ടെന്‍‌ഗിസ് മുതല്‍ തിരോന്തരം വരെ

കസാഖ്സ്ഥാനിലേക്കും തിരിച്ചുമുള്ള യാത്രയെന്നു പറയുന്നത് അവിടെ ജോലി ചെയ്യുന്ന ഇരുപത്തിയെട്ടു ദിവസത്തെക്കാള്‍ നീളമുള്ളതാണ്. ഒരു വഴിക്ക് തന്നെ വേണം രണ്ടു ദിവസം. കുളിക്കാതെ, പല്ലുതേക്കാതെ, മറ്റുപലതും ചെയ്യാതെ, ശരിക്കും ഭക്ഷണം കഴിക്കതെ, ഫ്ലൈറ്റില്‍ കിട്ടുന്ന കള്ളും മോന്തി പോരാത്തത് ബാക്കിയുള്ള എയര്‍പോര്‍ട്ടിലും കുടിച്ചു ഒരു തരം ഉന്മാദാവസ്ഥയിലുള്ള യാത്ര. അവസാനം ദുബായില്‍ നിന്നുള്ള എയര്‍ ഇന്‍ഡ്യയിലോ എമിറേറ്റ്സിലോ കയറി തിരോന്തരത്ത് വന്നിറങ്ങും. ദുബായീന്നുള്ള യാത്രയില്‍ കൂടെയുള്ള ഗള്‍ഫ് ചേട്ടന്മാരൊക്കെ കോട്ടും സ്യുട്ടും ഇട്ട് പെര്‍ഫ്യൂം ഒക്കെ അടിച്ച് ടീപ്ടോപില്‍ വന്നിരിക്കുമ്പോള്‍ മുഷിഞ്ഞു നാറിയ ഒരു ടീ ഷര്‍ട്ടും ജീന്‍സും ഒക്കെ ഇട്ടു ചീകിവച്ച മുടിയും ഒക്കെ എഴുന്നേല്പിച്ചു നിര്‍ത്തി ഇരിക്കുന്ന എന്നെ വളരെ സഹതാപത്തോടെ നോക്കും. (എന്നെ മാത്രമല്ല, എന്നെ പോലെ മറ്റ് ആറ് മലയാളികളുടേയും അവസ്ഥ ഇതു തന്നെ)
തിരോന്തരത്തിറങ്ങിയാല്‍ ലഗേജും കസ്റ്റംസും ഇല്ലാത്തതിനാല്‍ ഇമിഗ്രേഷന്‍ കഴിഞ്ഞോരോട്ടമാണ്. ആകെയുള്ളതു ഒരു ജോഡി ഡ്രസ്സ് മാത്രമുള്ള ഒരു ഷോള്‍ഡര്‍ ബാഗ് ആണ്. അതിലെന്ത് കസ്റ്റംസ്. പുറത്ത് മക്കളേയും ഭര്‍‌ത്താക്കന്മാരേയും കാത്തു നില്‍ക്കുന്നവര്‍ എന്നെ ദയനീയമായിട്ട് നോക്കിയിട്ട് മനസ്സില്‍ പറയും, പാവം പൊതു മാപ്പ് കിട്ടി വരുന്നവനായിരിക്കും.


ഗള്‍ഫ് കാരനല്ലാത്തതു കൊണ്ടാണോ അതോ ഓരോ ഇരുപത്തിയെട്ടു ദിവസത്തിലും വന്നു പോകുന്ന സീസണ്‍ യാത്രക്കാരനായതു കൊണ്ടോ എന്തോ, വീട്ടുകാര്‍ക്ക് വലിയമതിപ്പൊന്നുമില്ല. വണ്ടി കൊണ്ടുവരന്‍ പറഞ്ഞാലും വീട്ടീന്ന് ഒരൊഴുക്കന്‍ മട്ടിലൊരു മറുപടികിട്ടും.
ലഗേജ് ഒന്നും ഇല്ലല്ലൊ? അവിടെന്നൊരു ഓട്ടോ പിടിച്ചു തമ്പാനൂര്‍ ചെന്ന് ഒരു ബസ് പിടിച്ച് കല്ലം‌മുക്കിലിറങ്ങി അവിടെനിന്ന് അടുത്ത ഓട്ടോ പിടിച്ച് പത്ത് രൂപാ കൊടുത്താല്‍ പുല്ലമ്പലത്തുള്ള വീട്ടിലെത്താലോ? വെറുതെ എന്തിനാ പെട്രോള്‍ കത്തിക്കുന്നത്?

