ടെന്‍‌ഗിസ് മുതല്‍ തിരോന്തരം വരെ (അവസാന ഭാഗം)

എമിറെറ്റ്സിന്റെ ആ കൂറ്റന്‍ വിമാനത്തില്‍ ഞാനും ജോയിച്ചനും മാത്രമാണ് മലയാളികള്‍. യാത്രക്കാര്‍ കുറവായതിനാല്‍ ഫുഡ്ബാള്‍ കളിക്കാനുള്ള സ്ഥലമുണ്ട് വിമാനത്തിനുള്ളില്‍. ജോയിച്ചന്‍ ഓരോ സീറ്റും മാറി മാറി ഇരുന്നു നോക്കുന്നു. ഒരു സീറ്റും പുള്ളിക്കാരന് കം‌ഫര്‍ട്ട് ആകുന്നില്ല. അവസാനം ഒരു എയര്‍ ഹോസ്റ്റസ് വിരട്ടുന്നത് വരെ ജോയിച്ചന്‍ കസേരകളി തുടര്‍ന്നു. ജോയിച്ചന്‍ ഒരു സീറ്റില്‍ പെര്‍മനെന്റ് ആയതോടെ ഞാനും ജോയിച്ചന്റെ സീറ്റിന്റെ അടുത്തുള്ള സീറ്റില്‍ പോയിരുന്നു.

എമിറെറ്റ്സിന്റെ ശാപ്പാടും വൈറ്റ് വൈനും ഒക്കെ അടിച്ചപ്പോള്‍ ജോയിച്ചന്‍ ഫോമിലേക്കുയര്‍ന്നു, എയര്‍ ഇന്‍ഡ്യയെ തെറി വിളിക്കാന്‍ തുടങ്ങി. തെറി എയര്‍ ഇന്‍ഡ്യക്കല്ലെ, ഞാനും ജോയിച്ചനു കമ്പനി കൊടുത്തു.
എയര്‍ ഇന്‍ഡ്യയെ എമിറെറ്റ്സിന്റെ വീട്ടില്‍ വേലക്ക് നിര്‍ത്തണം,
ജോയിച്ചന്റെ അഭിപ്രായത്തോട് എനിക്ക് യോജിക്കാന്‍ കഴിയില്ല. കാരണം എയര്‍ ഇന്‍ഡ്യ എമിറെറ്റ്സിനെ പാഴിക്കളയും.

മുല്ലപ്പൂമ്പോടിയേറ്റു കിടക്കും,
കല്ലിനുമുണ്ടാ സൗരഭ്യം,

എന്നാണല്ലൊ പറയുന്നത്.

ഇനിയും മൂന്ന് മൂന്നര മണിക്കൂറുണ്ട് ദുബായിലെത്താന്‍. ഞാന്‍ മധ്യ നിരയിലെ നാല് സീറ്റിലായി നീണ്ട് നിവര്‍ന്ന് കിടന്നു സുഖമായി ഉറങ്ങി.
രാത്രി പന്ത്രണ്ട് മണിക്ക് ഞങ്ങള്‍‍ ദുബായ് എയര്‍പോര്‍ട്ടില്‍ ലാന്റ് ചെയ്തു.

ജോയിച്ചന്‍ ഡ്യൂട്ടി ഫ്രീ ഷോപ്പിലൂടെ ഓടി നടന്നു എന്തെക്കെയോ പര്‍ച്ചെയ്സ് ചെയ്യുന്നു. ജോണിവാക്കറുടെ ഒരു ബാഗില്‍ മൂന്ന് ഫുള്‍. ഇതെപ്പോള്‍ മേടിച്ചെന്ന് എനിക്കറിയില്ല. മൂന്ന് മണിക്ക് കൊച്ചിയിലേക്കുള്ള എമിറെറ്റ്സില്‍ ജോയിച്ചന്‍ കൊച്ചിക്ക് പോകും. എന്റെ അടുത്ത ഫ്ലൈറ്റ് ഉച്ചക്ക് പന്ത്രണ്ട് മണിക്കുള്ള ഗ്രേറ്റ് എയര്‍ ഇന്‍ഡ്യ റ്റു തിരോന്തരം.

ജോയിച്ചനെ യാത്രയാക്കിയിട്ട് ഞാന്‍ ഒന്നുറങ്ങാനുള്ള വഴി ആലോചിച്ചു.
ഇത്രയും സമയം ഇരുന്ന് ഉറങ്ങാന്‍ ബുദ്ധിമുട്ടാണ്, കിടന്നുറങ്ങാനൊരിടം തേടി തെക്ക് വടക്ക് നടന്ന എന്റെ കണ്ണില്‍ പെട്ടെന്ന്, ചാരു കസേരയുടെ രൂപത്തിലുള്ള ഒരു തരം കസേര. പത്ത് പതിനഞ്ച് സീറ്റ് വരും അതില്‍.സംഗതി കൊള്ളാം. പക്ഷെ ഒരു പ്രശ്നം. അതില്‍ ഒരു സീറ്റ് പോലും ഒഴിവില്ല. എപ്പോഴെങ്കിലും ഒരു സീറ്റ് കിട്ടുമെന്ന പ്രതീക്ഷയില്‍ ഞാന്‍ അതിനു തൊട്ടടുത്ത് കിടന്ന കസേരയില്‍ ഇരുന്നു. എനിക്കധികനേരം അവിടെ ഇരിക്കേണ്ടിവന്നില്ല.


