ഒരു പാസ്സ്പോര്‍ട്ട് പുതുക്കലിന്റെ ഓര്‍മ്മക്കുറിപ്പുകള്‍ 2

(സുഹൃത്തുക്കളെ, വളരെ തുച്ഛമായ ഇന്റെര്‍നെറ്റ് ബില്‍ കൃത്യസമയത്ത് അടക്കാത്തതിനാല്‍ ഇന്‍ഡ്യയിലെ ഒരു കുത്തക കമ്പനി എന്റെ നെറ്റ് കണക്ഷന്‍ വിച്ഛേദിച്ചതിനാലാണ് ഈ പോസ്റ്റ് അല്പം വൈകിയത്. ക്ഷമിക്കുക, സഹകരിക്കുക)

ബത്‌ഹ തെരുവ്. നാട്ടുകാരായ തരികിടകളോടൊപ്പം ആ തെരുവിലൂടെ ഞാന്‍ നടന്നു. തെരുവിനുരുവശവും മല്ലുക്കള്‍ മാത്രം. ഞാന്‍ എന്റെ കൊച്ചു ഗ്രാമമായ പുല്ലമ്പലത്തു നിന്നു കല്ലം‌മുക്കിലേക്ക് വായിനോക്കി നടക്കുന്ന അതേ ഫീലിംഗ്. പക്ഷെ ഒരു വ്യത്യാസം മാത്രം. കല്ലം‌മുക്കിലും പുല്ലമ്പലത്തും ഓട്ടോറിക്ഷാ ചേട്ടന്മാരുടെ പരസ്പരമുള്ള തന്തക്കു വിളികള്‍ അന്തരീക്ഷത്തില്‍ മുഴങ്ങുമ്പോള്‍, ഇവിടെ ബത്‌ഹ തെരുവില്‍ മുഴങ്ങുന്നതു
"പത്തിനു പത്ത്, പത്തിനു പത്ത്, വീട്ടിതന്നാല്‍ പതിനഞ്ച്, വന്നു വിളിച്ചാല്‍ പത്ത്, ആര്‍ക്കും വിളിക്കാം, ഇന്‍ഡ്യയിലെവിടേക്കും വിളിക്കാം. ഭാര്യമാരോട് പത്ത് മിനിറ്റ് കൊഞ്ചാന്‍ പത്ത് റിയാല്‍ മാത്രം, കാമുകിയോടു സൊല്ലാന്‍ വെറും പത്ത് റിയാല്‍, ഗേള്‍ ഫ്രണ്ടിനെ പഞ്ചാരയടിക്കാന്‍ വെറും പത്ത്".....
മറ്റു ചിലര്‍, വളരെ അടക്കിയ സ്വരത്തില്‍ ചെവിയില്‍ മന്ത്രമോതുന്നതു പോലെ,


"ചേട്ടാ ഫ്രഷ് സാധനം ഉണ്ട്, പുതിയ സ്റ്റോക്കാ, ശ്രീലങ്കന്‍, ഫിലിപ്പൈന്‍സ്, ഇന്‍ഡോനേഷ്യ, മലയാളി, തമിഴ്, മറാട്ടി, ഏത് സ്റ്റേറ്റ് വേണമെങ്കിലും തരാം ചേട്ടാ"

മലയാളി ഫ്രഷ് ആണൊ?

അല്പം മുറ്റുണ്ട്,

അറബിയുണ്ടൊ ??

അറബിയൊക്കെയുണ്ട്, പക്ഷെ സ്വന്തം റിസ്കിലെടുക്കണം. എന്താ ഒരെണ്ണം എടുക്കട്ടെ?

റിസ്ക് എടുക്കാന്‍ പറ്റില്ല, ആളെ എടുക്കാം.

അങ്ങനെയാണങ്കില്‍ മറ്റേതെങ്കിലും തരാം, അറബിയൊഴിച്ചു എല്ലാം റിസ്ക് ഫ്രീ ആണ്.

വേറൊന്നും വേണ്ട, അറബി ഞാന്‍ എടുക്കാം, താന്‍ റിസ്ക് എടുത്തൊ !!

പോടാ ! പോടാ ചെക്കാ മെനെക്കെടുത്താതെ, നേരത്തെ പോയിക്കിടന്നു ഉറങ്ങിയിട്ട് കാലത്ത് ജോലിക്ക് പോടാ !!!