കാമ്പുള്ള ചോദ്യം. വായിലല്ല, അണ്ണാക്കില്‍ തപ്പിയാലും മറുപടി കിട്ടില്ല.

അങ്ങനെയുള്ള ഒരു യാത്ര.

ഇരുപത്തിയെട്ടാമത്തെ ദിവസം രാവിലെ ഓഫീസില്‍ പോയത് തന്നെ റഷ്യന്‍ / കസാഖ് തരുണീമണികളോട് യാത്ര പറയാനും പിന്നെ ഒരാഴ്ച മുന്‍പേ റെഡിയാക്കി വച്ചിരിക്കുന്ന, ബാക്ക് ടു ബാക്ക് ആയി വര്‍ക്കുചെയ്യുന്നവനുവേണ്ടിയുള്ള ഹാന്‍‌ഡ് ഓവര്‍ റിപ്പോര്‍ട്ട് അയക്കാനും മാത്രമാണ്.
യാത്രപറയാന്‍ പോയപ്പോള്‍ ഒരുത്തിക്കു ഒരു സഹായം വേണം. തിരിച്ചുവരുമ്പോള്‍ ഒരു സാരി. സാരി മേടിച്ചാലുള്ള കോണ്‍സിക്വന്‍സിനെ കുറിച്ചു ഞാന്‍ ഒരു നിമിഷം ആലോചിച്ചു. സാരിയുമായി വീട്ടിലെത്തുമ്പോള്‍ ഭാര്യ ഉടക്കും, എന്തു കള്ളം പറയും. എന്തു പറഞ്ഞാലും അവള്‍ സി ബി ഐ യെപ്പോലെ ക്വസ്റ്റ്യന്‍ ചെയ്യും. അവസാനം സത്യമറിയുമ്പോള്‍ ആദ്യം സാരി കത്തിക്കും, പിന്നെ എന്നെ കത്തിക്കും, അതു കഴിഞ്ഞു എന്റെ പാസ്പോര്‍ട്ട് കത്തിക്കും. ഇതെല്ലാം ഓര്‍ത്ത് ഞെട്ടിയ ഞാന്‍ പെട്ടെന്ന് ആ റഷ്യക്കാരിയോടു പറഞ്ഞു,

"അയ്യൊ!! ഇപ്പോള്‍ സാരി സീസണ്‍ അല്ല. ആകുമ്പോള്‍ കൊണ്ടുവരാം".

അവള്‍ ചിണുങ്ങിക്കൊണ്ടു എന്റെ മോണിറ്ററില്‍ നിന്നും കമ്പ്യൂട്ടറിന്റെ മോണിറ്ററിലേക്ക് നോക്കി.

യാത്രപറച്ചിലും കെട്ടിപ്പിടുത്തവും ഉമ്മവയ്ക്കലും ഒക്കെ കഴിഞ്ഞു കൃത്യം പത്ത് മണിക്ക് തന്നെ ജോയിച്ചനെയും കൂട്ടി ഓഫീസില്‍നിന്നുമിറങ്ങി. താമസ സ്ഥലത്ത് എത്തിയ ഉടനെ തന്നെ ഒരു ജോഡി ഡ്രസ്സ് എടുത്ത് ബാഗിലിട്ട് ടിക്കറ്റും പാസ്പോര്‍ട്ടും കള്ളന്‍ കൊണ്ടുപോയിട്ടില്ലായെന്ന ഉറപ്പ് വരുത്തി. അപ്പോഴേക്കും ജോയിച്ചന്‍ രണ്ടു വലിയ ഓറഞ്ച് ജ്യൂസ് പാക്കറ്റുമായി എത്തി. അകത്തുകടന്ന ജോയിച്ചന്‍ ജ്യൂസ് പാക്കറ്റിന്റെ ക്യാപ് പൊട്ടിച്ച്, ഒരു ലിറ്ററിന്റെ ജ്യൂസില്‍ നിന്നും അര ലിറ്ററോളം വാഷ് ബെയ്സിനില്‍ ഒഴിച്ചു. ഞാന്‍ അലമാര തുറന്നു ഭദ്രമായി വച്ചിരുന്ന വോഡ്ക എടുത്ത് ജോയിച്ചനെ ഏല്പിച്ചു. ജോയിച്ചന്‍ അത് രണ്ട് ജ്യൂസ് പാക്കറ്റിലേക്കും പകര്‍ന്ന് ജ്യൂസ് പാക്ക്റ്റ് നിറച്ചു സീല്‍ ചെയ്തു എന്റെ ബാഗിനുള്ളില്‍ വച്ചു. ഞാന്‍ ടച്ചിംഗിനു വേണ്ടി ഫ്രിഡ്ജില്‍ തിരഞ്ഞപ്പോള്‍ കിട്ടിയത് എന്റെ ബാക്ക് ടു ബാക്ക് ആയ കൊച്ചുകൃഷ്ണന്‍ വച്ചിട്ടുപോയ മാങ്ങാ അച്ചാര്‍ ആയിരുന്നു.