ചാരുകസേരയിലെ ഉറക്കത്തിന് ഒരു സുഖമില്ല. ഈ സാധനം മൊത്തത്തില്‍ ആടിയുലയുന്നു. ഒരു സാങ്കേതിക വിദഗ്ദ്ധനായ ഞാന്‍ അതിന്റെ റൂട്ട് കാസ് അന്വേഷിച്ചു. സാധാരണ ചെയ്യുന്നപോലെ റൂട്ട് കാസ് കണ്ടുപിടിക്കാന്‍ അതിന്റെ മാനുഫാക്‌ചര്‍ക്ക് മയില്‍ അയച്ച് അവരുടെ മറുപടിക്ക് കാത്തിരിക്കേണ്ടി വന്നില്ല. ഞാന്‍ തന്നെ അതിന്റെ കാരണം കണ്ടൂപിടിച്ചു.

പതിനഞ്ച് സീറ്റുള്ള ഈ ചാരുകസേര ഗ്രൂപ്പിനെ നിലത്ത് താങ്ങിനിര്‍ത്തുന്നത് രണ്ടേ രണ്ട് കാലിലാണ്. രണ്ടറ്റത്തായി ഉറപ്പിച്ച കാലില്‍ നീളത്തില്‍ രണ്ട് പൈപ്പ് വെല്‍ഡ് ചെയ്ത് പിടിപ്പിച്ചിട്ട് അതില്‍ ഈ പതിനഞ്ച് കസേരകള്‍ നട്ടും ബോള്‍ട്ടും ഇട്ട് പിടിപ്പിച്ചിരിക്കുന്നു. അതില്‍ ഇടത്തോട്ട് ചരിഞ്ഞിരുന്ന് ഉറങ്ങുന്ന ഏതെങ്കിലും ഉറക്കനോ ഉറക്കിയോ വലത്തോട്ട് ഒന്നു ചരിഞ്ഞാല്‍ ബാക്കി പതിനാലു പേരും കുലുങ്ങും. ചിലപ്പോള്‍ നിലത്ത് വീഴുമോ എന്നു തന്നെ തോന്നും. ഏതെങ്കിലും ഒരാള്‍ ഇറങ്ങുകയോ അതില്‍ പുതുതായി ആരെങ്കിലും കയറുകയോ ചെയതാല്‍, തിരമാലയില്‍ പൊങ്ങി താഴുന്ന ബോട്ടില്‍ ഇരിക്കുന്ന പോലെ തോന്നും.
ചാരുകസേരയിലിരുന്ന് നേരം വെളുപ്പിക്കാമെന്ന വ്യാമോഹം ഉപേക്ഷിച്ച് നിലത്ത് എവിടെയെങ്കിലും കിടന്ന് ഉറങ്ങാന്‍ തീരുമാനിച്ചു. അവിടേയും നിരാശയായിരുന്നു ഫലം. ഉണ്ടായിരുന്ന സ്ഥലമൊക്കെ രാജ്യഭേദമന്യേ, ജാതിഭേദമന്യേ മറ്റുള്ളവര്‍ കൈക്കലാക്കിയിരിക്കുന്നു. അവസാനം ഒരു പാകിസ്ഥാനിയുടെ അരികില്‍ അല്പം സ്ഥലം കിട്ടി. രാത്രിയുടെ ഏതൊക്കെയോ യാമങ്ങളില്‍ പാകിസ്ഥാനിയുടെ എവിടെയോ നിന്നൊക്കെ എന്തൊക്കെയോ ശബ്ദങ്ങള്‍ വരുന്നുണ്ടായിരുന്നു.


നേരം വെളുത്തപ്പോള്‍ അടുത്ത് കിടന്നുറങ്ങിയ പാകിസ്ഥാനി എന്നെ വിളിച്ചുണര്‍ത്തി. പാകിസ്ഥാനിയുടെ കാലിനു മുകളിലിരുന്ന എന്റെ കാല്‍ ഒന്നു മാറ്റിയാല്‍ അദ്ദേഹത്തിന്‍ എഴുന്നേല്‍ക്കാമായിരുന്നുവെന്ന് എന്നെ ഓര്‍മ്മപ്പെടുത്തി. ഞാന്‍ അങ്ങേര്‍ക്ക് എഴുന്നേല്‍ക്കാനുള്ള സൗകര്യം ഉണ്ടാക്കികൊടുത്തു.

സമയം സിക്സ് എ എം ഇനിയും ആറ് മണിക്കൂറുണ്ട്. എയര്‍ ഇന്‍ഡ്യ ആയത് കൊണ്ട് ഈ ആറ് മണിക്കൂര്‍ മിനിമം ആയി കാണണം. ആറ് മണിക്കൂര്‍ ആറ് ദിവസമായി നീളാം, ആറാമത്തെ ദിവസം ഫ്ലൈറ്റ് വരെ ക്യാന്‍സല്‍ ചെയ്തേക്കാം. ഇതൊക്കെ സംഭവിക്കാതിരിക്കാന്‍ പഴവങ്ങാടി ഗണപതിക്ക് ഒരു തേങ്ങ അടിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചെങ്കിലും ഗണപതിഭഗവാന്‍ വിചാരിച്ചാലും എയര്‍ ഇന്‍ഡ്യയെ നന്നാക്കാനാവില്ലെന്ന നഗ്ന സത്യം ഞാന്‍ തിരിച്ചറിഞ്ഞു.

ജോയിച്ചന്‍ കൂടെയില്ലാത്തതിനാല്‍ ഒരു ഉന്മേഷക്കുറവ്. അതിനാല്‍ സ്ഥിരം ബിവറേജ് വിട്ട്, കോഫി കുടിക്കാന്‍ തീരുമാനിച്ചു. ഇരുന്നും നടന്നും കിടന്നും എങ്ങനെയെങ്കിലും പത്ത് മണിയാക്കി. ഇനി രണ്ട് മണിക്കൂര്‍. ഒരു മണിക്കൂര്‍ ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ ബാക്കിയുള്ള ഒരു മണിക്കൂര്‍ ബോര്‍ഡിംഗ് പ്രോസസിങ്ങിനു വേണ്ടി പോകും. ഇങ്ങനെയൊക്കെ ചിന്തിച്ചുകൊണ്ട് ഞാന്‍ മെല്ലെ ഡ്യൂട്ടിഫ്രീ ഷോപ്പിലേക്ക് നടന്നു.

