ശിവതാണ്ഡവം

രണ്‍ടു മാസങ്ങള്‍ക്ക് മുന്‍പുള്ള ഒരവധിക്കാലം. പ്രസവാനന്തര ശ്രുശൂഷയുമായി ഭാര്യ ഭാര്യാഗൃഹത്തിലും, സഹോദരീ പുത്രന്മാരെ മര്യാദ പഠിപ്പിക്കാനായി അച്ഛനും അമ്മയും പെങ്ങളോടൊപ്പം മസ്കറ്റിലും. (രണ്ടു മാസത്തിനുള്ളില്‍ അച്ഛനും അമ്മയും മര്യാദ പഠിച്ച് ഫ്ലൈറ്റ് കയറിയത് യാഥാര്‍ത്ഥ്യം) വീട്ടില്‍ ഞാനും എനിക്ക് കൂട്ടിന് എന്റെ ഒരു കസിന്‍ ബ്രദറും. അവന്‍ എന്നേക്കാള്‍ പത്ത് പന്ത്രണ്ട് വയസ്സിനിളയതാണങ്കിലും കയ്യിലിരിപ്പിന് എന്നേക്കാള്‍ ഇരുപത് വര്‍ഷം മുന്നിലാണെന്നാണ് നാട്ടില്‍ പെണ്‍മക്കളുള്ള തന്തമാര്‍ പറയുന്നത്.


ഭാര്യമാര്‍ പ്രസവിച്ച് കിടക്കുമ്പോഴാണല്ലോ പൊതുവേ ഭര്‍ത്താക്കന്മാരല്പം സ്വാതന്ത്ര്യം അനുഭവിക്കുന്നതും പോക്രിത്തരങ്ങള്‍ കാണിക്കുന്നതും. അങ്ങനെ ഞാനും ഒന്നാഘോഷിക്കാന്‍ തീരുമാനിച്ചു. പൊകുന്ന വഴിക്ക് ദുബായില്‍ നിന്ന് വാങ്ങിയ ഒരു ജോണിവാക്കറും, ഹോട്ടല്‍ ഡബ്ലൂണില്‍ നിന്നും വാങ്ങിയ ബീഫ് ചില്ലിയുമായി ഞാനിരുന്നു - എനിക്ക് കുട്ടിന് നമ്മുടെ കസിന്‍ പയ്യനും. വീട്ടിലെ നിയമമനുസരിച്ച് ചേട്ടനും അനിയനും ഒരുമിച്ചിരുന്നു ഒരിക്കലും വെള്ളമടിക്കാന്‍ പാടില്ലായെന്നുള്ളതാണ്. എന്നാലും എനിക്കവനേയും അവനെന്നേയും നന്നായി അറിയാവുന്നത് കൊണ്ട് ആ നിയമം ലംഘിക്കുന്നതില്‍ തെറ്റില്ല എന്ന് തോന്നി. അവനൊന്ന് എനിക്ക് രണ്ട് എന്ന റേഷ്യോയില്‍ കാര്യങ്ങള്‍ പുരോഗമിച്ചുകൊണ്ടിരിക്കെ, പെട്ടെന്നവന്‍ കരയാന്‍ തുടങ്ങി. അന്തം വിട്ട് ഞാന്‍ കാര്യമന്യേഷിച്ചിട്ടും അവന്‍ മറുപടി പറയാതെ കരച്ചിലോട് കരച്ചില്‍. ഒരു വിധത്തില്‍ പറഞ്ഞ് സമാധാനിപ്പിപ്പോള്‍ കരയുന്നതിന്റെ കാര്യം അവന്‍ ഗദ്ഗദത്തോടെ പറഞ്ഞു. അവന്‍ നാലാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഞാനവനെ എന്തൊ തെറ്റിദ്ധാരണയുടെ പേരില്‍ അടിച്ചിട്ടുണ്ട് , അന്നവന് അത് നന്നായി വേദനിച്ചു പോലും. കരച്ചിലിന്റെ കാര്യം അടിയല്ല ജോണിവാക്കറാണെന്ന നഗ്ന സത്യം ഞാന്‍ മനസ്സിലാക്കി അവനെ കിടത്തി ഉറക്കി. ജോണിവാക്കര്‍ സിരകളിലോടാന്‍ തുടങ്ങിയപ്പോള്‍ ഞാനും പോയി കിടന്നുറങ്ങി.