മാങ്ങ എങ്കില്‍ മാങ്ങ, അതെടുത്ത് ബാഗിലിട്ടോളു. ജോയിച്ചന്‍ പറഞ്ഞു.

പന്ത്രണ്ടര മണിക്ക് നമ്മള്‍ റൂം ചെക്കൗട്ട് ചെയ്ത് ടെം‌ന്‍‌ഗിസില്‍ നിന്നും കുല്‍സാരി റെയില്‍വേ സ്റ്റേഷനില്‍ പോകാനുള്ള ബസും കാത്തിരുന്നു. കുല്‍സാരി റെയില്‍‌വെ സ്റ്റേഷനില്‍ നിന്നും വരുന്ന ബസില്‍ എന്റെ ബാക്ക് ടു ബാക്കായ കൊച്ചുകൃഷണനും, ജോയിച്ചന്റെ ബാക്ക് ടു ബാക്കായ സിജു അന്തപ്പനും വരും. അവരോടു സംസാരിക്കാന്‍ ഒരു പതിനഞ്ച് മിനിറ്റ് കിട്ടും. മിനിമം രണ്ടു മണിക്കൂര്‍ ബാക്ക് ടു ബാക്കിനോട് സംസാരിച്ച് ഇരുപത്തിയെട്ട് ദിവസത്തെ ടേണ്‍ ഓവര്‍ നല്‍കണമെന്നാണ് കമ്പനി റൂള്‍. ഞങ്ങള്‍ക്കത് സാധിക്കാത്തതിനെക്കുറിച്ചു ജോയിച്ചനു വ്യക്തമായ അഭിപ്രായമുണ്ട്.

"രണ്ട് മണിക്കൂര്‍ എന്നു പറയുന്നത് ഇരുപത്തിയെട്ട് ദിവസം ജോലി ചെയ്യുന്നവരുടെ കാര്യമാണ്, ഇരുപത്തിയെട്ട് ദിവസം ബ്ലോഗ് വായിച്ചിരിക്കുന്നവര്‍ക്ക് പതിനഞ്ച് മിനിറ്റ് തന്നെ കൂടുതലാ.."

ബസു വന്നു. ജോയിച്ചന്‍ ബസിന്റെ ആണുങ്ങളിറങ്ങുന്ന മുന്നിലത്തെ വാതിലില്‍ സിജുവിനെ കാത്തു നിന്നു. ഞാന്‍ മെല്ലെ പിന്നിലത്തെ ലേഡിസ് ഡോര്‍ ന്റെ പുറത്തും കാത്തു നിന്നു. കൊച്ചു കൃഷ്ണന്റെ സ്വഭാവം നന്നായി അറിയാവുന്ന ജോയിച്ചന്‍ ഞാന്‍ പിന്നിലത്തെ ഡോറിനു പുറത്ത് കാത്തു നില്‍ക്കുന്നതില്‍ അസ്വഭാവികത ഒന്നും കണ്ടില്ല. സുന്ദരിമാരായ പെണ്‍കുട്ടികള്‍ക്കിടയിലൂടെ കൊച്ചു കൃഷണന്‍ തള്ളിയും തലോടിയും പുറത്തേക്കിറങ്ങി.