ജോണി വാക്കറുടെ ബില്‍ പേയ് ചെയ്യുമ്പോഴാണ്, ഞാന്‍ ആ ഞെട്ടിപ്പിക്കുന്ന കാഴ്ച കണ്ടത്. അലക്കി തേച്ച് കഞ്ഞിയിട്ട് തേച്ച് ഒരു ഖദര്‍ ധാരി. കേരളത്തില്‍ നിന്നുള്ള ഒരു രാഷ്ട്രീയക്കാരന്‍. ആളുടെ പേരും നാളും ഒന്നും മനസ്സിലായില്ല. സ്വര്‍ണ്ണാഭരണ വിഭൂഷിതയായി നില്‍ക്കുന്ന ആ സാഞ്ചരിക്കുന്ന ജുവലറി ഖദര്‍ധാരിയുടെ ഭാര്യയാണന്ന് മനസ്സിലയി. ഇവരോടൊപ്പം പച്ച സഫാരി സ്യൂട്ട് ഇട്ട മറ്റൊരു വ്യക്തി. അദ്ദേഹം ഡ്യൂട്ടി ഫ്രീ ഷോപ്പിലെ ജോലിക്കാരനാണെന്ന് പിന്നീട് മനസ്സിലായി.

ഖദര്‍ധാരി ആരാണ്? കൂടെയുള്ളത് ഭാര്യ തന്നെയാണൊ? എന്തിനിവിടെ വന്നു തുടങ്ങിയ ചോദ്യങ്ങള്‍ എന്റെ മനസ്സിലൂടെ ഒന്നൊന്നായി കടന്നുപൊയ്യ്ക്കൊണ്ടിരുന്നു. ഈ ചോദ്യങ്ങള്‍ക്കൊക്കെ ഉത്തരം കണ്ടെത്താന്‍ വേണ്ടി ഞാന്‍ അവരെ വിടാതെ പിന്തുടര്‍ന്നു.

സെക്യൂരിറ്റി ചെക്കിംഗ് സമയത്ത്, ഖദര്‍ധാരിയുടെ ഭാര്യയുടെ ബോര്‍ഡിംഗ് പാസില്‍ പേരു വായിക്കാന്‍ സാധിച്ചു. അതില്‍ നിന്നും ഖദര്‍ധാരി ആരെന്നു ഊഹിച്ചു. ദൈവമെ!!! ഇതു നമ്മുടെ ഇപ്പോഴത്തെ എം എല്‍ എ യും മുന്‍ മന്ത്രിയും ഒക്കെ ആയ ചിത്രഗുപ്തന്‍‍ അല്ലെ??? ഇങ്ങേര്‍ക്കെന്താ ദുബായില്‍ കാര്യം? പക്ഷെ ഇങ്ങനെയൊക്കെ ആണെങ്കിലും എയര്‍ ഇന്‍ഡ്യയില്‍ തിരോന്തരത്തേക്ക് വരാന്‍ കാത്തിരിക്കുന്ന ഒരു മലയാളിക്കും നമ്മുടെ നേതാവിനെ മനസ്സിലാകുന്നില്ലെ? ആരും ഒന്നു വിഷ് ചെയ്യുന്നതുപോലും ഇല്ല. ഇനി മലയാളികളൊക്കെ രാഷ്ട്രീയകാരുടെയൊക്കെ സ്വഭാവം തിരിച്ചറിയാന്‍ പഠിച്ചോ? മുന്‍ മന്ത്രി പ്രതീക്ഷ കൈവിട്ടിട്ടില്ല. ആരെങ്കിലും ഒക്കെ വരും, സാറെ എന്നു വിളിക്കും, എന്നൊക്കെ പ്രതീക്ഷിച്ച് എല്ലാവരേയും മാറി മാറി നോക്കുന്നുണ്ട്. പക്ഷെ ഒരു മലയാളിയും മുന്മന്ത്രിയുടെ പ്രതീക്ഷക്കൊത്ത് ഉയരുന്നില്ല.

സെക്യൂരിറ്റി ചെക്കിംഗ് കൃത്യസമയത്ത് നടന്നത്കൊണ്ട് വിമാനം പന്ത്രണ്ട് മണിക്ക് തന്നെ പൊങ്ങും എന്ന പ്രതീക്ഷ നല്‍കി. പെട്ടെന്നാണ് എല്ലാ സ്വപ്നങ്ങള്‍ക്കും തിരിച്ചടി നല്‍കിക്കൊണ്ട് അത് സംഭവിച്ചത്. സെക്യൂരിറ്റി ചെക്കിംഗില്‍ സ്ക്രീനിങ്ങിനു വേണ്ടി വാച്ചും ബെല്‍റ്റും ഒക്കെ അഴിച്ചുവച്ച കൂട്ടത്തില്‍ ഒരു യാത്രക്കാരന്‍ കയ്യില്‍ കിടന്ന ബ്രെയ്സ്‌ലെറ്റും കൂടി അഴിച്ചു വച്ചു. സ്ക്രീനിംഗിന് വേണ്ടി അകത്തേക്ക് കടത്തിവിട്ട ബ്രെസ്‌ലെറ്റ് പിന്നെ പുറത്തേക്ക് വന്നില്ല. അല്ലെങ്കില്‍ പുറത്ത് വന്ന ബ്രെസ്‌ലെറ്റ് അതിന്റെ ഉടമക്ക് തിരിച്ച് കിട്ടിയില്ല. രംഗം വഷളായി. മലയാളികള്‍ ഒത്തുകൂടി. നഷ്ടപ്പെട്ട ബ്രെസ്‌ലെറ്റിനെ ഓര്‍ത്ത് അതിന്റെ ഉടമ പൊട്ടിക്കരഞ്ഞു. അതു മറ്റുള്ള യാത്രക്കാരില്‍ വിവിധതരം വികാരങ്ങളുണര്‍ത്തി. ചിലര്‍ ചിരിച്ചു, ചിലര്‍ സഹതപിച്ചു, മറ്റു ചിലര്‍ എല്ലവരേയും തെറി വിളിച്ചു.