അവസാനത്തെ ബാങ്ക് വിളി മുഴങ്ങിയപ്പോള്‍, പ്രാര്‍ത്ഥനക്കു പോകാനായി എല്ലാ കടകളും അടച്ചു തുടങ്ങി. ഞങ്ങള്‍ തിരിച്ചു തരികിടകളുടെ താവളത്തിലേക്ക് മടങ്ങി. കപ്സയും, അല്‍‌ഫാം ചിക്കനും, കുപ്പൂസും, താമിയായും ഒക്കെ സിദ്ദിക്കിയുടെ ടച്ചിംഗ് ആയി നിരന്നു കഴിഞ്ഞു. അവരുടെ ആവേശവും ആഹ്ലാദവും കണ്ടപ്പോള്‍ കമ്പനി ജോലി രാജിവച്ചു ഒരു ഫ്രീ വിസയെടുത്ത് അവരോടൊപ്പം അങ്ങു കൂടിയാലോ എന്നു വരെ ആലോചിച്ചു പോയി.


നിരത്തിവച്ച ഗ്ലാസ്സുകളില്‍ കട്ടിക്കിരുന്ന സിദ്ദിക്കിയെ നേര്‍പ്പിക്കാനായി സ്പ്രിന്റ് ഒഴിച്ചുകൊണ്ടിരിക്കെ ഞാന്‍ എന്റെ പാസ്പോര്‍ട്ടിന്റെ കാര്യം തരികിടകളോട് വിശദമായി പറഞ്ഞു. എനി എന്തു ചെയ്യണമെന്നറിയാതെ ശൂന്യമായി ഇരിക്കുന്ന എന്റെ മനസ്സിന് കമ്പനി തരാനെന്നപോലെ എല്ലാ ഗ്ലാസ്സുകളും പെട്ടെന്നു ശൂന്യമായിക്കൊണ്ടിരുന്നു. ആദ്യത്തെ ഒന്നു രണ്ട് റൗണ്ട് കഴിഞ്ഞപ്പോള്‍ തന്നെ നിറഞ്ഞ ചില ഗ്ലാസ്സുകളെ തേടി അവകാശികള്‍ വരാതെയായി. എന്റെ പാസ്പോര്‍ട്ടിന്റെ ഗതിയോര്‍ത്ത് സതീശന്‍ ചേട്ടന്‍ പൊട്ടിക്കരഞ്ഞു, അതു കണ്ട പലരും തേങ്ങല്‍ അടക്കാന്‍ പാടുപെടുന്നുണ്ടായിരുന്നു.


കരഞ്ഞിട്ട് കാര്യമില്ലെന്നും, പുല്ലമ്പലത്തുള്ള ഒരുത്തനേയും ഒരു എംബസ്സിക്കും തടയാനികില്ലെന്നും പ്രഖ്യാപിച്ചത് കല്ലം‌മുക്ക് സുഭാഷ് ആയിരുന്നു. ആ ആഹ്വാനത്തിന്റെ ഫലമായി എനി എന്തു ചെയ്യാം എന്നതിനെക്കുറിച്ചു സിദ്ദിക്കിയുടെ ലഹരിയില്‍ കൂടിയാലോചിച്ചു. ആലോചനക്കൊടുവില്‍ സുഭാഷിനു തന്നെ ഐഡിയ കിട്ടി - ഡീസന്റ് മുക്ക് രൂപേഷ് കുമാര്‍. രൂപേഷ് കുമാര്‍ ഡീസന്റ് മുക്കില്‍ നിന്നാണെങ്കിലും കയ്യിലിരുപ്പു മുഴുവന്‍ ഇന്‍ഡീസന്റ് ആണ്.