ജോയിച്ചനും സിജു അന്തപ്പനും കാര്യമായി എന്തോ ചര്‍ച്ച ചെയ്യുന്നു എന്നുള്ളത് അവരുടെ സംസാരത്തില്‍ നിന്നും വീണ് കിട്ടുന്ന ഡി സി എസ്, ഇ എസ് ഡി ലെവെല്‍ സെറ്റ് പോയിന്റ് എന്നീ വാക്കുകളില്‍ നിന്നും മനസ്സിലാകുന്നുണ്ട്.

കൊച്ചു കൃഷ്ണന് എന്നെ കണ്ടതും‍ ആദ്യം ചോദിച്ചതു ഏതോ ഒരു ഇന്റെര്‍പ്രിറ്റെര്‍ സ്ഥലത്തുണ്ടോ എന്നാണ്? പിന്നെ ബാക്കിയുള്ള പെണ്‍കുട്ടികളെ കുറിച്ചായി അന്വേഷണം. ഞാന്‍ അവനെ ഒരു വിധം വര്‍ക്ക് ഡീറ്റയില്‍സ് ഒക്കെ വളരെ പെട്ടെന്ന് പറഞ്ഞു മനസ്സിലാക്കി. യാത്ര പറഞ്ഞു ഞാനും ജോയിച്ചനും ബസില്‍ കയറി. ബസ് പുറപ്പെട്ടപ്പോള്‍ ഒരു നിരാശാ കാമുകനെപോലെ കൊച്ചുകൃഷ്ണന്‍ പറഞ്ഞു,

നാലാഴ്ച് കഴിയുമ്പോള്‍ നമ്മളും ഇതുപോലെ പോകും മോനെ....

ബസ് ടെന്‍‌ഗിസില്‍ നിന്നും കുല്‍സാരി ലക്ഷ്യമാക്കി നീങ്ങി. രണ്ടു മണിക്കൂര്‍ ഇനി ബസ് യാത്ര. ബസ് യാത്രയുടെ മുഷിവ് മാറ്റാനായി കസാഖ്സ്ഥന്‍‌ന്റെ അലിഖിത നിയമങ്ങളിലൊന്നായ "പട്ടിണി കിടന്നാലും പാട്ടു കേള്‍ക്കണം" എന്ന നിയമം അനുസരിച്ച് ഞാനും എന്റെ എം പി ത്രീ പ്ലെയര്‍ ഓണാക്കി ഹെഡ് ഫോണ്‍ ചെവിയില്‍ തിരുകി.

കുല്‍സാരി റെയില്‍‌വേ സ്റ്റേഷനുള്ളിലെ സ്പെഷ്യല്‍ പാര്‍ക്കിം‌ഗ് ഏരിയയില്‍ ബസ് വന്നു നിന്നു. പാട്ട് കേട്ട് സുഖാമായിട്ട് ഉറങ്ങുകയായിരുന്നു എന്നെ ജോയിച്ചന്‍ വന്നു വിളിച്ചുണര്‍ത്തി. ഇനി ഒരു മണിക്കൂര്‍ കഴിഞ്ഞാല്‍ ട്രെയിന്‍ പുറപ്പെടും.

ഇടിച്ചുകയറാനും തള്ളിക്കയറാനും മലയാളികളെ ആരും പഠിപ്പിക്കേണ്ടന്നു ഒരിക്കല്‍ കൂടി തെളിയിച്ചുകൊണ്ട് ഞാനും ജോയിച്ചനും ട്രെയിനിനുള്ളിലേക്ക് തള്ളിക്കയറി. ലോവര്‍ ബെര്‍ത്ത് ഒഴിഞ്ഞുകിടന്നിട്ടും ഞങ്ങള്‍ അപ്പര്‍ ബര്‍ത്ത് പിടിച്ചു. ഇരുന്നൂറ്റി അന്‍പത് ടെന്‍‌ഗി (കസാഖ് കറന്‍സി) കൊടുത്താല്‍ ബെഡും ഷീറ്റും തലയിണയും അതിന്റെ കവറും കിട്ടും. അതു മേടിക്കാനൊരുങ്ങിയ ജോയിച്ചനെ നിരുത്സാഹപ്പെടുത്തികൊണ്ട് ഞാന്‍ പറഞ്ഞു,

ഓ!! എന്നാത്തിനാന്നെ? ഇപ്പൊ കിടന്നു ഉറങ്ങിയാല്‍ പിന്നെ രാത്രി ഉറക്കം വരില്ല.