സംഭവും ചൂടുപിടിക്കുന്നു. ബ്രെസ്‌ലെറ്റ് ഇല്ലാതെ യാത്രചെയ്യില്ലായെന്ന ഉറച്ച നിലപാടില്ലാണ് അതിന്റെ ഉടമ. സംഗതി കൈവിട്ടുപോകുമെന്ന് തോന്നിയപ്പോള്‍ ബോര്‍ഡിംഗ് സ്റ്റാഫ് ചില തീരുമാനമെടുത്തു. സെക്യൂരിറ്റി സ്റ്റാഫിന്റേയും എയര്‍പോര്‍ട്ട് പോലീസിന്റേയും സഹായത്തോടെ അന്വേഷിക്കുക. ഇത് വെയിറ്റിംഗ് ലോഞ്ചില്‍ മത്രം അന്വേഷിച്ചാല്‍ മതിയല്ലൊ, ദുബായി മുഴുവന്‍ തിരക്കി നടക്കേണ്ട കാര്യമില്ലല്ലൊ? സെക്യൂരിറ്റി സ്റ്റാഫ് വന്നു, പോലീസ് വന്നു. എല്ലാവരുടേയും ഉടുതുണിവരെ അഴിച്ചു ബ്രെസ്‌ലെറ്റ് കണ്ടു പിടിക്കാന്‍ പോകുന്നു.

യാത്രക്കാര്‍ പ്രതിഷേധിച്ചു,വാഗ്വേദങ്ങളും തെറി വിളികളും തുടങ്ങി. നേരത്തെ ബ്രെസ്‌ലെറ്റ് പോയതില്‍ സഹതപിച്ചവരൊക്കെ ഇപ്പൊല്‍ ബാന്‍ഡ് മാറ്റി തെറി വിളി തുടങ്ങി.

ഒരു ബ്രെസ്‌ലെറ്റ് സൂക്ഷിക്കാന്‍ കഴിവില്ലാത്തവനാണോഡാ... ദുബായില്‍ ഒലത്തുന്നത്????

അവന്റെ ഒരു ബ്രേസ്‌ലെറ്റിന് പകരം അവനു ഞാന്‍ പത്തെണ്ണംകൊടുക്കാം.. ഇന്നാ എന്റെ കാര്‍ഡ് പിടിയെഡാ!!!

ദേയ്,, ഒരുത്തന്റെ ബ്രേസ്‌ലെറ്റിന് വേണ്ടി എന്നെ സംശയിച്ചാലുണ്ടാല്ലൊ? എല്ലാത്തിനേയും കൊന്ന് ഞാന്‍ ജയിലില്‍ പോകും.. എന്നെ കള്ളനാക്കരുത്..ങും... പറഞ്ഞേക്കാം...

ഇങ്ങനെ നീളുന്നു പബ്ലിക് കമന്റ്.

ഇവിടെ ഇങ്ങനെയൊക്കെ സംഭവിച്ചിട്ടും, നമ്മുടെ എം. എല്‍. എ യ്ക്ക് യാതൊരു കുലുക്കവുമില്ല.

ഓ !! പിന്നെ, ഇതിലും വലുത് എന്റെ സ്വന്തം മണ്ഡലത്തില്‍ നടന്നിട്ട് ഞാന്‍ ഇടപെട്ടിട്ടില്ല. പിന്നെയല്ലെ ഈ ദുബായി എയര്‍പോര്‍ട്ടില്‍??

ഒരു സമവായത്തിന്റെ ആവശ്യകതയെക്കുറിച്ച് മറാട്ടികളായ ബോര്‍ഡിംഗ് സ്റ്റാഫിനു മനസ്സിലായി. ശരീര പരിശോധനക്കു പകരം എല്ലാവരേയും വീണ്ടും സ്ക്രീന്‍ ചെയ്യാം എന്ന തീരുമാനത്തിലേക്ക് അവരെത്തി.

മറാട്ടികള്‍ അയയുന്നത് കണ്ടപ്പോള്‍ മലയാളികള്‍ മുറുക്കി.

ഞങ്ങളെ സ്ക്രീന്‍ ചെയ്യുന്നതിന്‍ മുന്‍പ്, നിങ്ങളെ തന്നെ സ്ക്രീന്‍ ചെയ്യത് നോക്കു, ചിലപ്പോള്‍ അറിയാതെ പാന്റസിലോ പാവടയിലോ ഉടക്കി ഇരുന്നാലൊ? ഹല്ല പിന്നെ. ഇനിയും സ്ക്രീനിംഗ് ഒണ്ടാക്കണം പോലും..

അപ്പോഴും എം എല്‍ എ യ്ക് മൗനം.

