അമ്മ

കാറിലേക്ക് കയറുന്നതിന് മുന്‍പ് അവന്‍ ഒന്നുകൂടി തിരിഞ്ഞുനോക്കി. ഇല്ല. അമ്മയവിടെയില്ല. തന്റെ കൊച്ചുവിടിന്റെ വാതില്‍ അടഞ്ഞിരിക്കുന്നു. നകുലന്‍ തുറന്ന് പിടിച്ച ഡോറിലുടെ യമുന അവനെ അകത്തേക്ക് കയറ്റി. വീടിനുള്ളില്‍ നിന്ന് ഒരു തേങ്ങല്‍.. അവന്‍ വീണ്ടൂം തിരിഞ്ഞു നോക്കി. ഇല്ല ഒന്നും കേള്‍ക്കുന്നില്ല. യമുന അവന്റെ പിന്നാലെ അകത്തേക്ക് കയറി.

കാറ് മുന്നോട്ട് നീങ്ങി. അവന്‍ പിന്നിലത്തെ ഗ്ലാസ്സിലൂടെ തന്‌റ്റെ വീട്ടിലേക്ക് നോക്കി. ഇപ്പോഴും വാതില്‍ അടഞ്ഞ് തന്നെ കിടക്കുന്നു. കാറ് ഒരു വളവ് കഴിഞ്ഞതും അവന്റെ വിടിന്റെ കാഴ്ച കണ്ണില്‍ നിന്നും മറഞ്ഞു.

അവന്റെ കുഞ്ഞുടുപ്പുകളും, അവന്‍ ബസും കാറും ഒക്കെ ഉണ്ടാക്കി കളിച്ചിരുന്ന പൗഡര്‍ ടിന്നും മാറിലേക്ക് ചേര്‍ത്ത് അവന്റെ അമ്മ വിങ്ങിപ്പൊട്ടുകയായിരുന്നു.

കാറ് അവന് പരിചയമുള്ള വഴികളൊക്കെ കഴിഞ്ഞ് അപരിചിതമായ സ്ഥലത്തൂടെ ഓടികൊണ്ടിരുന്നു. അവന്‍ കാറിന്റെ ഇടതുവശത്തെ ജാലകത്തിലൂടെ പുറത്തെ കാഴ്ചകള്‍ കാണുന്നെങ്കിലും മനസ്സ് അവിടെങ്ങുമല്ലായെന്ന് യമുനക്ക് മനസ്സിലായി. പുറത്തെ കാറ്റടിച്ച് പറക്കുന്ന മുടിയിഴകളിലൂടെ യമുന വിരലുകളോടിച്ചു. അവന്റെ തോളിലൂടെ കയ്യിട്ട് അരികിലേക്ക് പിടിച്ചിരുത്തി. യമുനയുടെ കയ്യ് മെല്ലെ എടുത്ത് മാറ്റി വീണ്ടും ജാനാലക്കരികിലേക്കിരുന്നു. നകുലന്‍ യമുനയുടെ മുഖത്ത് നോക്കി സാരമില്ല എന്ന മട്ടില്‍ കണ്ണുകളടച്ചു കാണീച്ചു.

യമുന അവനെ കുളിപ്പിച്ച് പുത്തന്‍ വസ്ത്രങ്ങള്‍ ധരിപ്പിച്ചു. ഡൈനിങ്ങ് ടേബിളിലിരുത്തി ചോറ് വാരിക്കൊടുത്തെങ്കിലും ഒരു ഉരുളപോലും അവന്‍ കഴിച്ചില്ല. അവനുവേണ്ടി വാങ്ങി വച്ചിരുന്ന പുത്തന്‍ കളിപ്പാട്ടങ്ങളിലൊന്നു പോലും അവന്‍ തൊട്ടില്ല. അവന് വേണ്ടി ഒരുക്കിയ ശീതീകരിച്ച മുറിയില്‍ യമുന അവനെ ഉറക്കാന്‍ കിടത്തി.