ജോയിച്ചന്‍ അതു ശരി വച്ചു.

ട്രെയിന്‍ കുല്‍സാരി വിട്ട് അര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ "ഓറഞ്ച് ജ്യൂസ്" പുറത്തെടുത്തു അല്പാല്പമായി സേവിച്ചു തുടങ്ങി. ഓറഞ്ച് ജ്യൂസും മാങ്ങാ അച്ചാറും. മറ്റു ചിലര്‍ കൊക്കോ കോള കുടിച്ചിട്ട് മുഖം കുടയുന്നു. ഇരുന്നിരുന്ന് ബോറടിച്ചവര്‍ സിഗററ്റ് വലിക്കാന്‍ സ്മോക്കിം‌ഗ് ഏരിയായിലേക്ക് പോകുന്നു. ആറ് മണിക്കൂറത്തെ യാത്ര കഴിഞ്ഞു ട്രെയിന്‍ അത്തിറാവ് റെയില്‍‌വേ സ്റ്റേഷനിലെത്തി. അപ്പോഴേക്കും ഓറഞ്ച് ജ്യൂസ് ഫിനിഷ് ചെയ്തിരുന്നു. സ്റ്റേഷനു പുറത്ത് കത്തുകിടന്ന ബസില്‍ ഞങ്ങള്‍ കമ്പനി വക ക്രൂ ചെയ്ഞ്ച് ഹോട്ടലിലേക്ക് പോയി. അന്നു രാത്രി വിശേഷിച്ചൊന്നും സംഭവിച്ചില്ല.

പിറ്റേന്ന് രാവിലെ ഒന്‍പത് മണിക്കുള്ള എയര്‍ അസ്ഥാന ഫ്ലൈറ്റില്‍ തുര്‍ക്കിയിലേക്ക് പോകാനായി അത്തിറാവ് എയര്‍പോര്‍ട്ടിലെത്തി. ഒരു കാലിത്തൊഴുത്തിനെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള ഇമിഗ്രേഷന്‍ കൗണ്ടറില്‍ ഒരു മണിക്കൂറോളം കൊതുകു കടിയും കൊണ്ട് നിന്നതിനുശേഷം അകത്തു കടന്നു.


ബിസിനിസ്സ് ക്ലാസ് കഴിഞ്ഞുള്ള മൂന്നമത്തെ വരിയില്‍ തന്നെ എനിക്കു സീറ്റ് ലഭിച്ചു. ഞാന്‍ ജോയിച്ചനെ നോക്കിയപ്പോള്‍ ഏറ്റവും അവസാനത്തെ സീറ്റില്‍ ജോയിച്ചന്‍. ജോയിച്ചനു ശേഷം പിന്നെ ഫ്ലൈറ്റിന്റെ വാലു മാത്രം കാണാം. ഭാഗ്യം കൃത്യസമയത്ത് തന്നെ എയര്‍ അസ്ഥാന പറക്കാന്‍ പോകുന്ന അറിയിപ്പ് വന്നു. നമ്മുടെ എയര്‍ ഇന്‍ഡ്യയേക്കാള്‍ എത്ര മാന്യന്‍. ഞാന്‍ ചുമ്മാ മനസ്സിലോര്‍ത്തു. വിമാനം റണ്‍‌വേയിലൂടെ ഓടി തുടങ്ങുമ്പോളാണ് ഞാന്‍ എന്റെ ഇടതു വശത്തിരിക്കുന്ന സഹ യാത്രികരെ നോക്കുന്നത്. ഒരു പ്രായമായ സ്ത്രീയും അവരുടെ കൗമാരക്കാരിയായ മകളും. കൂടെയിരിക്കുന്നവര്‍ക്ക് ചൈനീസ് മം‌ഗോളിയന്‍ ഫെയ്സ് കട്ട് ഇല്ലാത്തതിനാല്‍ അവര്‍ റ്ഷ്യന്‍സ് ആണെന്ന് മനസ്സിലാക്കി. റഷ്യന്‍സ് മര്യാദയുള്ളവരാണ്. വിവരവും. നോട്ട് ലൈക്ക് കസക്കീസ്.
കോക്പിറ്റില്‍ നിന്നും ക്യാബില്‍ ക്രൂവിനുള്ള അറിയിപ്പ് വന്നു. എവിടെയെങ്കിലും അള്ളിപ്പിടിച്ചു ഇരുന്നോളു, സാധനം പൊക്കാന്‍ പോവുകയാണ്. ഇതു കേട്ടതും എന്റെ അടുത്തിരുന്ന സ്ത്രീകള്‍ പ്രാര്‍ത്ഥിക്കാനും കുരിശ് വരക്കാനും ഒക്കെ തുടങ്ങി. വിമാനത്തിലെ സീറ്റ് ബെല്‍റ്റ് സൈന്‍ ഓഫ് ആകുന്നത് വരെ അവരുടെ പ്രാര്‍ത്ഥന തുടര്‍ന്നു.

