മൂന്നാം ഊഴം

വിമാനത്തിന്റെ അടുത്തടുത്ത സീറ്റുകളിലാണെങ്കിലും അവരിരുവരും പരസ്പരം സംസാരിച്ചിരുന്നില്ല. മൗനത്തിന്റെ വാചാലത അവരിരുവരും മനസ്സിലാക്കുന്നുണ്ടായിരുന്നു. കൊടുങ്കാറ്റിനു മുമ്പ് ഉണ്ടായേക്കാവുന്ന ശാന്തതയാണൊ ഇതെന്ന് അവള്‍ ഒരു നിമിഷം ഭയപ്പെടാതിരുന്നില്ല. അവള്‍ മെല്ല തല തിരിച്ചു അയാളെ പാളി നോക്കി. ടിന്‍ ബിയറേന്തിയ കൈകള്‍ യാന്ത്രികമായി അയാളുടെ ചുണ്ടുകളില്‍ എത്തുന്നുണ്ടെങ്കിലും, അയാള്‍ ഈ ലോകത്തല്ലായെന്ന് അവള്‍ മനസിലാക്കി.

സീറ്റ് അല്പം ചരിച്ച് കണ്ണുകള്‍ മെല്ലെയടച്ച് അവള്‍ പിറകോട്ടു ചാരിയിരിന്നു. ഇരമ്പിപ്പറക്കുന്ന വിമാനത്തിന്റെ ദിക്കും തന്റെ ജീവിതത്തിന്റെ ദിക്കും ഒരേ ദിശയിലേക്കാണെന്ന് അവളോര്‍ത്തു. എന്നും നാടകീയതകള് മാത്രമാണു എന്റെ ജീവിതത്തിലുണ്ടായിട്ടുള്ളത്. ഇതും മറ്റൊരു നാടകം പോലെ തന്നെയല്ലെ? അതിന്റെ ആദ്യ ഭാഗമാണോ അവസനഭാഗമാണോ ഇതെന്നു വേര്‍തിരിക്കാന്‍ കഴിയുന്നില്ല എന്നു മാത്രം.
കഴിഞ്ഞതൊക്കെ വിധിയാണെന്നു കരുതി മൂകമായി അനുസരിച്ചു. ഒരിക്കലും പൊട്ടിത്തെറിച്ചില്ല. ആരോടും പരിഭവം കാണിച്ചിട്ടില്ല. മനസ് കത്തുമ്പോഴും പുഞ്ജിരിക്കാന്‍ ശ്രമിച്ചു. വര്‍ഷങ്ങളുടെ ശ്രമഫലമായി കരയുന്ന മനസിന്റെ പ്രതിഫലനം കണ്ണുകളില്‍ വരുത്താതിരിക്കുവാന്‍ പഠിച്ചു. കുത്തുവാക്കുകള് കേള്‍ക്കുമ്പോള്‍ ദൈവ വചനങ്ങള്‍ മനസ്സിലോര്‍ത്തു. അപ്പച്ചന്റെ ധര്‍മസങ്കടം മനസ്സിലാക്കുവാന്‍ കഴിഞ്ഞിരുന്നു. സ്നേഹിച്ചില്ലെങ്കിലും ഉപദ്രവിച്ചിട്ടില്ലാത്ത ചെറിയമ്മയുടെ കൂടെ നിര്‍ത്താന്‍ അപ്പച്ചന്‍ ഇഷ്ടപ്പെട്ടിരുന്നില്ല. അതുകൊണ്ടു തന്നെയായിരിക്കന്നം പ്രീഡിഗ്രി കഴിഞ്ഞതോടെ നഴ്സിംഗിനു ചേരാന്‍ അപ്പച്ചന്‍ സമ്മതിച്ചത്. ഹോസറ്റലിലെ പഠനവും അതു കഴിഞ്ഞാല്‍ കിട്ടാവുന്ന ജോലിയും എനിക്കു ആശ്വാസം പകരുമെന്ന് അപ്പച്ചനും മനസ്സിലാക്കിയിട്ടുണ്ടാകും.