രൂപേഷ് കുമാര്‍ ഒരു വ്യക്തിയല്ല. ഒരു പ്രസ്ഥാനം തന്നെയണ്. അദ്ദേഹം സ്വന്തമായി ഒരു ജവാസാത്ത് നടത്തുന്നുണ്ട്. പാസ്പോര്‍ട്ടില്ലാത്തവര്‍ക്കു അതുണ്ടാക്കികൊടുക്കുക, ഇക്കാമ ഇടപാടുകള്‍, സ്പോണ്‍സര്‍ഷിപ്പ് ലെറ്റേര്‍സ്, എന്നു വേണ്ട ചുരുക്കി പറഞ്ഞാല്‍ മൂവായിരം റിയാലും രൂപേഷ് കുമാറും ഉണ്ടെങ്കില്‍ ഒരു കടലാസും ഇല്ലാതെ സൗദിയില്‍ നിന്നും ആര്‍ക്കും ഇന്‍ഡ്യയിലെത്താം. അതാണ് രൂപേഷ് അല്‍ കുമാര്‍.


നിമിഷങ്ങള്‍ക്കകം രൂപേഷിന്റെ ശബ്ദം സുഭാഷിന്റെ മൊബൈല്‍ ഫോണിലെത്തി - കണക്റ്റ് റ്റു സണ്ണിക്കുട്ടന്‍. ഞാന്‍ വള്ളിപുള്ളി വിടാതെ എല്ലാം സുഭാഷിനോട് പറഞ്ഞു. എല്ലാം കേട്ടു കഴിഞ്ഞ സുഭാഷ് കുറച്ചു നേരം എന്തൊ ആലോചിച്ചു, പിന്നെ ചോദിച്ചു,


സണ്ണിക്കുട്ടാ... ഇങ്ങനെ ഒരു പ്രശ്നം ഉണ്ടായിരുന്നു എങ്കില്‍ എന്തിനാ പാസ്പോര്‍ട്ട് ഡയറക്റ്റ് എംബസ്സിയില്‍ കൊടുത്തത്, എന്റെ കയ്യില്‍ തന്നിരുന്നുവെങ്കില്‍ യാതൊരു പ്രശ്നവും ഇല്ലാതെ എല്ലാം ശരിയാക്കാമായിരുന്നില്ലെ?


ചേട്ടാ എന്റെ അറിവില്‍ ഇങ്ങനെ ഒരു പ്രശ്നമില്ലായിരുന്നല്ലോ. ഇപ്പോഴാണല്ലൊ ഇങ്ങനെ ഒരു പ്രശ്നമുള്ള കാര്യം അറിയുന്നത്. ഇനി എന്താ ചെയ്യാന്‍ പറ്റുക??


ഇനി ഒന്നും ചെയ്യാനില്ല, അവന്മാരുടെ വായില്‍ക്കൊണ്ടു തലവച്ചു കൊടുത്തില്ലെ, അനുഭവിക്കുക.


ഞാന്‍ സുഭാഷിനു ഫോണ്‍ തിരികെ കൊടുത്തിട്ട് പറഞ്ഞു,
ഇനി അവനുമായി സംസാരിച്ചാല്‍ അവനു ഞാന്‍ ഫോണില്‍ കൂടി അടി കൊടുക്കും.

ഇന്നിനി ചര്‍ച്ച വേണ്ട എന്നു പറഞ്ഞു ഉറങ്ങാന്‍ തീരുമാനിച്ചു. സിദ്ദിക്കി തലക്കുപിടിച്ച ഒന്നു രണ്ടുപേരെ വിളിച്ചു ഉണര്‍ത്തി കട്ടിലില്‍ കിടത്താനുള്ള് ശ്രമം ഉപേക്ഷിച്ചു, പകരം മകുടി ഊതി എഴുന്നേല്പിച്ചു.

പിറ്റേന്നു രാവിലെ തന്നെ വീട്ടിലേക്ക് വിളിച്ച് കാര്യങ്ങളെല്ലാം പറഞ്ഞു. ഇനി നാട്ടിലെത്തിയാല്‍ കാണാം എന്ന ഒരു മോഹവും കൊടുത്തു. ഏതെങ്കിലും രീതിയില്‍ പാസ്പോര്‍ട്ട് ഓഫീസില്‍ ചെന്ന് കാര്യങ്ങളന്വേഷിക്കാനുള്ള ഏര്‍പ്പാട് ചെയ്യാനുള്ള ഉപദേശവും കൊടുത്തു.ഇനി റിയാദില്‍ നിന്നിട്ട് കര്യമില്ലായെന്നുള്ളതുകൊണ്ട് ജുബൈലിലേക്ക് വണ്ടികയറി.