പാവം. ആദ്യമായിട്ട് വിമാനത്തില്‍ യാത്ര ചെയ്യുന്നവരായിരിക്കും. ഞാന്‍ മനസ്സിലോര്‍ത്തു.

വുഡ് യു ലൈക് ടി ഡ്രിങ്ക് സംതിങ്ങ് സര്‍ - എന്ന ശബ്ദം ചെവിയില്‍ വീണപ്പോള്‍ കണ്ണുതുറക്കാതെ തന്നെ ഞാന്‍ മറുപടി പറഞ്ഞു.

യെസ്, വൈറ്റ് വൈന്‍ പ്ലീസ്.

ഞാന്‍ കണ്ണു തുറന്നു നോക്കിയപ്പോള്‍ മുന്നിലൊന്നും ഇല്ല. ശൂന്യമായ ട്രേ. അപ്പോഴാണ് ഒരു സത്യം ഞാന്‍ മനസ്സിലാക്കിയത്, എയര്‍ ഹോസ്റ്റസ് ചോദിച്ചതു എനിക്ക് മുന്നിലിരിക്കുന്ന യാത്രികനോടായിരുന്നു.

തീറ്റയും കുടിയും ഒക്കെ കഴിഞ്ഞപ്പോള്‍ ഒന്നര മണിക്കൂര്‍ കഴിഞ്ഞു. ഇനിയും ഒന്നര മണിക്കൂര്‍ പറക്കണം. ജോയിച്ചന്‍ അടിച്ച വൈനിന്റെ കെട്ടില്‍ ചുരുണ്ടിരുന്നു ഉറങ്ങുന്നു. എനിക്കാണങ്കില്‍ ഉറക്കം വരുന്നില്ല. എന്തു ചെയ്യും. അടുത്തിരിക്കുന്ന അമ്മച്ചിയെ ഒന്നു പരിചയപ്പെട്ടാലോ? അമ്മച്ചിക്ക് ഏതായാലും ഇംഗ്ലീഷ് അറിയാന്‍ വഴിയില്ല. ഓള്‍ഡ് പീസ്. അപ്പോള്‍ ആ കൊച്ചു പെണ്ണുമായിട്ട് ഇനിയുള്ള സമയം സല്ലപിച്ചിരിക്കാം.

ദൈവമെ!!!! എന്റെ സകല പ്രതീക്ഷകളും തെറ്റിച്ചുകൊണ്ട് അമ്മച്ചി ആഷ് ഫൂഷ് ഇംഗ്ലീഷില്‍ വച്ചു അലക്കുന്നു. അമ്മച്ചി അല്‍മാട്ടി യില്‍ ഒരു സ്പോക്കെണ്‍ ഇംഗ്ലീഷ് സ്കൂള്‍ നടത്തുന്നുണ്ട്. കൊല്ലകുടിലിലാ ഞാന്‍ സൂചി വില്‍ക്കാന്‍ നോക്കിയത്. ആ കൊച്ചു പെണ്ണ് ഉറങ്ങാന്‍ തുടങ്ങി.