സംഭവം ഒരു വഴിക്ക് പോകില്ലായെന്ന് മനസ്സിലാക്കിയപ്പോള്‍ എയര്‍ ഇന്‍ഡ്യ യിലെ ഒരു സീനിയര്‍ സ്റ്റാഫ് വന്ന് ഇം‌ഗ്ലീഷിലും ഹിന്ദിയിലുമൊക്കെ ആയിട്ട് പറഞ്ഞു,

പ്ലീസ്, ഇക്കാരണത്താല്‍ ഫ്ലൈറ്റ് ഡിലെയ് ആകരുത്, അത് കൊണ്ട് ഞങ്ങളോട് സഹകരിക്കുക. എല്ലാവരേയും ചെക്ക് ചെയ്യുന്നില്ല. ബ്രേസ്‌ലെട്ടിന്റെ ഉടമയ്ക്ക് മുന്നിലും പിന്നിലും ആയി സ്ക്രീനിംഗ് ചെയ്ത് അഞ്ചഞ്ചുപേരെ മാത്രം ഒന്നുകൂടി സ്ക്രീന്‍ ചെയ്യാന്‍ അനുവദിക്കുക. പ്ലീസ്.

ശരി സമ്മതിക്കാം. അല്ലെങ്കില്‍ ഇതിന്റെ പേരില്‍ ഇവന്മാര്‍ ഫ്ലൈറ്റ് ക്യാന്‍സല്‍ ചെയ്ത് കളയും. അതു ഇതിലും വലിയ കുരിശ് ആകും. യാത്രക്കാരെല്ലാം സമ്മതം മൂളി. അപ്പോഴും മുന്മന്ത്രി മിണ്ടിയില്ല.

മറാട്ടി പെണ്ണ് ആദ്യത്തെ പേരു വിളിച്ചു,

മിസ്റ്റര്‍ ചിത്രഗുപ്തന്‍.

എം എല്‍ എ ഞെട്ടി.

മിസ്സിസ്സ് ചിത്രഗുപ്തന്‍.

എം എല്‍ എ ഒന്നു കൂടി ഞെട്ടി.

പിന്നെ തുടര്‍ന്ന് വേറെ എട്ടു പേരുകളൂം. ഭാഗ്യം ഞാനില്ല.

എം. എല്‍ എ സാര്‍ വയലന്റ് ആയി. നേരെ എയര്‍ ഇന്‍ഡ്യ യുടെ സീനിയര്‍ സ്റ്റാഫിനടുത്ത് ചെന്നു കയര്‍ത്തു. എയര്‍ ഇന്‍ഡ്യ സ്റ്റാഫ് എയര്‍പോര്‍ട്ട് പോലീസിനോട് എന്തൊ കണ്ണുകാണിച്ചു. എം. എല്‍ എ യെ സെക്യൂരിറ്റി സ്റ്റാഫും, പോലീസും കൂടി കര്‍ട്ടനിട്ട ക്യാബിനില്‍ കൊണ്ടുപോയി എന്തൊക്കെയോ അഴിച്ചു പരിശോധിച്ചു.

മിസ്സിസ്സ് എം. എല്‍. എ യെ വനിത പോലീസും കൊണ്ടുപോയി.

എല്ലാവരേയും പരിശോധിച്ചെങ്കിലും ബ്രേസ്‌ലെറ്റ് മാത്രം കിട്ടിയില്ല. ബ്രേസ്‌ലെറ്റ് അതിന്റെ ഉടമസ്ഥനും യാത്രക്ക് തയ്യാറായി. ബ്രേസ്‌ലെറ്റ് തിരയാന്‍‌വേണ്ടി എയര്‍ ഇന്‍ഡ്യ ഒന്നര മണിക്കൂര്‍ ഡെഡിക്കേറ്റ് ചെയ്തു.

ലോഞ്ചിലെ ഗേറ്റ് തുറന്നു. ഞാന്‍ ഓടി ആദ്യ യാത്രക്കാരനായി വിമാനത്തില്‍ കയറുവാന്‍. ഓടുന്നതിനിടയില്‍ ഞാന്‍ ഓര്‍ത്തു,

ദൈവമെ, ദുബായീന്ന് പൊങ്ങിയാല്‍ തിരോന്തരത്ത് താഴുന്നത് വരെ ഈ സാധനം പറക്കുന്നതു കടലിന് മുകളില്‍കൂടിയാണ്. ഞാന്‍ ആദ്യം വലത് കാല്‍ വച്ച് കയറിയാല്‍ എന്റെ ഐശ്വര്യം കൊണ്ടിത് കടലിലെങ്ങാനും വീഴുമൊ?

വീണാല്‍ വിധി. അല്ലാതെന്താ?

ഇത്രയും ആലോചിച്ചപ്പോള്‍ തന്നെ ഞാന്‍ ഫ്ലൈറ്റിന്റെ വാതില്‍ക്കലെത്തി.

വൃത്തികെട്ട ഒരു ചിരിയുമായി ഒരു അമ്മുമ്മ തൊഴുകയ്യോടെ അകത്തേക്കാനയിച്ചു.

അകത്ത് ആന്റിമാര്‍ ആര്‍ക്കോ വേണ്ടീ ഓക്കാനിക്കാനെന്നപോലെ നില്‍ക്കുന്നു. നീ എവിടെയെങ്കിലും വേണമെങ്കില്‍ ഇരിന്നോ എന്ന നിലപാട്. ഓ പിന്നെ നമ്മളാര് ഈ വരുന്ന ലേബേര്‍സ് ആരു? (എയര്‍ ഇന്‍ഡ്യയുടെ ഭാഷയില്‍ ഗള്‍‌ഫ് കാരെല്ലാം ലേബേര്‍സ് ആണല്ലൊ)

ഉള്ളതില്‍ വച്ച് എറ്റവും പ്രായം കുറഞ്ഞ ആന്റിയോടു ഞാന്‍ ചുമ്മാ ചോദിച്ചു,

മാഡം, എയര്‍ ഇന്‍ഡ്യയിലെ ഹോസ്റ്റസ്സ് മര്‍ക്ക് ഇപ്പൊ റിട്ടയര്‍മെന്റ് ഇല്ലെ??

ചോദ്യത്തില്‍ എന്തൊ പന്തികേട് ഉണ്ടെന്നു മനസ്സിലാക്കിയ ആന്റി തിരിച്ച് ചോദിച്ചു,

വൈ?

