മൂന്നാം ഊഴം
വിമാനത്തിന്റെ അടുത്തടുത്ത സീറ്റുകളിലാണെങ്കിലും അവരിരുവരും പരസ്പരം സംസാരിച്ചിരുന്നില്ല. മൗനത്തിന്റെ വാചാലത അവരിരുവരും മനസ്സിലാക്കുന്നുണ്ടായിരുന്നു. കൊടുങ്കാറ്റിനു മുമ്പ് ഉണ്ടായേക്കാവുന്ന ശാന്തതയാണൊ ഇതെന്ന് അവള്‍ ഒരു നിമിഷം ഭയപ്പെടാതിരുന്നില്ല. അവള്‍ മെല്ല തല തിരിച്ചു അയാളെ പാളി നോക്കി. ടിന്‍ ബിയറേന്തിയ കൈകള്‍ യാന്ത്രികമായി അയാളുടെ ചുണ്ടുകളില്‍ എത്തുന്നുണ്ടെങ്കിലും, അയാള്‍ ഈ ലോകത്തല്ലായെന്ന് അവള്‍ മനസിലാക്കി. സീറ്റ് അല്പം ചരിച്ച് കണ്ണുകള്‍ മെല്ലെയടച്ച് അവള്‍ പിറകോട്ടു ചാരിയിരിന്നു. ഇരമ്പിപ്പറക്കുന്ന വിമാനത്തിന്റെ ദിക്കും തന്റെ ജീവിതത്തിന്റെ ദിക്കും ഒരേ ദിശയിലേക്കാണെന്ന് അവളോര്‍ത്തു. എന്നും നാടകീയതകള് മാത്രമാണു എന്റെ ജീവിതത്തിലുണ്ടായിട്ടുള്ളത്. ഇതും മറ്റൊരു നാടകം പോലെ തന്നെയല്ലെ? അതിന്റെ ആദ്യ ഭാഗമാണോ അവസനഭാഗമാണോ ഇതെന്നു വേര്‍തിരിക്കാന്‍ കഴിയുന്നില്ല എന്നു മാത്രം. കഴിഞ്ഞതൊക്കെ വിധിയാണെന്നു കരുതി മൂകമായി അനുസരിച്ചു. ഒരിക്കലും പൊട്ടിത്തെറിച്ചില്ല. ആരോടും പരിഭവം കാണിച്ചിട്ടില്ല. മനസ് കത്തുമ്പോഴും പുഞ്ജിരിക്കാന്‍ ശ്രമിച്ചു. വര്‍ഷങ്ങളുടെ ശ്രമഫലമായി കരയുന്ന മനസിന്റെ പ്രതിഫലനം കണ്ണുകളില്‍ വരുത്ത...