വീടു വിട്ടതിനു ശേഷം അപ്പച്ചന്റെ സ്നേഹം മുടങ്ങാതെ എത്തുന്ന കത്തുകളിലെ വരികള്‍ക്കിടയില്‍ ഒതുങ്ങി. വര്‍ഷത്തില്‍ രണ്ടോ മൂന്നോ പ്രവശ്യം സന്ദര്‍ശക മുറിയില്‍ ഒരു സീനോടുകൂടി അവസാനിക്കുന്നതായിരുന്നു അപ്പച്ചന്റേ വാല്‍സല്യം. വാക്കു തന്നിരുന്നതുപോല ഹോസ്റ്റലിന്റെ പടികളിറങ്ങുമ്പോള്‍ സ്വീകരിക്കുവാന്‍ അപ്പച്ചനുണ്ടായിരുന്നില്ല.

ഇതിനിടയിലെപ്പോഴോ അയാളെ പരിചയപെട്ടു. അലസമായ ഒരു തീവണ്ടിയാത്രയിലെ വിരസ നിമിഷങ്ങളിലേക്കു നുറുങ്ങ് തമാശ്കളുമായി അയാള് കടന്നുവന്നു. മാന്യമായ സംസാരവും പെരുമാറ്റവുമുള്ള ആ ചെരുപ്പക്കാരന്റെ കണ്ണുകളില്‍ പലപ്പോഴും എന്റെ കണ്ണുകള്‍ അറിയാതെ ഉടക്കി നിന്നു. തിരക്കേറിയ ഏതോ ഒരു റയില്‍‌വെ സ്റ്റേഷനില്‍ അയാളിറങ്ങി കൈ വീശി നടന്നു പോകുമ്പോള്‍, ജനാലയുടെ അഴികളിലൂടെ ആ ഭാഗത്തേക്കുനോക്കിയിരുന്നു, ജലകണങ്ങള്‍ കണ്ണിന്റെ കാഴ്ച മറയ്ക്കുന്നതുവരെ.

മറക്കുവാന്‍ കഴിയുന്നതായിരുന്നില്ല ആ മുഖം. അംഗവിക്ഷേപങ്ങള്‍ മനസ്സില്‍ നിന്നു മാഞ്ഞിരുന്നില്ല. ആ പൊട്ടിച്ചിരിയുടെ അലകള് പലപ്പോഴും മനസ്സില് അലയടിച്ചു കൊണ്ടിരുന്നു. എങ്കിലും എല്ലാം വിസ്മൃതിയിലാക്കുവാന്‍ മനപ്പൂര്വ്വം ശ്രമിച്ചു.

ഒരു നൈറ്റ് ഡ്യുട്ടിക്കിടയിലെ റൗണ്ടിനിടയില്, ചെറിയ ഒരു അപകടത്തിന്റെ തെളിവുകളുമായി പാതി മയക്കത്തിലായിരുന്ന അയാളെ വീണ്ടും കണ്ടു. മനസ്സില് മോഹങ്ങളും സ്വപ്നങളുമൊക്കെ വളര്‍ത്തുവാന്‍ അതൊരു നിമിത്തമായി. സര്‍ദാര്‍ ബ്രിഡ്ജിന്റെ കൈവരിയും താപ്തി നദിയുടെ തീരത്തെ നെഹ്രു പാര്‍ക്കിന്റെ പുല്‍ത്തകിടിയുമൊക്കെ ശനിയാഴ്ച്ചകളുടെ സായംസന്ധ്യകള്‍ ഞങ്ങളുടേതാക്കി. അയാളുടെ വിരലുകളുക്കിടയില്‍ തങ്ങി നിന്നിരുന്ന സിഗററ്റിന്റെ മണം ഞാനാസ്വദിച്ചിരുന്നു. ആ വിരലുകളില്‍ നിന്നുള്ള ഒരു സ്പര്‍ശനം, ഒരു ചൂട് നിശ്വാസം അതൊക്കെ പഴപ്പോഴും മനസ് ആഗ്രഹിച്ചിരുന്നില്ലേ?
ഏതോ ഒരു വലിയ കുടുംബത്തിലെ എക ആണ്‍തരി. അമ്മയെക്കുറിച്ചു പറയുമ്പോള്‍ ആയിരം നാവാണ്. എങ്കിലും കാരണവന്മാരുടെ കര്‍ക്കശങ്ങളെ അയാള്‍ ഭയപ്പെട്ടിരുന്നു. അതു തന്നെയായിരുന്നു എന്റെയും പേടി. തിരുവാതിരകളിയും തറവാട് ഉത്സവങ്ങളും കൊണ്ടാടുന്ന തറവാട്ടിലേക്കു ഒരു ക്രിസ്ത്യാനി പെണ്ണിനേയും കൊണ്ടു ചെന്നാല്,പിറ്റേന്നുദിക്കുന്ന സുര്യനെക്കാണാന്‍ ഞങ്ങളുണ്ടാകലെന്ന് അയാള് തമാശയായി പറയുമ്പോഴും അതിനുള്ളിലെ പരമാര്‍ത്ഥം ഓര്‍ത്തു പലപ്പോഴും നടുങ്ങാറുണ്ടായിരുന്നു.