അല്ല! ആ വാതില്‍‌ക്കല്‍ നില്‍ക്കുന്ന ആന്റി ഇതുവരെ റിട്ടയര്‍ ആയില്ല, അതു കൊണ്ട് ചോദിച്ചതാ..

എന്റെ മറുപടി അവര്‍ക്കു ബോധിച്ചു. മരുമകളുടെ ഇഷ്ടപ്പെട്ട സീരിയല്‍ സമയത്ത് കറന്റ് പോകുമ്പോള്‍ അമ്മായിയമ്മ ചിരിക്കുന്ന പോലെ ഒന്നു ചിരിച്ചു. വേഗം പോയി ഒരു ഗ്ലാസ്സ് നാരങ്ങാവെള്ളം കൊണ്ടു തന്നു.

എനിക്ക് വിന്‍ഡൊ സീറ്റ് ആയിരുന്നെങ്കിലും എന്റെ തൊട്ടടുത്ത സീറ്റിലും ആരുമില്ലായിരുന്നു. ഹയ്യോ !! മധ്യനിരയിലെ സീറ്റില്‍ അതാ ചിത്രഗുപ്തനും ഭാര്യയും എനിക്ക് സമാന്തരമായിട്ടിരിക്കുന്നു.

രണ്ട് ടിന്‍ ബിയറും, ഒരു ചെറിയ പായ്ക്കറ്റിനകത്ത് പത്ത് നിലക്കടലയും ഒരു ആന്റി കൊണ്ടു വന്നു തന്നു.

എനിക്ക് ബിയര്‍ വേണ്ട വൈന്‍ മതി എന്ന് പറഞ്ഞപ്പോള്‍, വേണമെങ്കി ഇത് കുടിച്ചിട്ടു പോടാ ചെക്കാ എന്ന രീതിയിലോരു മറുപടികിട്ടി.

കുടിയും തീറ്റയും ഒക്കെ കഴിഞ്ഞപ്പോള്‍ സമയം പോകാനായി എം. എല്‍. എ യെ ഒന്നു മുട്ടിനോക്കാന്‍ തീരുമാനിച്ചു.

ഹല്ലോ സാര്‍..

ഹല്ലോ

എം. എല്‍. എ ചിത്രഗുപതന്‍ അല്ലെ?

അതെ, അതെന്താ എന്നെ മനസ്സിലായില്ലായിരുന്നൊ ?

അതല്ല. ഒന്നു ഉറപ്പുവരുത്തിയെന്നു മാത്രം.

കൂടെ യുള്ളത് ഭാര്യ ആയിരിക്കും അല്ലെ?/

എം. എല്‍. എ ഒന്നു ഉഴിഞ്ഞു നോക്കി, പിന്നെ ഒന്നു ഇരുത്തി മൂളി.

എന്താ സാര്‍, മക്കളുടെ ആരുടെയെങ്കിലും കല്ല്യാണം ആയോ ?

അതെ, അതെങ്ങനെ മനസ്സിലായി???

അത് മനസ്സിലാക്കാന്‍ വളരെ ബുദ്ധിമുട്ടൊന്നും ഇല്ലല്ലോ സാര്‍,,,

ടെല്‍ മീ സണ്ണിക്കുട്ടന്‍. ഇറ്റ് ഈസ് സര്‍പ്രൈസിന്‍‌ഗ് മീ. ഞങ്ങള്‍ ഇതുവരെ ഇതു ആരോടും പറഞ്ഞില്ല, അടുത്ത ബന്ധുക്കള്‍ക്ക് മാത്രം അറിയാവുന്ന കാര്യമാണ്. നിങ്ങളെങ്ങനെ അറിഞ്ഞു ഇതു, പ്ലീസ് പറയൂ.. എന്റെ ബന്ധുക്കളെയാരെയെങ്കിലും നിങ്ങള്‍ക്കറിയാമൊ?

എനിക്കാരെയും അറിയില്ല, എന്നോടാരും പറഞ്ഞതുമല്ല.

പിന്നെ?

ഞാന്‍ ഊഹിച്ചതാ?

ഒഹ്ഹ്!! ഗ്രേറ്റ്, ഇതൊക്കെ എങ്ങനെ ഊഹിക്കുന്നു.

ഇതൊക്കെ ഊഹിക്കാന്‍ കോമ്മണ്‍ സെന്‍സ് മതി സാര്‍,,

മിസ്റ്റര്‍, സണ്ണിക്കുട്ടന്‍. നിങ്ങള്‍ ആളെ വടിയാക്കുന്നു.

ഹെഹെ ! ഇനി എന്തോന്ന് ആക്കാന്‍.

എഡൊ താന്‍ ഓവര്‍ ആകുന്നുണ്ട്, ഞാന്‍ ആരാണെന്നറിയാമൊ?

അറിയാം സാര്‍. സാര്‍ ആരാണ്? ആരാണെന്നുള്ള പദവി ഉപയോഗിച്ചല്ലെ ഇപ്പോള്‍ ദുബായിയില്‍ പ്രവാസികളൂടെ പാത്രത്തില്‍ കയ്യിട്ട് വാരാന്‍ വന്നത്??

നിര്‍ത്തഡോ തന്റെ പ്രസംഗം. ഞാന്‍ ഒരുത്തന്റേയും പാത്രത്തില്‍ കയ്യിടാന്‍ വന്നതല്ല. ഞാന്‍ എന്റെ മകളുടെ കല്ല്യാണത്തിന്റെ പര്‍ച്ചെയ്സിം‌ഗിന് വന്നതഡൊ !!!!