തിരുവനന്തപുരം പാസ്പോര്‍ട്ട് ഓഫീസ്. പാസ്പോര്‍ട്ട് ഓഫീസറുടെ ഓഫീസ്മുറി.

അച്ഛനും അമ്മയും എല്ലാ വിവരങ്ങളും പാസ്പോര്‍ട്ട് ഓഫീസറോട് പറഞ്ഞു. എല്ലാം കേട്ടു കഴിഞ്ഞ ഓഫീസ് സാര്‍ പറഞ്ഞു,

ഓഹോ ! അപ്പോള്‍ നിങ്ങളുടെ മകന്‍ നിരപരാധിയാണല്ലെ?

അതെ സാര്‍,

രണ്ടും മൂന്നും പാസ്പോര്‍ട്ട് കയ്യില്‍ വയ്ക്കുന്നത് ക്രിമിനല്‍ കുറ്റമാണന്ന് അറിയാമല്ലൊ?

അറിയാം.

എന്നാല്‍ നിങ്ങളുടെ മകന്‍ ഇപ്പോള്‍ ഒരു ക്രിമിനലാണ്.

അല്ല സാര്‍, അവനൊരു പാവമാണ്, പച്ചവെള്ളം ചവച്ചു കുടിക്കുന്ന പാവം.

എല്ലാ മക്കളൂം അച്ഛനമ്മമാര്‍ക്ക് പാവങ്ങളാണ്, ഇവന്മാരുടെയൊക്കെ കയ്യിലിരിപ്പ് അറിയണമെങ്കില്‍ സ്വന്തം ഏരിയ വിട്ടുള്ള പോലീസ് സ്റ്റേഷനില്‍ അന്വേഷിച്ചാല്‍ മതി.. അറിയാം.

സാര്‍, ഞങ്ങളുടെ മകന്‍ അത്തരക്കാരനല്ല.

അവന്‍ ഇനി എത്തരക്കാരനായാലും ശരി. അവന്‍ കയ്യില്‍ വച്ചിരിക്കുന്ന സെക്കന്റ് പാസ്പോര്‍ട്ട് സറണ്ടര്‍ ചെയ്യാതെ ഈ പ്രശ്നത്തിനു ഒരു പരിഹാരമുണ്ടാകുമെന്ന് കരുതണ്ട, സൊ സമയം കളയാതെ അച്ഛനും അമ്മയും ചെല്ല്, എന്നിട്ട് മോന് നല്ല ബുദ്ധി ഉപദേശിച്ചിട്ട് രണ്ടാമതു എടുത്ത പാസ്പോര്‍ട്ട് തിരിച്ചു നല്‍കാന്‍ പറഞ്ഞോളു.

സ്വാധീനം ഉപയോഗിച്ച് കര്യങ്ങള്‍ നേര്‍‌വഴിക്ക് ആക്കമെന്ന് കരുതി, ആ നിലക്കുള്ള അപ്പ്രോച്ചും " സത്യ സന്ധനായ പാസ്പോര്‍ട്ട് ഓഫീസറുടെ" അടുത്ത് വിലപ്പോയില്ല.

വൈകുന്നേരം വളരെ പ്രതീക്ഷയോടെയാണ് വീട്ടിലേക്ക് വിളിച്ചത്. അവിടെ നിന്നും കേട്ട വിവരം പാസ്പോര്‍ട്ട് ഓഫീസറുടെ പ്രതികരണ‌മായിരുന്നു. അതൊടെ സകല പ്രതീക്ഷകളും തീര്‍ന്നു.