യമുന മുറിക്കുള്ളില്‍ കടന്ന് കതകടച്ചപ്പോള്‍ നകുലന്‍ വായിച്ചുകൊണ്ടിരുന്ന പുസ്തകം മടക്കി വച്ചു. നകുലന്റെ മുഖത്ത് നോക്കാതെ അവള്‍ കിടക്ക‌വിരി എടുത്ത് കുടഞ്ഞു. തലയിണകളെടുത്ത് യഥാസ്ഥാനത്ത് വച്ചു. യമുനയുടെ മുഖത്തെ വ്യസന ഭാവം വായിച്ചറിഞ്ഞ നകുലന്‍, അവളുടെ അടുത്ത് ചെന്ന് അവളുടെ ചുമലില്‍ പിടിച്ച് തനിക്കഭിമുഖം നിര്‍ത്തി. അവളുടെ കണ്ണൂകള്‍ നിറഞ്ഞൊഴുകി. പെട്ടന്നവള്‍ തലകുനിച്ചു.
യമുനയുടെ മുഖം കൈകളില്‍ കോരിയെടുത്ത് നെറുകയില്‍ ഒരു ചുംബനം നല്‍കികൊണ്ട് ചോദിച്ചു,

"അവന്‍ നിന്നോടടുക്കുന്നില്ലല്ലേ?"

ഇല്ലന്നവള്‍ മൂളി.

"സാരമില്ലെടാ, അവന്റെ അമ്മയെ വിട്ട് വന്നതല്ലേ? നമ്മളുമായി പൊരുത്തപ്പെടാന്‍ കുറച്ച് സമയമെടുക്കും. ഒക്കെ ശരിയാകും". നകുലന്‍ യമുനയെ ആശ്വസിപ്പിച്ചു.

"ഇനി അവന്‍ അവന്റെ അമ്മയുടെ അടുത്തേക്ക് പോകണമെന്ന് പറഞ്ഞാല്‍?" യമുന സംശയം പ്രകടിപ്പിച്ചു.

"ഹെയ്, അങ്ങനെയൊന്നുമുണ്ടാകില്ല. നമ്മളുടെ സ്നേഹം അവന് മനസ്സിലാകാണ്ടിരിക്കില്ല? അവന് അഞ്ച് വയസ്സായതല്ലെ, കിടന്നോളു, നാളെ രാവിലെ അവന്റെ സ്കൂള്‍ അഡ്മിഷനുവേണ്ടി പോകേണ്ടതല്ലേ"?

നകുലന്‍ കട്ടിലിലേക്കിരുന്നു. യമുന മുറിയുടെ മൂലയിലിരിക്കുന്ന അലമാര തുറന്ന് ഫ്രയിം ചെയ്ത് വച്ചിരിക്കുന്ന ഒരു ഫോട്ടോ കയ്യിലെടുത്തു. സാരിത്തലപ്പ് കൊണ്ട് അതിന്റെ ചില്ല് തുടച്ചു. കുസൃതികാണിച്ചിട്ട് ഓടുന്ന കണ്ണനെ പീടിക്കാനായി പിന്നാലെ യമുന. കണ്ണന്‍ ചിരിച്ച കൊണ്ട് ഓടി മുറ്റത്തേക്ക്. യമുന "കണ്ണാ ഓടരുതേ, വീഴും" എന്ന് പറഞ്ഞ് കൊണ്ട് പിന്നാലെയും. പിന്നാലെ വരുന്ന അമ്മയെ കണ്ട് കണ്ണന്‍ തുറന്ന് കിടന്ന ഗേറ്റിലുടെ റോഡിലേക്കോടി. പാഞ്ഞ് വന്ന ആ വാഹനം.. പിഞ്ചു കുഞ്ഞിന്റെ രോദനം..

യമുനയുടെ കയ്യില്‍ നിന്നും നകുലന്‍ ആ ഫോട്ടോ തിരിച്ച് അലമാരയില്‍ വച്ചു പൂട്ടി. "എന്തിനാ നീ ഇതിപ്പോഴെടുത്ത് നോക്കിയത്, നമ്മുടെ കണ്ണന്‍ പോയില്ലെ, അവനത്രയേ ആയുസ്സ് തന്നുള്ളു ദൈവം". നിറ കണ്ണുകളൊടെ പറഞ്ഞുനിര്‍ത്തി.

യമുന തളര്‍ന്ന് നകുലന്റെ ദേഹത്തേക്ക് ചാരി. അവനവളെ കട്ടിലില്‍ കൊണ്ട് ചാരിയിരുത്തി മേശവലിപ്പില്‍ നിന്നും ഒരു ഗുളികയെടുത്ത് ജെഗ്ഗില്‍ നിന്നും വെള്ളം ഒരു ഗ്ലാസില്‍ പകര്‍ന്ന് യമുനയെക്കൊണ്ട് കഴിപ്പിച്ചു. ഗുളിക കഴിച്ചു കഴിഞ്ഞ യമുന‌യെ നകുലന്‍ കട്ടിലില്‍ കിടത്തി പുതപ്പെടുത്ത് പുതപ്പിച്ചു. ഒരു ദീര്‍ഘനിശ്വാസത്തോടെ നകുലനും കട്ടിലിലേക്കിരുന്നു.