അറിയാം സാര്‍!! അതു തന്നെയാ ഞാന്‍ ആദ്യം പറഞ്ഞത്. സര്‍, ദുബായ് ഷേക്ക് കേരളത്തിലെ രാഷ്ട്രീയക്കാരുടെ മക്കളുടെ കല്ല്യാണമൊന്നും സ്പോണ്‍സര്‍ ചെയ്യുന്നില്ല. രാഷ്ട്രീയക്കാരെല്ലാം ഗള്‍ഫില്‍ നിരങ്ങുന്നത് പ്രവാസികളെ ഉദ്ധരിക്കാനൊന്നുമല്ല, സ്വന്തം കീശ വീര്‍പ്പിക്കാന്‍. ഗള്‍ഫിലെ ഏതെങ്കിലും വ്യവസായിക്ക് കേരളത്തിലെ ഏതെങ്കിലും പൊതു സ്വത്ത് തീറെഴുതികൊടുക്കും, അവര്‍ രാഷ്ട്രിയക്കാരുടെ മക്കളുടെ കല്ല്യാണവും ചരടു കെട്ടും സ്പോണ്‍സര്‍ ചെയ്യും.

ഡോ നിര്‍ത്തെഡാ അഹങ്കാരി, നീ തിരുവനന്തപുരത്തല്ലെ ഇറങ്ങുന്നത്. അവിടെ ഞാന്‍ കാണിച്ചുതരാം. തിരുവനന്തപുരത്ത് ഇറങ്ങിയാലും താന്‍ ഇതുപോലെ പ്രസംഗിക്കണം..

സാര്‍, താങ്കള്‍ തിരുവനന്തപുരം കാണുന്നത് എം. എല്‍. എ ആയതിനു ശേഷമല്ലെ. പക്ഷെ ഞാന്‍, ജനിച്ച് വളര്‍ന്നത് തിരുവനന്തപുരത്താണ്.

അതുവരെ മിണ്ടാതിരുന്ന മിസ്സിസ്സ് ചിത്രഗുപ്തന്‍ ചിലച്ചു.

ചേട്ടാ,, ആ നാറിയോട് സംസാരിക്കണ്ട, തിരോന്തരത്തിറങ്ങുമ്പോള്‍ അവനെ പിടിച്ച് പോലീസ് കാര്‍ക്ക് കൊടുത്താല്ല് മതി. അവര് ചെയ്തോളും എന്താന്നുവച്ചാല്‍..

പിന്നെ ആരും ഒന്നും മിണ്ടിയില്ല. വിമാനം തിരുവനന്തപുരത്തിറങ്ങാന്‍ തയ്യാറായിക്കഴിഞ്ഞു. എന്റെ നെഞ്ചിടിപ്പ് ക്രമാതീധമായി വര്‍ദ്ധിച്ചു. എയര്‍ പോര്‍ട്ടിനു പുറത്ത് എന്തായിരിക്കും നടക്കുക?? ഇങ്ങേരിരിനി പോലീസിനെ വിളിക്കുമൊ? ഒന്നും സംഭവിക്കല്ലേയെന്നു പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു.
അറൈവലിലിറങ്ങി ആദ്യം ഓടി ഇമിഗ്രേഷനിലേക്ക്. ഇമിഗ്രേഷന്‍ ക്ലീയറന്‍സ് കഴിഞ്ഞ് പുറത്തേക്ക് ഓടി. കസ്റ്റംസിലെത്തിയപ്പോള്‍ ഒരു കസ്റ്റംസ് ഓഫീസര്‍ പിടിച്ചു നിര്‍ത്തി ചോദിച്ചു,

നീ എവിടെന്ന് വരുന്നപ്പി,??

ദുബായീന്ന്.

ദുബായീന്ന് ഇപ ഏത് ഫ്ലൈറ്റ് വന്നത്??

എയരിന്ത്യ

ഓ, എയറിന്ത്യ വന്നാ.. അപ്പോ നിനക്ക് ലഗ്ഗേജൊന്നുമില്ലേടെയ്???

ഇല്ല,

എന്നാ പിന്നെ കയ്യിരിക്കുന്ന ആ തുണ്ടിഞ്ഞ് തന്നിട്ട് ആ വാതിലൂടെ പൊയ്ക്കൊ,

കസ്റ്റംസ് ഡിക്ലറേഷന്റെ സ്ലിപും കൊടുത്തിട്ട് ഞാന്‍ പുറത്തേക്ക് പാഞ്ഞു.

പുറത്തിറങ്ങി ഓട്ടോ സ്റ്റാന്‍ഡിലേക്ക് ഓടി. ആദ്യം കണ്ട ഓട്ടോ യില്‍ കയറി ഇരുന്നിട്ട് പറഞ്ഞു,

ചേട്ടാ തമ്പാനൂര്‍ക്ക് വിട്ടോ,

തമ്പാനൂര്‍ക്ക് പോവാന്‍ നൂറ് രൂപാണ് കേട്ടാ, അവിടെ ചെന്നിട്ട് അഞ്ഞാ പിഞ്ഞാ പറയരുത്.

എന്റെ പൊന്നു ചേട്ടാ,, പ്രോട്ടോക്കാള്‍ അനുസരിച്ച് എം. എല്‍. എ. എസ് ഐ ക്കു മുകളില്‍ വരും. പെട്ടെന്ന് വിട്ടോ ചേട്ടാ തമ്പാനൂര്‍ക്ക്,

എന്തോന്നടെ എസ്, ഐന്നും എം. എല്‍. എന്നും പറഞ്ഞു പേടിപ്പിക്കുന്നോ???

അയ്യോ ചേട്ടാ,, പേടിപ്പിച്ചതല്ല.. ഇത് ഇവിടെ പറഞ്ഞതാ.. ചേട്ടന്‍ വിട്ടോ..

നൂറല്ല,, നൂറ്റമ്പത് തന്നേക്കാം...