എന്റെ ചിന്തകള്‍ കാടുകയറാന്‍ തുടങ്ങി. ദൈവമെ വീടിന്റെ പണി ഇനിയും തീര്‍ന്നിട്ടില്ല. ഏതു ജയിലിലായിരിക്കും എന്നെ ഇടുന്നത്? ഇനി എംബസ്സിയില്‍ ജയിലുണ്ടാകുമൊ? അതൊ ഇനി പ്രതികളെ കെ എസ് ആര്‍ ടി സി ബസ്സില്‍ പോലീസ് അകമ്പടിയോടെ കൊണ്ടുപോകുന്ന പോലെ എന്നെയും എയര്‍ ഇന്‍ഡ്യയില്‍ മധ്യഭാഗത്തെ സീറ്റില്‍ ഇരുത്തി ഇരുവശത്തും ഓരോ പോലീസ്കാരെയും ഇരുത്തി കൊണ്ടുപോകുമോ? തീഹാര്‍ ജയിലിലാണ് ഇടുന്നതെങ്കില്‍ വീട്ടുകാര്‍ക്കൊക്കെ വന്നു കാണാന്‍ ബുദ്ധിമുട്ടായിരിക്കും, പൂജപ്പുര ജയിലിലിടാന്‍ റിക്വസ്റ്റ് ചെയ്യണം. അതാകുമ്പോള്‍ വീട്ടുകാര്‍ക്കും കൂട്ടുകാര്‍ക്കും ഒക്കെ വല്ലപ്പോഴും വന്നു കാണാമല്ലൊ?


മറ്റെന്തും സഹിക്കാം. പക്ഷെ ഇതുവരെ ഇക്കര്യം പതിശ്രുത വധുവിനോട് പറഞ്ഞിട്ടില്ല. എങ്ങനെ പറയും. ഞാന്‍ പറയുന്നത് അവള്‍ വിശ്വസിക്കുമോ? അതൊ അവളും കോണ്‍സുലറെ പോലെയും, പാസ്പോര്‍ട്ട് ഓഫീസറെപോലെയും എന്റെ രണ്ടാമത്തെ പാസ്പോര്‍ട്ട് ചോദിക്കുമൊ? പ്രേമിച്ചു നടന്ന സമയത്ത് എല്ലാ കാമുകന്മാരെപോലെ ഞാനും പലതും പറഞ്ഞു പറ്റിച്ചിട്ടുണ്ട്. ഇനി അങ്ങനെ പറ്റില്ല. മര്യാദക്ക് പ്രേമിച്ച് നടന്ന ഞങ്ങളെ പിടിച്ച് എന്‍‌ഗെജമെന്റ് ഒക്കെ നടത്തി വുഡ്ബീ കളാക്കിയില്ലെ. കേരളത്തില്‍ നിന്ന് പെണ്ണ് കെട്ടിയാല്‍, മലയാളികളല്ലെ എന്റെ ഭൂതവും ഭാവിയുമൊക്കെ അരിച്ചുപ്പെറുക്കി എന്റെ ജീവിതം പണ്ഡാരമടക്കും. പോരാത്തതിന് എന്റെ സ്നേഹമുള്ള നാട്ടുകാരു എപ്പൊ മുടക്കിയെന്നു മാത്രം പറഞ്ഞാല്‍ മതി, അതുകൊണ്ടാണ് ഒരു ഇന്റെര്‍ സ്റ്റേറ്റ് മാര്യേജിനെകുറിച്ച് ആലോചിച്ചതും പ്രാബല്യത്തില്‍ വരുത്തുന്നതും. ഞാന്‍ കള്ള പാസ്പോര്‍ട്ട് ഉള്ളവനാണന്നും ഇപ്പോള്‍ ക്രിമിനല്‍ കേസില്‍ പ്രതിയാണെന്നുമൊക്കെ അവളറിഞ്ഞാല്‍, എന്നെ വെറുക്കുന്നത് സഹിക്കാം, ഒരു പക്ഷെ ഈ പ്രശ്നത്തോടെ തമിഴ്നാട്ടില്‍ നിന്നും ഇനി ഏതെങ്കിലും മലയാളിക്ക് പെണ്ണ് കിട്ടാതെയാകുമോ?? മലയാളികളെ മുഴുവന്‍ അവര്‍ ചതിയന്മാരെന്നു വിളിക്കില്ലെ???


എന്റെ എല്ലാ പ്രതീക്ഷകളും തെറ്റിച്ചുകളഞ്ഞു എന്റെ ഭാവി വധു. വിവരമറിഞ്ഞപ്പോള്‍ അല്പം ടെന്‍ഷനടിച്ചെങ്കിലും പിന്നീട് എനിക്കു ശരിക്കും സപ്പോര്‍ട്ട് തന്നു. എനിക്കു വേണ്ടീ ജാതി ഭേദമന്യേ എല്ലാ ആരാധനാലയങ്ങളിലും വഴിപാടുകളും പൂജയുമായി നടന്നു.