എന്റെ ബെഡ്റുമിന്റെ പടിഞ്ഞാറ് ഭാഗത്തെ ജനാല ഞാന്‍ ഒരിക്കലും രാത്രി തുറക്കറില്ല. കാരണം,വീടിന്റെ പടിഞ്ഞാറ് ഭാഗത്ത് ഏകദേശം എണ്‍പത് മീറ്റര്‍ അകലത്തില്‍ ഒരു ക്ഷേത്രമുണ്ട്. ശിവ ക്ഷേത്രമാണ്, ഒപ്പം , ദേവിയും, ഗണപതി ഭഗവാനും, പിന്നെ നാഗരു കാവും. ജനാല തുറക്കാത്തത് പേടികൊണ്ടൊന്നുമല്ല, എന്റെ ബെഡ്റൂമില്‍ ആരും നോക്കുന്നത് എനിക്കിഷ്ടമല്ല അതിനി ദൈവമായാലും.
പക്ഷെ, അന്ന് ഞാന്‍ ആ ജനാല തുറന്നു മുറിയിലെ വായു സഞ്ചാര നിരക്ക് കുട്ടി കട്ടിലില്‍ മലര്‍ന്നടിച്ചു കിടന്നുറങ്ങി. ഒരു വലിയ നിലവിളി കേട്ട് ഞെട്ടിയുണര്‍ന്നു ജനാലയിലൂടെ പുറത്തേക്ക് നോക്കിയ ഞാന്‍ കണ്ടത്, സിരകളിലോടിക്കൊണ്ടിരുന്ന ജോണിവാക്കറെ വേപ്പറൈസ് ചെയ്യുന്ന തരത്തിലുള്ള കാഴ്ചയാണ്. ഒരു തീ നാളം പിന്നെ ഒരലര്‍ച്ച. ഞാന്‍ പെട്ടെന്ന് ജാനാല അടച്ചു, അടുത്ത മുറിയില്‍ കിടന്നുറങ്ങുന്ന കസിനെ വിളിച്ചുണര്‍ത്താന്‍ ശ്രമിച്ചു. വളരെ പണിപ്പെട്ട് എഴുന്നേറ്റ് വന്ന അവനോട് ഞാന്‍ കണ്ട കാര്യം പറഞ്ഞപ്പോള്‍ അവന്‍ നിസ്സാരമായി പറഞ്ഞു, "ഓ അവിടെ ശിവ ഭഗവാനും, പാര്വതിയും ഗണപതിയുമൊക്കെയുള്ളതല്ലെ? എന്തെങ്കിലും കുടുംബ പ്രശ്നമായിരിക്കും. നാട്ടാരുടെ കുടംബ പ്രശ്നത്തില്‍ കയ്യിടാതെ പോയിക്കിടന്നുറങ്ങ് അണ്ണാ". അവനത് പറഞ്ഞ് തീര്‍ന്നതും, ഒരാര്‍ത്ത നാദം കുടികേട്ടു. ഇപ്പോള്‍ ഞാന്‍ മാത്രമല്ല, ലവനും ഞെട്ടി.
ഭഗവാനെ പരീക്ഷിക്കുകയാണൊ?, അറിയാവുന്ന ദൈവങ്ങളെയൊക്കെ വിളിച്ചു. വീടിനകത്തും പുറത്തുമുള്ള എല്ലാ ലൈറ്റുകളും ഓണ്‍ ചെയ്തു. കുറച്ച് നേരത്തേക്ക് ശബ്ദമൊന്നും കേട്ടില്ല. എല്ലാം നിശബ്ദമായപ്പോള്‍ ലൈറ്റ് ഒക്കെ ഓഫാക്കി പേടിയോടെ വീണ്ടും കിടന്നുറങ്ങാന്‍ കട്ടിലിനടുത്തേക്ക് ചെന്നപ്പൊഴേക്കും വീണ്ടും നിലവിളിയും അക്രോശവും. വീണ്ടും ലൈറ്റിട്ടു. ഇതെന്തായാലും ഭഗവാന്റെ കുടുംബ പ്രശ്നമല്ലായെന്ന് മനസ്സിലായി. പ്രശ്നം മറ്റെന്തോ ആണ്?