യാത്ര അയാളുടെ ജോലിയുടെ ഭാഗമായിരുന്നു. എവിടെ ആയിരുന്നാലും ആ ഗംഭീരസ്വരം എന്നെത്തേടിയെത്തിയിരുന്നു. വടിവൊത്ത അക്ഷരങളിലെ സന്ദേശങ്ങള്‍ വായിച്ചാസ്വദിക്കുമ്പോള്‍ ആ മുഖം ഞാന്‍ ദര്‍ശിച്ചിരുന്നു.
മാസങ്ങള്‍ മറിയുന്തോറും ടെലിഫോണ്‍ മണികള്‍ എനിക്കുവേണ്ടി ശബദിക്കതെയായി. എഴുത്തുപെട്ടിയിലെ കത്തുകള് തെരെഞ്ഞു നിരാശയായി തിരിഞ്ഞു നടന്നിരുന്നു. നഷ്ട്ങ്ങള്‍ മാത്രമാണ് എന്നും എന്റെ തോഴി. ആദ്യം അമ്മ,പിന്നെ അപ്പച്ചന് ഇപ്പോള്.....


എന്തും സഹിക്കുവാന്‍ മനസ്സ് ശക്തി നേടിക്കഴിഞ്ഞു. ആതുരാലയത്തിനുള്ളിലെ വേദനകളൊപ്പി അവരോടൊപ്പം ഇഴുകിച്ചേര്‍ന്നപ്പോള്‍ എല്ലാം മറന്നു. മനസ് ശാന്തമായി.

ചെറിയമ്മ അവരുടെ കടമ നിര്‍വഹിച്ചു. ആ വലിയ വീട്ടില് ഞാനെന്നും അന്യയായിരുന്നു. മദ്യം വിളമ്പിയുള്ള കുടുംബസല്ക്കാരങ്ങള് എന്നെ ഭയപ്പെടുത്തി സ്നേഹത്തിന്റെ പര്യായം പണമാണെന്നും, അതിന്റെ ഗന്ധം നോട്ടുകെട്ടുകള്ക്കിടയില് നിന്നും ഉയരുന്നതാണെന്നും ഞാന് മനസ്സിലാക്കി. എല്ലാത്തിനോടും പൊരുത്തപ്പെടാന് ശ്രമിക്കുമ്പോള് വിധി വീണ്ടും എനിക്കെതിരേ ആഞ്ഞടിച്ചു. കണക്കില്ലാത്ത സ്വത്തിന് ഒരു അവകാശിയെ കൊടുക്കുവാന് കഴിയില്ല എന്നു അറിഞ്ഞ നിമിഷം എന്റെ പതനം പൂര്ത്തിയായി. തൊഴിലിന്റെ മാന്യത കൊണ്ടാണ് ഇതു സംഭവിച്ചത് എന്നു കേട്ടപ്പോള്‍ ചെവികള്‍ പൊത്തിപ്പിടിച്ചു. ആ വലിയ വീടിന്റെ പടിവാതിലുകള് എനിക്കെതിരെ കൊട്ടിയടച്ചു. തിരികെ നടന്നു. എന്റെ തൊഴിലിന്റെ മഹത്വം മനസ്സിലാക്കുന്നവരുടെയടുത്തേക്ക്.

വിദേശത്തേക്കുള്ള സ്ഥലമാറ്റം ഭാഗ്യമായിക്കരുതി, എന്നെ മനസ്സിലാക്കിയിട്ടുള്ള ഒരു വലിയ മനസ്സിന്റെ കാരുണ്യം. പരിചയമുള്ള ഒരു മുഖവും കാണേണ്ട. സഹതാപത്തോടെയുള്ള നോട്ടങ്ങള് നേരിടേണ്ട, അര്‍ത്ഥം വച്ചുള്ള സംസാരങ്ങള്‍ക്ക് ചെവി കൊടുക്കേണ്ട. എല്ലാത്തില്‍ നിന്നുമുള്ള ഒരു രക്ഷപ്പെടല്‍.