ആഴ്ചകളും മാസങ്ങളും കഴിഞ്ഞു. വലിയ സംഭവവികാസങ്ങളൊന്നും നടന്നില്ലെങ്കിലും, വളരെ ബുദ്ധിമുട്ടി അല്പം കാശ് ചിലവാക്കി പാസ്പോര്‍ട്ട് ഓഫീസില്‍ നിന്നും ചില വിവരങ്ങള്‍ മനസ്സിലാക്കുവാന്‍ സാധിച്ചു. ചില ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. എങ്ങനെ എന്റെ പേരില്‍ ഇഷ്യൂ ചെയ്ത പാസ്പോര്‍ട്ട് ക്യാന്‍സല്‍ ചെയ്തു??

അത് ഇങ്ങനെ,

പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ്, ഞാന്‍ പാസ്പോര്‍ട്ടിന് അപേക്ഷിച്ചു ഒന്നരമാസത്തിനുള്ളില്‍ തന്നെ എനിക്കു പാസ്പോര്‍ട്ട് കയ്യില്‍കിട്ടി. അതു കിട്ടി കഴിഞ്ഞു ഏറെ താമസിയാതെ തന്നെ ഞാന്‍ എന്റെ ട്രെയിനീ ജീവിതം ആരംഭിക്കുവാനായി സൂറത്തിലേക്ക് പോയി. ഞാന്‍ സൂറത്തില്‍ ചെന്നതിനുശേഷമാണ് പാസ്പോര്‍ട്ടിന്റെ പോലീസ് വെരിഫിക്കേഷന്‍ നടന്നത്. എന്റെ പാസ്പോര്‍ട്ടിലെ അഡ്ഡ്രസ്സ് പ്രകാരം അന്വേഷിച്ചുവന്ന പോലീസ് ഏമാന് ആ അഡ്ഡ്രസ്സില്‍ ആരെയും കാണാന്‍ കഴിഞ്ഞില്ല. കാരണം, ഇതിനിടയിലായിരുന്നു ഞങ്ങളുടെ ബസ് സര്‍വ്വീസ് ബിസിനെസ്സ് എല്ലാം ഫ്ലോപ്പ് ആയി, ജീവിതം സത്യന്‍ അന്തികാടിന്റെ "വരവേല്‍‌പ്പിന്റെ" ക്ലൈമക്സ് പോലെയായി അടകുടിക്കു താമസിക്കുകയായിരുന്നു. വെരിഫിക്കേഷനു വന്ന പോലീസ് ഏമാനെ ഒന്നു കാണാനോ കൈമടക്കു കൊടുക്കുവാനോ കഴിഞ്ഞില്ല. എന്തിനേറെ ഈ വന്ന വിവരം പോലും ഞങ്ങളാരും അറിഞ്ഞില്ല. വെരിഫിക്കേഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പാസ്പോര്‍ട്ട് ഓഫീസില്‍ നിന്നും വീണ്ടും ഒരു രെജിസ്ട്രേഡ് കത്തു വന്നു. കത്തില്‍ കര്‍ശനമായി എഴുതിയിട്ടുണ്ടായിരുന്നു, ഈ കത്ത് ഇതില്‍ കാണുന്ന അഡ്ഡ്രസ്സില്‍ ഇതേ വ്യക്തിക്ക് മാത്രം നല്‍കുക. വ്യക്തിപരമായി അടുത്തറിയാവുന്ന കല്ലം‌മുക്ക് പോസ്റ്റ് മാന്‍ കത്തിന്റെ ഗൗരവം കണക്കിലെടുത്ത് അഡ്ഡ്രസ്സില്‍ ആളില്ലെന്ന കാര്‍ണത്താല്‍ തിരിച്ചയച്ചു. അതോടെ പാസ്പോര്‍ട്ട് ഓഫീസ് ഒരു കാര്യം മനസ്സിലാക്കി. ഇപ്പോള്‍ സണ്ണിക്കുട്ടന്‍ എന്ന ഒരാള്‍ തന്നിരിക്കുന്ന മേല്‍‌വിലാസത്തില്‍ ജീവിച്ചിരിക്കുന്നില്ല. ആയതിനാല്‍ ഇഷ്യു ചെയ്ത പാസ്പോര്‍ട്ട് ക്യാന്‍സല്‍ ചെയ്തു.

