര്‍. സമ്മര്‍ കാലത്തെ ബാര്‍ബിക്യൂ പാര്‍ട്ടികളില്‍ ചുട്ടെടുക്കുന്ന പന്നിയും ബിയറും ചേര്‍ന്ന കോമ്പിനേഷന്‍. ഓഫീസിനുള്ളിലെ സ്വതന്ത്രമായ വര്‍ക്കിംഗ് അറ്റ്മോസ്ഫിയര്‍. തൊട്ടുരുമ്മി പാറി പറന്ന് നടക്കുന്ന ദ്വിഭാഷി പെണ്‍കുട്ടികള്‍.

ഒരു പെണ്ണിനോടൊപ്പം അടുത്തിരുന്നു യാത്ര ചെയ്താലോ ഓഫീസിലെ അടുത്തടുത്ത മേശമേലിരുന്നു ജോലി ചെയ്താലും ഒന്ന് ഗര്‍ഭം ഉണ്ടാകില്ലായെന്നും മനസ്സിലായി. ആണും പെണ്ണും തമ്മില്‍ ദീര്‍ഘകാല സൗഹൃദം ഉണ്ടാകില്ലായെന്നും അത് പ്രേമത്തിലേക്കും പിന്നെ കാമത്തിലേക്കും വഴുതി വീഴുമെന്ന് എഴുതി പിടിപ്പിക്കുകയും പറഞ്ഞ് ഫലിപ്പിക്കുകയും ചെയ്ത ഉണ്ണാക്കന്മാരെ ഞാന്‍ നിങ്ങളെ എന്തു വിളിക്കണം???

സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യവും സുരക്ഷിതത്വവും ഉള്ളൊരു രാജ്യം കൂടിയാണിത്. . വിദ്യാഭ്യാസത്തിലും സ്ത്രീകളാണ് മുന്നില്‍. കുടുംബത്തിനു വേണ്ടി അഹോരാത്രം പണിയെടുക്കുന്ന ഇവിടത്തെ സ്ത്രീകളെ അഭിനന്ദിക്കണം. കമ്മ്യൂണിസം മടിയന്മാരാക്കിയ ആണുങ്ങള്‍ വോഡ്കയടിച്ച് വീട്ടില്‍ കിടന്നുറങ്ങുമ്പോള്‍, കുടുംബ ഭാരവും തലയിലെടുത്ത് സ്ത്രീകള്‍ ജോലിക്കിറങ്ങുന്നു- കെട്ടിയോന്മാരെ പോറ്റുന്നു. സ്വന്തം ഭര്‍ത്താവിനു കള്ള് മേടിക്കാന്‍ പോലും ജോലിയെടുക്കേണ്ടി വരുന്ന സ്ത്രീകള്‍, മറ്റുള്ളവനു മുന്നില്‍ മടിക്കുത്തഴിക്കുമ്പോള്‍ അവളെ മാത്രം കുറ്റം പറയാനാവില്ല.

മുസ്ലിം രാജ്യമെന്ന ലേബല്‍ മാത്രമുള്ള ഈ രജ്യത്തെ എനിക്ക് പെരുത്ത് ഇഷ്ടമാണ്. ശരി‌അത്ത് നിയമമോ, ഇസ്ലാം നിയമത്തിന്റെ ചട്ടക്കൂടുകളൊ ഇവിടെയില്ല. മത ഭ്രാന്തന്മാരില്ല - അതിനാല്‍ തീവ്ര വാദികളും ഇല്ല. ഒരിക്കല്‍ ദിനാര യെന്ന ദ്വിഭാഷിയായ മുസ്ലിം പെണ്‍കുട്ടിയോട് ഇസ്ലാം മതമനുസരിച്ച് ജീവിക്കാത്തതിന്റെ കാരണം തിരക്കിയപ്പോള്‍ അവള്‍ പറഞ്ഞത് "എനിക്ക് കൂട്ടിലടച്ച കിളിയെപ്പോലെ ജീവിക്കുന്നതിനേക്കാള്‍ ഇഷ്ടം സ്വതന്ത്രനായ മനുഷ്യനായി ജീവിക്കണം." ഇവിടെയെത്തിപ്പെട്ട പാകിസ്ഥാനികളും നോര്‍ത്ത് ഇന്‍ഡ്യന്‍ മുസ്ലീം സഹോദരന്മാരു ചേര്‍ന്ന് ചെറിയൊരു മൂവ്മെന്റ് ഒക്കെ നടത്തി നോക്കിയെങ്കിലും ഇവിടത്തെ ജനങ്ങളത് കണ്ട ഭവം നടിച്ചില്ല. അവര്‍ക്കിനിയും മനുഷ്യനായി ജീവിക്കണം.