കോളിംഗ് ബെല്‍ അടിക്കുന്ന ശബ്ദം കേട്ടാണ് നകുലന്‍ കതക് തുറന്നത്. പുറത്ത് നിന്ന സ്ത്രീയെക്കണ്ട് ആദ്യമൊന്ന് നടുങ്ങി. പെട്ടെന്ന് തന്നെ പുറത്തേക്കിറങ്ങിയിട്ട് വാതില്‍ ചാരി. പുറത്ത് വന്ന് നിന്ന സ്ത്രീയെ വിളിച്ച് ദേഷ്യത്തോടെ ചോദിച്ചു, "നിങ്ങളൊരിക്കലും ഇങ്ങോട്ട് വരില്ലന്നല്ലേ പറഞ്ഞിരുന്നത്, പിന്നെന്തിനാ വന്നതാ? അവനിപ്പോഴും ഞങ്ങളോട് അടുത്തിട്ടില്ല. ഇതിനിടക്ക് നിങ്ങളെക്കൂടി കണ്ടാല്‍"???

"സര്‍, അവനിന്നലെ ഉറങ്ങികാണില്ല. ആദ്യമായിട്ടാ അവന്‍ എന്നെ പിരിഞ്ഞ്" ആ സ്ത്രീ കരച്ചിലിന്റെ വക്കോളമെത്തി.

"അങ്ങനൊന്നുമില്ല, അവന്‍ നന്നായി ഉറങ്ങി, അവനിപ്പോഴും ഉറക്കമുണര്‍ന്നിട്ടില്ല. ദയവ് ചെയ്ത് നിങ്ങള്‍ പോകണം, കാശ് ഇനിയും വേണമെങ്കില്‍ ചോദിച്ചോളു എത്ര വേണമെങ്കിലും തരാം". നകുലന്‍ ധൃതിയില്‍ പറഞ്ഞു.

കയ്യിലിരുന്ന ഒരു പൊതിക്കെട്ട് നകുലനെ ഏല്പിച്ചുകൊണ്ട് ആ സ്ത്രീ പറഞ്ഞു "ഇതാ സാര്‍, സാറിന്റെ കാശ്. ഈ കാശ് എന്റെ മകന് പകരമാകില്ല. ദയവ് ചെയ്ത് എന്റെ മകനെ എനിക്ക് തിരിച്ച് തരണം. "

"ഞങ്ങളവനൊരു കുറവും വരുത്തില്ല, ഒന്ന് ഓര്‍ത്ത് നോക്കു, നാളെ അവന്‍ നിങ്ങളെക്കുറിച്ച് മനസ്സിലാക്കുമ്പോള്‍.." നകുലന്‍ പകുതിയില്‍ പറഞ്ഞ് നിര്‍ത്തി,

"അറിയാം സര്‍, നാളെ അവന്‍ എന്നെക്കുറിച്ച് മനസ്സിലാക്കും. ഞാന്‍ ജീവിച്ച രീതിയെ ചോദ്യം ചെയ്യും, അവന്റെ രക്തത്തെ അന്വേഷിക്കും. എല്ലാം മനസ്സിലാകുമ്പോള്‍ അവന്‍ എന്നെ വിട്ട് പോകും. എന്നാലും സാരമില്ല, എനിക്കവനെ ഉപേക്ഷിക്കാന്‍ സാധിക്കില്ല.. അവന്‍ പൊയ്ക്കോട്ടെ അവന് എന്നെ വേണ്ടാത്ത കാലം വരുമ്പോള്‍.. ഒരു പക്ഷെ അത് എനിക്ക് സഹിക്കാന്‍ കഴിഞ്ഞേക്കും... പക്ഷെ ഞാനായിട്ട് അവനെ ഉപേക്ഷിക്കില്ല."

നകുലന്‍ എന്തൊ മറുപടി പറയാനൊരുങ്ങുമ്പോഴേക്കും, വാതില്‍ തുറക്കുന്ന ശബ്ദം കേട്ട് തിരിഞ്ഞ് നോക്കി. വാതില്‍ക്കല്‍ യമുന. യമുനയുടെ കയ്യില്‍ തൂങ്ങി അവനുമുണ്ട്. ഉറക്കച്ചടവോടെ കണ്ണൂ തിരുമ്മിക്കൊണ്ടവന്‍ അവന്റെ അമ്മയെ കണ്ടൂ. യമുനയെ വിട്ട് അമ്മയുടെ അടുത്തേക്ക് ഓടിയ അവനെ നകുലന്‍ തടഞ്ഞു.