ഇവിടെ ആരു ആരെ കുറ്റം പറയും? ആരു ആരെ പറഞ്ഞാലും എനിക്ക് പാസ്പോര്‍ട്ട വേണം. ഇക്കരണങ്ങളെല്ലാം കാണിച്ച് ഞാന്‍ എംബസ്സിക്കും, പാസ്പോര്‍ട്ട് ഓഫീസിലേക്കും കത്തയച്ചയച്ചു എന്റെ പേനയിലെ മഷി തീര്‍ന്നു. മെയിലയച്ചയച്ച് എന്റെ ഔറ്റ് ബോക്സ് നിറഞ്ഞു. നോ റെസ്പോണ്‍സ്. ഇറെസ്പോണ്‍സിബിള്‍ പേര്‍സണ്‍സ്, ഞാന്‍ മനസ്സില്‍ പറഞ്ഞു.

ഇനി സംഗതി ഇങ്ങനെ പോയാല്‍ പറ്റില്ല. നാട്ടില്‍ പോകണം, കല്യാണം കഴിക്കണം, ഒരു പാട് കാര്യങ്ങള്‍ ചെയ്യാനുണ്ട്. അപ്പോള്‍ ആദ്യം വേണ്ടത് പാസ്പോര്‍ട്ട് ആണ്. അതുവരെ രാഷ്ടീയക്കരെ വെറുത്തിരുന്ന ഞാന്‍ അവരെ സ്നേഹിക്കാന്‍ തുടങ്ങി. ഇനി അതെയുള്ളു ഒരു പിടിവള്ളി. നാട്ടിലെ ചില കുട്ടിനേതാക്കള്‍ വഴി നടത്തിയ ശ്രമം വിഫലമായി. പിന്നെ അല്പം ചിലവ് ചെയ്തു തന്നെ സംസ്ഥാനത്തെ ഒരു മന്ത്രി വരെ പോയി. മന്ത്രി സത്യം പറഞ്ഞു,

ഞാനും ചെയ്യുന്നത് ഏതാണ്ട് ഈ വകുപ്പോക്കെ തന്നെ, പക്ഷെ എന്റെ വകുപ്പു വളരെ ശൈശവാസ്ഥയിലാണ്. എനിക്കിപ്പോള്‍ നിങ്ങള്‍ പ്രവാസികളുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കാനുള്ള പ്രായമേ ആയിട്ടുള്ളു. ഇതൊക്കെ പരിഹരിക്കാന്‍ ഇനിയും ഞാന്‍ മനസ്സിലാക്കെണ്ടിയിരിക്കുന്നു. മാത്രവുമല്ല, പാസ്പോര്ട്ട് എന്നു പറയുമ്പോള്‍ അതു കേന്ദ്ര ഗവണ്മേന്റിന്റെ കയ്യിലാണ്, വീ ആര്‍ ഹെല്പ്ലെസ്സ്... മന്ത്രി പറഞ്ഞ് നിര്‍ത്തി.

ഹെല്‍‌പ്‌ലെസ്സ്, അല്ലെങ്കില്‍ നീ ഒലത്തിയേനെ... മണ്ടന്‍ മന്ത്രി.

അപ്പോള്‍ ഇനി കേന്ദ്രത്തില്‍ നിന്നും വേണം. ആലോചിച്ചാലോചിചിരുന്നപ്പോള്‍ ദൈവം ഒരു മുഖം മനസ്സില്‍ തെളിയിച്ചു തന്നു. ലവന്‍ ഇപ്പോള്‍ അങ്ങു ഡെല്‍ഹിയില്‍ ഒരു മന്ത്രി യുടെ പേര്‍സണല്‍ സ്റ്റാഫ് ആണല്ലോ? അടുത്ത സുഹൃത്തുക്കളല്ലെങ്കിലും പരസ്പരം നന്നായി അറിയാം. സ്കൂളില്‍ ഒന്നൊ രണ്ടോ വര്‍ഷം അവന്‍ എന്റ ജൂനിയര്‍ ആയിരുന്നു. അതിനെക്കാളേറെ ക്രിക്കറ്റ് ഗ്രൗണ്ടിലെ പരിചയമാണ്. ഇനി അവന്‍ തന്നെ ശരണം.