കാലത്തിന്റെ കുത്തൊഴുക്കില്‍ പലതും മാറിമറഞ്ഞു. രൂപങ്ങളും ഭാവങ്ങളും മാറി. അന്യ നാട് സ്വന്തം നാടുപോലെയായി. ബഹുമാനത്തിന്റെയും സ്നേഹത്തിന്റെയും അര്‍ത്ഥവ്യാപ്തി മനസ്സിലായി. സ്ധാപനത്തിലെ ഉത്തരവാദിത്വം ഉള്ള ജോലിക്കാരിയായി. രോഗികള്‍ക്കിടയിലെ സ്നേഹമുള്ള സിസ്റ്റര്‍ ആയി. പരിചരിക്കപ്പെട്ടവരുടെ തെളിഞ്ഞ മുഖം മനസ്സിനെ സമൃദ്ധമാക്കി. ഭൂതകാലത്തിനെ ഇരുട്ടറയിലാക്കി വര്‍ത്തമാനവുമായി പൊരുത്തപ്പെട്ടപ്പോള്‍ മനസ്സ് തെളിഞ്ഞു. എനിക്കുവേണ്ടി ദൈവം തെരഞ്ഞെടുത്തു തന്ന വഴി ഇതാന്നെന്നു കരുതി അതിലുടെ സന്തോഷപൂര്‍‌വ്വം സഞ്ചരിച്ചു.

യാദൃശ്ചികമായി കോറിഡോറിലൂടെ എനിക്കെതിരേ നടന്നുനീങ്ങിയ ആ മുഖം ഞാന്‍ മനസ്സിലാക്കി. കാലത്തിന്റെ കൈകള്‍ ആ മുഖത്ത് ചായക്കൂട്ട് ചാലിച്ചെങ്കിലും, തിളങ്ങുന്ന കണ്ണുകളും പുഞ്ചിരി വിടര്‍ന്ന ചുണ്ടുകളും എന്നെ അസ്വസ്ഥയാക്കി. വര്‍ഷങ്ങള്‍ക്കിടയിലെ കഥകളറിയാന്‍ ഞാന്‍ ആകാംക്ഷിതയായി.

ആ നാവുകൊണ്ടു ഒന്നും പറയുകയായിരുന്നില്ല. എല്ലാം അടര്‍ന്നു വീഴുന്നതുപോലെയായിരുന്നു. തറവാട്ടു മഹിമയ്ക്കുവേണ്ടി കോലം കെട്ടി. ആ മനസ്സിന്റെ മോഹങ്ങളും സ്വപ്നങ്ങളും ഫെമിനിസ്റ്റിന്റെ ദൃഷ്ടിയില്‍ നാട്ടിന്‍പുറത്തുകാരന്റെ വിവരമില്ലായ്മയായിരുന്നു. ആര് ആരെ ഉപേക്ഷിച്ചുവെന്നു വ്യക്തമല്ല. എന്റെ മിഴികളിലേക്കു തുറിച്ചുനോക്കിക്കൊണ്ടു അവസാനം എയ്ത ചോദ്യത്തിനുത്തരം നല്‍കാന്‍ എനിക്കു രണ്ടുവട്ടം ആലോചിക്കേണ്ടി വന്നില്ല.
വിമാനത്താവളത്തിലെ ഔദ്യോഗിക പരിശോധനകള്‍ക്കുശേഷം ചില്ലിട്ട ഗ്ലാസ് തുറന്നു പുറത്തേക്കിറങ്ങുമ്പോള്‍, അവളെ മുറുകെപ്പിടിച്ചിരിക്കുന്ന ആ കൈകളിലെ സുരക്ഷിതത്വം അവള് മനസ്സിലാക്കുന്നുണ്ടായിരുന്നു.

Comments

Nithra said…
sunnikuttss onnum manassilakunnillaaa
Anonymous said…
kadha nannaayirikkunnu kettoo sannikuttan

Popular posts from this blog

അഭിലാലിന്റെ സംശയം

ഞാനും ഖത്തറിലെത്തി.

ഒരു ചാറ്റിംഗ് ദുരന്തം