നകുലന്റെ കയ്യില്‍ നിന്നും യമുന അവനെ അവന്റെ അമ്മയുടേ അരികിലേക്ക് അയച്ചു. ചോദ്യഭാവത്തില്‍ യമുനയെ നോക്കിയ നകുലനോടവള്‍ പറഞ്ഞു, "അവരുടേ മനസ്സെനിക്ക് കാണാം നകുലേട്ടാ.. മൂന്ന് വര്‍ഷമായിട്ട് ഞാന്‍ അനുഭവിക്കുന്നതല്ലെ"?

അവനെകോരിയെടുത്ത് അമ്മ അവന്റെ നെറുകയിലും കവിളിലും സ്നേഹവാപുകളൊടെ തുരു തുരെ ഉമ്മവച്ചു. നന്ദി വാക്ക് പറയാന്‍ തിരിയുമ്പോള്‍, യമുനയേയും താങ്ങി പിടിച്ച് നകുലന്‍ അകത്ത് കയറി കതകടച്ചിരിന്നു.

Comments

ശ്രീ said…
സണ്ണിച്ചേട്ടാ...

ഈ കഥയ്ക്ക് ഒരു തേങ്ങ എന്റെ വക.
“ഠേ!”

ഹൃദയസ്പര്‍‌ശിയായ കഥ. നന്നായിരിക്കുന്നു.
മാഷേ കൊള്ളാം...

:)
പഴയ പ്രമേയമാണെങ്കിലും , എഴുതിയ രീതി മനോഹരമായിരിക്കുന്നു.
സു | Su said…
നല്ല കഥ സണ്ണിക്കുട്ടാ.
ആഹാ... എത്രമനോഹരമായി വിവരിച്ചിരിക്കുന്നു....
ആശംസകള്‍..
കൊള്ളാം....പിന്നെ സാജന് പറഞ്ഞതു പോലെ...
സണ്ണിക്കുട്ട്യേയ്,
നന്നായിരിക്കുന്നു. പുതുമ തോന്നിക്കും വിധം എഴുതണം ട്ടൊ
:)
ഉപാസന
സണ്ണികുട്ടാ, ഒരു കൊച്ചു കഥ ഹൃദയസ്പര്‍‌ശിയായി എഴുതിയിരിക്കുന്നുട്ടോ...
അഭിനന്ദനങ്ങള്‍..
അക്ഷരജാലകം.ബ്ലൊഗ്സ്പോട്.കോം എന്ന പേരില്‍ ഞാന്‍ പുതിയ കോളം ആരംഭിക്കുകയാണ്. ബ്ലോഗ് സാഹിത്യത്തേയും അച്ചടി സാഹിത്യത്തേയും വിലയിരുത്തുന്ന പ്രതിവാര പംക്തിയാണ്. എല്ലാവര്‍ക്കും ലിന്‍ക് നല്കി സഹായിക്കണം.
ഇതൊരു ടെസ്റ്റ് പബ്ലിഷിങാണ്.
ആഗോള മലയാള സാഹിത്യത്തിന്‍റ്റെ അവസ്ഥകളെ മുന്‍വിധികളില്ലാതെ പിന്‍തുടരാന്‍ ശ്രമിക്കും.
എം.കെ.ഹരികുമാര്‍
കഥ നന്നായിരിക്കുന്നു.

കഥ മൂന്നാമതൊരാള്‍ എഴുതുന്ന പാറ്റേണാവുമ്പോ യമുന എന്ന പേര് ഇത്രയും ആവര്‍ത്തിക്കുന്നത് യോജിക്കുന്നില്ല.അടുത്തുവരുന്ന രണ്ടു വാചകങ്ങളില്‍ കഥാപാത്രത്തിന്റെ പേര് ഉണ്ടെങ്കില്‍ ‘അവള്‍’ എന്ന് ചേര്‍ക്കാം.

ബാക്കി നന്നായി.
ഒരു ഡൌട്ട് മാഷെ... ഈ കാഗിഥത്തിന്റെ അര്‍ത്ഥം എന്താ? കായിതം എന്നാണോ ഉദ്ദേശിച്ചത്??

Popular posts from this blog

അഭിലാലിന്റെ സംശയം

പപ്പുവിനു ഇന്ന് ചോറൂണ്

ടെന്‍‌ഗിസ് മുതല്‍ തിരോന്തരം വരെ (അവസാന ഭാഗം)