പ്രിയപ്പെട്ട വായനക്കാരെ, പിന്നീട് എന്റെ പാസ്പോര്‍ട്ടിനു വേണ്ടി പ്രവര്‍ത്തിച്ചവരെല്ലാം ഡെല്‍ഹിയിലുള്ള വളരെ ഉന്നതരും, പ്രശ്സ്തരും ഒക്കെ ആയതിനാലും, അവരുടെയൊക്കെ രീതികള്‍ക്ക് രഹസ്യ സ്വഭാവം ഉള്ളതിനാലും, അവരുടെ യൊക്കെ പ്രവര്‍ത്തന രീതികള്‍ വിവരിക്കുന്നതിലുള്ള ബുദ്ധിമുട്ട് മനസ്സിലാക്കുമല്ലൊ? സദയം ക്ഷമിക്കുക.


ഡെല്‍ഹിയിലുള്ള എന്റെ പഴയ സുഹൃത്തിനെ വിവരം അറിയിച്ചു പത്ത് ദിവസത്തിനു ശേഷം എന്റെ പാസ്പോര്‍ട്ട് റിയാദ് ഏംബസ്സിയില്‍ നിന്നും റിന്യു ചെയ്ത് കിട്ടി. ശക്തമായ രാഷ്ട്രീയ സ്വാധീനം ഭരണതലത്തില്‍ നിന്നുമുണ്ടായി. എംബസ്സി ഓഫീസേര്‍സിന് ഇരിക്കപ്പൊറുതിയില്ലാതായി. ഇവിടെ ഞാന്‍ അനര്‍ഹമായ ഒന്നും രാഷ്ട്രീയ സ്വധീനമുപയോഗിച്ച് നേടിയില്ല. എനിക്കര്‍ഹമായതു നേടാന്‍ എനിക്കു രാഷ്ട്രീയസ്വാധീനം ഉപയോഗിക്കേണ്ടി വന്നു എന്നതാണ് സത്യം.


എനിക്ക് പാസ്പോര്‍ട്ട് സൗദിയില്‍ ഇഷ്യു ചെയ്തതിനു ശേഷവും എന്റെ പാസ്പോര്‍ട്ടിന്റെ പോലീസ് വെരിഫിക്കേഷന് വേണ്ടി പുല്ലമ്പലത്തുള്ള എന്റെ വീട്ടില്‍ പോലീസ് ഏമാന്‍ വന്നിരുന്നു. അന്ന് ഏമാനു കൈമടക്കു കൊടുത്ത് വിട്ടു. അതിനാല്‍ ഇനി പത്ത് വര്‍ഷം കഴിഞ്ഞാല്‍ അടുത്ത റിന്യൂവലിനു പ്രശ്നം ഊണ്ടാകില്ല എന്നു വിശ്വസിക്കം.

അയ്യോ !!! അടുത്തതു ഉടനെയുണ്ട്. എന്റെ പാസ്പോര്‍ട്ടിലെ പേജ് തീര്‍ന്നു...

Comments

G.manu said…
nice narration mashe. paasport katha sukhichu
Anonymous said…
ur dialogue is very touching man. Keep writing more.............
സണ്ണിക്കുട്ടാ, വായിച്ചു വളരെ നന്നായി എഴുതിയിരിക്കുന്നു...
എന്തായാലും പാസ്സ് പോര്‍ട്ട് കൈയില്‍ കിട്ടിയല്ലൊ:
അത് തന്നെ കാര്യം:)
തത്തറ said…
നന്നായിട്ടുണ്ട്‌ .. ഇഷ്ടപ്പെട്ടു. :)
ഡിയര്‍ കമന്റേഴ്സ് നന്ദി

അല്പം ഹ്യൂമറോട് കൂടിയാണ് ഇപ്പോഴിതെഴുതിയെങ്കിലും, പാസ്പോര്‍ട്ട് കിട്ടുന്നത് വരെ ഞാനനുഭവിച്ച ടെന്‍ഷന്‍ വളരെ വലുതാണ്.

Popular posts from this blog

അഭിലാലിന്റെ സംശയം

പപ്പുവിനു ഇന്ന് ചോറൂണ്

ടെന്‍‌ഗിസ് മുതല്‍ തിരോന്തരം വരെ (അവസാന ഭാഗം)