എതായലും ടോര്‍ച്ചും വടിയും ഒക്കെ എടുത്ത് ഞങ്ങള്‍ വീടിനു പുറത്തിറങ്ങി. വീടിന്റെ മുന്‍ വാതില്‍ മാക്സിമം തുറന്നു വച്ചു - എന്തെങ്കിലും എമെര്‍ജന്‍സി ഉണ്ടായാല്‍ ചാടി അകത്ത് കയറുന്നതിനു വേണ്ടി. ക്ഷേത്രത്തിലേക്ക് മതിലിന്റെ മറവിലുടെ മെല്ലെ മെല്ലെ ചുവടുകള്‍ വച്ചു. കുറച്ച് കൂടി അടുത്തേക്ക് ചെന്നപ്പോള്‍ ഒരു രൂപം വ്യക്തമായി കാണുന്നുണ്ട്, മൂടി നീട്ടി വളര്‍ത്തിയ ആ രൂപം തോളില്‍ എന്തോ വച്ചു കൊണ്ട് പുറം തിരിഞ്ഞ് നിന്ന് നൃത്തം ചെയ്യുന്നു.
"അണ്ണാ താണ്ഡവം, ശിവ താണ്ഡവം" - ലവന്‍ പറഞ്ഞു. അത് കേട്ടതും എന്റെ പാതി ജീവന്‍ പോയി. തിരിഞ്ഞോടാനായി തിരിയുമുന്‍പേ താണ്ഡവ രുപം തിരിഞ്ഞു. രൂപത്തിന്റെ ചുണ്ടില്‍ എരിയുന്ന സിഗററ്റ്.
ആരൊ കളിക്കുകയാണെന്ന് മനസ്സിലാക്കിയ ഞങ്ങള്‍ കുടുതല്‍ അടുത്തേക്ക് ചെന്നു. അപ്പോള്‍ രുപം അലറി " നില്‍ക്കവിടെ, എന്റെ താണ്ഡവ നൃത്തം നീ കണ്ടില്ലെ? എന്നെ ശല്യപ്പെടുത്തിയാല്‍ ഞാന്‍ എന്റെ തൃക്കണ്ണ് തുറന്ന് നിന്നെ ഭസ്മമാക്കും".
നല്ല പരിചയമുള്ള ശബ്ദം. കയ്യിലിരുന്ന ടോര്‍ച്ച് രൂപത്തിന്റെ മുഖത്തിലേക്ക് അടിച്ചു. രൂപം പ്രതികരിച്ചു "ഏത് കഴുവേറ്ട മോനെടാ ടോര്‍ച്ചടിക്കുന്നത്". കുറച്ചു കുടി അടുത്തേക്ക് ചെന്നപ്പോള്‍ ആളെ മനസ്സിലായി, പൊടിയന്‍‍.. മേശിരി പൊടിയന്‍. ആളെ മനസ്സിലായപ്പോള്‍ ധൈര്യമായി. കൂടുതല്‍ അടുത്തേക്ക് ചെന്നപ്പോഴാണ് ആ ഞെട്ടിക്കുന്ന കാഴ്ച കണ്ടത്. പൊടിയന്റെ തോളില്‍ ഇരിക്കുന്നത് നാഗരുടെ പ്രതിഷ്ഠ.
ഞാന്‍ പേടിയോടെ ചോദിച്ചു, " എന്താ പൊടിയാ ഇത്, നാഗരുടെ പ്രതിഷ്ഠയീളക്കിയോ നീ".
അതിനു പൊടിയന്‍ മറുപടി തന്നു. "ഞാന്‍ ശിവന്‍, ഇത് പാമ്പ്, പാമ്പിരിക്കേണ്ടത് ശിവന്റെ തോളിലാണ് അല്ലാതെ പിഠത്തിലല്ല.'
പൊടിയന്‍ പറഞ്ഞത് കറക്ട്, ഞാന്‍ എന്തു ചെയ്യണമെന്ന് ആലോചിച്ച് നില്‍ക്കെ, ഒരു അടിയും ഒരു വീഴ്ചയും. താണ്ഡവ നൃത്തം ചവിട്ടി നിന്ന പൊടിയന്‍ തറയില്‍ മലര്‍ന്നടിച്ചു കിടക്കുന്നു... പൊടിയന്റെ കരണത്ത് ആഞ്ഞടിച്ചിട്ട് നിന്ന് കിതക്കുന്നു നമ്മുടെ പയ്യന്‍.