എല്ലാ യൂനിറ്റുകളില്‍ നിന്നും ഉല്പാദനം എടുത്ത് തുടങ്ങിയപ്പോള്‍, സ്വാഭാവികമായും ഓരോ വിഭാഗങ്ങളില്‍ നിന്നും ഇഞ്ചിനീയെഴ്സിന്റേയും ടെക്നീഷ്യന്‍സിന്റേയും എണ്ണം കുറച്ചു കൊണ്ടു വന്നു. അല്ലെങ്കിലും പണി തീരെ.. തീരെ, ആശാരി ദൂരെ.. ദൂരെ എന്നാണല്ലോ? ഇഞ്ചിനിയേഴ്സും ടെക്നീഷ്യന്‍സുമാരുമടക്കം നാനൂറില്‍ പരമുണ്ടായിരുന്ന Electrical & Instrumentation Commissioning Team ഇപ്പോള്‍ എഴുപതില്‍ താഴെയായി ചുരുങ്ങി. അവസാന ഘട്ടങ്ങളിലെ "തിരിച്ചു വിടല്‍" പ്രക്രിയ ആരംഭിച്ചപ്പോള്‍, കസാഖികളും റഷ്യക്കാരുമായ എമ്പ്ലോയീസിന്റെ മുഖങ്ങളിലെ തെളിച്ചം കുറഞ്ഞു വന്നു. ഭാവിയെക്കുറിച്ചുള്ള ആശങ്ക അവരെ വല്ലാതെ അലട്ടി. ഇത്രത്തോളം ചിലവേറിയ ജീവിത നിലവാരമുള്ള ഈ രാജ്യത്തെ തുച്ഛമായി കിട്ടുന്ന ശമ്പളം കൊണ്ട് ജീവിക്കാന്‍ വളരെ ബുദ്ധിമുട്ടാണ്. വോഡ്കയടിച്ചും, സിഗററ്റ് വലിച്ചു തള്ളിയും പ്രസന്നവദനരായി നടന്നിരുന്ന സഹപ്രവര്‌ത്തകരുടെ വാടിയ മുഖം കാണുന്നത് വളരെ വിഷമമുണ്ടാക്കി.

എന്റെ സഹപ്രവര്‍‌ത്തകര്‍ക്ക് അധികം വിഷമിക്കേണ്ടി വരില്ല എന്നാണ് എന്റെ പ്രതീക്ഷ. എണ്ണ സ്രോതസ്സ്ക്കൊണ്ട് സമ്പുഷ്ടമായ ഈ രാജ്യത്ത് വരും വര്‍ഷങ്ങളില്‍ ഉണ്ടാകാന്‍ പോകുന്ന തൊഴിലവസരങ്ങള്‍ അനവധിയാണ്. അടുത്തെ പത്ത് പതിനഞ്ച് വര്‍ഷങ്ങള്‍ കൊണ്ട് എണ്ണ ഉല്പാദനത്തില്‍ സൗദി അറേബ്യക്ക് ഒപ്പമെത്തും ഈ രാജ്യം. അറബികളെപോലെയല്ല ഇവിടത്തെ പുതിയ തലമുറ. വിവരമുള്ളവരും വിദ്യാഭ്യാസമുള്ളവരുമാണ്. ഇംഗ്ലീഷ് വിദ്യാഭ്യാസവും കൂടീ ഈ തലമുറ നേടിക്കഴിഞ്ഞാല്‍, ഈ രാജ്യത്തെ പണമുള്ള രാജ്യത്തിന്റെ പട്ടികയില്‍ പെടുത്താന്‍ അധിക കാലതാമസം നേരിടില്ല.

കസാഖിനെക്കുറിച്ച് എത്ര എഴുതിയിട്ടും മതി വരുന്നില്ല. ടെന്‍ഗിസ് ഗ്രാമത്തിലെ അവസാന ദിവസങ്ങള്‍ സന്തോഷപ്രധമാക്കുകയാണ് ഇപ്പോള്‍. ഇനി ഒരിക്കലും കാണില്ലായെന്ന സത്യത്തോടെ ഓരോ മുഖത്തിനോടും യാത്ര പറയണം. ആത്മാര്‍ത്ഥമായ സൗഹൃദങ്ങള്‍ വാക്കുകളിലും വരകളിലും കൂടെ കുറച്ചുകാലം നീണ്ടു നില്‍ക്കും. പിന്നെ എല്ലാം മായും. എല്ലാവരോടും എല്ലാത്തിനോടും നന്ദി. ഒ. എന്‍. വി. കുറുപ്പിന്റെ ആ പഴയ കവിത ഇപ്പോള്‍ ഓര്‍മ്മ വരുന്നു...

"ഒരു വട്ടം.. കൂടിയാ....".

Comments

Unknown said…
വെടിമരുന്നും തീയും തമ്മില്‍ കൂട്ടിമുട്ടിയാല്‍ കത്താതിരിക്കണമെങ്കില്‍
അതും മൈനസ് അറുപതില്‍ സൂക്ഷിക്കണം.
ഉണ്ണാക്കന്‍,ടെംഗിസ്, കസാഖ്സ്താന്‍.
Anonymous said…
Nice. Best wishes..
Anonymous said…
Sunnikuttan,

really u miss that experience. I would like to stay there, when i read ur blog.What is ur next plan?Where will u go?
sunny,
all the best for your future!
K.V Manikantan said…
വളരെ നല്ല വിവരണം.

കുറച്ച് ഫോട്ടോ ഉണ്ടായിരുന്നെങ്കില്‍ അതി കേമം ആയേനേ.

Popular posts from this blog

അഭിലാലിന്റെ സംശയം

ഒരു ചാറ്റിംഗ് ദുരന്തം

കൈക്കൂലി അപ്പന്‍ അഥവാ വായാടിക്കുന്നിലപ്പന്‍