ട‌‌ര്‍‌‌ര്‍‌ര്‍‌ര്‍‌‌ര്‍‌ര്‍ ഓട്ടോ തമ്പാനൂര്‍ ലക്ഷ്യമാക്കി പാഞ്ഞു.

Comments

സു | Su said…
ചിരിച്ചു. :)

ചിത്രഗുപ്തന്‍, തിരുവനന്തപുരത്ത് ഇറങ്ങാന്‍ സമ്മതിച്ചത് ഭാഗ്യം എന്നു വിചാരിച്ചാല്‍ മതി. ചോദിച്ച ചോദ്യങ്ങളെല്ലാം കേട്ടിട്ട്, അവിടെ ഇറക്കാന്‍ വിടില്ലെന്നോ മറ്റോ തീരുമാനം എടുത്ത്, നാട്ടിലേക്ക് വിളിച്ചുപറഞ്ഞിരുന്നെങ്കില്‍, തിരിച്ചങ്ങോട്ടു തന്നെ പോകേണ്ടി വന്നേനെ.

ബ്രേസ്‌ലറ്റ് കാണാത്തതുപോലെ ഒരു സംഭവം കഴിഞ്ഞയാഴ്ച നടന്നു. പച്ചക്കറിക്കടയില്‍ നിന്ന് ഒരു സ്ത്രീ പേഴ്സ് കാണുന്നില്ലേ എന്നും പറഞ്ഞ് ഒരു അലര്‍ച്ച. എല്ലാവരും ഞെട്ടിപ്പോയി. ഇവിടെ ഇപ്പോ ഉള്ളവരൊന്നും നിങ്ങളുടെ പേഴ്സ് എടുക്കില്ലെന്ന് കടക്കാരനും. നോക്കുമ്പോള്‍, രണ്ടു ബാഗ്, ആ സ്ത്രീയുടെ കൈയില്‍ ഉള്ളതില്‍ ഒന്നില്‍ പേഴ്സ് ഉണ്ട്. എന്നിട്ട് ചമ്മി, വേഗം പൈസയും കൊടുത്ത് പോയി. ഞാന്‍ കടക്കാരനെ നോക്കി. അവനു ആ നോട്ടത്തിന്റെ അര്‍ത്ഥം മനസ്സിലായി. ചേച്ചി, മറ്റു സ്ത്രീകളെപ്പോലെ ഒരിക്കലും പേഴ്സും ബാഗും കൊണ്ടുവരാത്തത് എന്താണെന്ന് അവന്‍ ചോദിച്ചിട്ട് കുറച്ചുനാള്‍ ആയില്ല. ചേട്ടന്റെ കൂടെ വരുമ്പോള്‍, ഞാനിനി പൈസ വേറെ എടുക്കണോയെന്ന് അവനോട് ചേട്ടന്‍ തന്നെ ചോദിച്ചിരുന്നു. എടുത്തിരുന്നെങ്കില്‍, അവരുടെ പേഴ്സ് കണ്ടില്ലെങ്കില്‍ എന്റെ ബാഗിലും തെരയുമായിരുന്നില്ലേ? നാണക്കേട്.
ഞാന്‍ വായിക്കുന്നുണ്ടായിരുന്നു, എഴുത്തിന്റെ ശൈലി നന്ന്, പക്ഷേ, ഇതില്‍ നര്‍മ്മം എഴുതുമ്പോള്‍, യാഥാര്‍ത്ഥ്യത്തില്‍ എന്താണ് സംഭവിച്ചതെന്ന് വായനക്കാര്‍ക്ക് മനസ്സിലാവണം, ഇവിടെ അങ്ങനെ സംഭവിച്ചിട്ടില്ല ഫ്ലൈറ്റില്‍ കയറിയത് മുതല്‍ ഓട്ടോറിക്ഷയില്‍ കയറുന്നത് വരെ എന്തോപ്രശ്നമുണ്ടായെന്ന് മനസ്സിലായെന്നല്ലാതെ അത് എന്താണെന്ന് ക്ലിയറായില്ല, ഹാസ്യം ഉണ്ടാക്കാനുള്ള ശ്രമത്തില്‍ മുങ്ങിപ്പോയിരിക്കുന്നു:)
സണ്ണിക്കുട്ടാ, രാവിലെ ഒത്തിരി ചിരിച്ചു :

അവന്റെ ഒരു ബ്രേസ്‌ലെറ്റിന് പകരം അവനു ഞാന്‍ പത്തെണ്ണംകൊടുക്കാം.. ഇന്നാ എന്റെ കാര്‍ഡ് പിടിയെഡാ!!!

ദേയ്,, ഒരുത്തന്റെ ബ്രേസ്‌ലെറ്റിന് വേണ്ടി എന്നെ സംശയിച്ചാലുണ്ടാല്ലൊ? എല്ലാത്തിനേയും കൊന്ന് ഞാന്‍ ജയിലില്‍ പോകും.. എന്നെ കള്ളനാക്കരുത്..ങും... പറഞ്ഞേക്കാം...

സാജാ, ചിത്രഗുപ്തന്റെ ഭാര്യയെ വര്‍ണ്ണിച്ചിരിക്കുന്നത് ശ്രദ്ധിച്ചോ, പിന്നെ ഇവരൊക്കെ ദുബായിലേക്ക് യാത്ര ചെയ്യുന്നത് ഇങ്ങനെയുള്ള അവസരങ്ങളിലാണെന്ന് പൊതുസംസാരം ഉണ്ട്.
സാജന്‍

തുറന്ന അഭിപ്രായത്തിന് വളരെ നന്ദിയുണ്ട്, ഞാന്‍ ഇനി കൂടുതല്‍ ശ്രദ്ധിക്കാം.

Popular posts from this blog

അഭിലാലിന്റെ സംശയം

പപ്പുവിനു ഇന്ന് ചോറൂണ്