അനുബന്ധം : നാഗരുടെ പുനപ്രതിഷ്ഠക്ക് അമ്പലക്കമ്മിറ്റിക്ക് ചിലവായത് പതിനയ്യായിരത്തോളം രുപ.

Comments

ആ പുന പ്രതിഷ്ഠക്കു ചെലവായ പൈസ പൊടിയന്റെ അടുത്തൂന്നു വാങ്ങേണ്ടത്തല്ലാരുന്നോ ??

ശിവ താണ്ഡവം രസമായി വായിച്ചൂ‍ൂ
Sherlock said…
ആ അലര്‍ച്ച ആരുടെതാര്‍ന്നു?
Unknown said…
സണ്ണിക്കുട്ടന് വെള്ളം, അനന്തരവന്‍ ചെറുക്കന് വെള്ളം,മേസ്തിരി പൊടിയന് വെള്ളം അവസാനം നാഗരു വെള്ളത്തിലും.. നിങ്ങടെ നാട് വെള്ളക്കാരുടെ മാത്രം നാടാണോ. ഏതായാലും ചെറുക്കനെ ഇഷ്ടപ്പെട്ടു.പാര്‍‌വതി എന്നല്ല സാക്ഷാല്‍ ജയറാമിന്‍റെ ആഭ്യന്തര പ്രശ്നത്തില്‍ പോലും ഇടപെടാത്ത ബുദ്ധിമാന്‍.
സു | Su said…
:) ഹിഹി. ഇനിയും ശിവതാണ്ഡവങ്ങൾ ഉണ്ടാവുമായിരിക്കും. കരുതിയിരിക്കുന്നത് നല്ലതാണ്.
ഹോ നൈസ് ശിവതാണ്ഡവം...
ശ്രീ said…
താണ്ഡവം തന്നെ, അല്ലേ?
(അടി കൊള്ളാത്തതിന്റെ കുറവായിരുന്നു എന്നു മനസ്സിലായില്ലേ?)
അതാണു താണ്ഡവം.അതു കലക്കി

“ജനാല തുറക്കാത്തത് പേടികൊണ്ടൊന്നുമല്ല,“
അതും മനസ്സിലായി
ഹി ഹി ഹി! ഇതിഷ്ടപ്പെട്ടു :)
BS Madai said…
മനുഷ്യനെ ഒന്നു സമാധാനമായി നൃത്തം ചെയ്യാന്‍ വിടില്ലെന്ന് വച്ചാല്‍.....!! ഇവന്മാര്‍ക്കൊന്നും ഉറക്കവുമില്ലേ? (ഇതു പൊടിയന്റെ ആത്മഗതം)
നന്നായിരിക്കുന്നു - അഭിനന്ദനങ്ങള്‍.
ഏത് ബ്രാന്‍ഡ് അടിച്ചാലാണ് നടരാജനായി സ്വയം തോന്നുക എന്ന് ചോദിക്കായിരുന്നില്ലെ പൊടിയനോട് ?
smitha adharsh said…
ശിവ താണ്ഡവം കലക്കിയല്ലോ..

Popular posts from this blog

അഭിലാലിന്റെ സംശയം

ഒരു ചാറ്റിംഗ് ദുരന്തം

കൈക്കൂലി അപ്പന്‍ അഥവാ വായാടിക്കുന്നിലപ്പന്‍