റഷ്യയെക്കുറിച്ചും കമ്മ്യൂണിസത്തെക്കുറിച്ചും അമിതാഭ് ബച്ചനെ ക്കുറിച്ചുമൊക്കെ അമ്മച്ചി സംസാരിച്ചു. ഒന്നര മണിക്കൂര്‍ കഴിഞ്ഞു. വിമാനം നിലം തൊടാന്‍ പോകുന്നു എന്ന അറിയിപ്പ് വന്നു. എല്ലാവരും സീറ്റില്‍ കിടക്കുന്ന വള്ളിയെടുത്തു അരയില്‍കെട്ടി മുറുക്കി. ജോയിച്ചന്റെ മുഖത്ത് എയര്‍ ഹോസ്റ്റസ്സ് വെള്ളം തളിച്ച് ഉണര്‍ത്തി.

വിമാനം താഴാന്‍ തുടങ്ങിയതും അടുത്തിരുന്ന അമ്മച്ചിയും മകളും വീണ്ടും പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി. ഞാന്‍ മനസ്സില്‍ ചിരിച്ചുകൊണ്ട് ചോദിച്ചു.

എന്തിനാ ഇങ്ങനെ പേടിക്കുന്നത്. ആദ്യമായിട്ടാണോ ഫ്ലൈറ്റില്‍ ട്രാവല്‍ ചെയ്യുന്നത്???

ഞങ്ങള്‍ക്ക് പേടിയൊന്നും ഇല്ല. ആദ്യമായിട്ടും അല്ല ഫ്ലൈറ്റ് ജേര്‍ണി. പക്ഷെ എന്റെ ഭര്‍ത്താവാണ് ഈ ഫ്ലൈറ്റിലെ ക്യാപ്റ്റന്‍. അങ്ങേര് ആദ്യമായിട്ടാ ക്യാപ്റ്റനായതിനു ശേഷം വിമാനം പറപ്പിക്കുന്നത്. അങ്ങേര്‍ക്ക് വേണ്ടിയാ പ്രാര്‍ത്ഥിക്കുന്നത്.

ഞാനും അറിയാതെ ദൈവത്തെ വിളിച്ചുപോയി.

തുര്‍ക്കിയിലെ അത്താതുര്‍ക്ക് എയര്‍പോര്‍ട്ട്. സമയം പത്ത് മണി. ഇനി അടുത്ത ദുബായിക്കുള്ള ഫ്ലൈറ്റ് വൈകിട്ട് ഏഴുമണിക്ക്. ഇത്രയും സമയം എന്തു ചെയ്യും. എയര്‍പോര്‍ട്ടിനു പുറത്ത് പോകാനുള്ള വിസ ഇരുപത് ഡോളര്‍ കൊടുത്താല്‍ പാസ്പോര്‍ട്ടില്‍ അടിച്ചു തരും. പക്ഷെ ഇന്‍ഡ്യാക്കാരന്‍ എന്ന ഒറ്റ കാരണം മതി എനിക്ക് വിസ നിഷേധിക്കാന്‍. പ്രൗഡ് ഇന്‍ഡ്യന്‍. ഇന്‍ഡ്യക്കാരന്റെ ഒരു വില നോക്കണെ. അറൈവലിനു മുകളിലുള്ള ഡ്യൂട്ടി ഫ്രീ ഷോപ്പിലെല്ലം കറങ്ങി നടന്നു. ബര്‍ഗര്‍ പാലസില്‍ നിന്നും ബര്‍ഗറും അടിച്ചു ബില്‍ കൃത്യമായി മേടിച്ച് ഭദ്രമായി ബാഗിനകത്ത് വച്ചു, റീ ഇംബേഴ്സ് ചെയ്യേണ്ട സാധനമാ, കളഞ്ഞുപോയാല്‍ കാശ് കയ്യീന്ന് പോകും.

ഒന്നു രണ്ട് മണിക്കൂര്‍ നടന്നു കഴിഞ്ഞപ്പോള്‍ എനി എവിടെയെങ്കിലും ഇരിക്കാം എന്നുള്ള ജോയിച്ചന്റെ അഭിപ്രായത്തിന്റെ പൊരുള്‍ എനിക്ക് മനസ്സിലായി.

എന്നാല്‍ നമുക്ക് സാധാരണ് ഇരിക്കുന്നിടത്ത് പോയി ഇരുന്നാലോ?

ജോയിച്ചനും കര്യം മനസ്സിലായി.

ബീര്‍ പാര്‍ലര്‍.

ഒരു മേശയുടെ അപ്പുറവും ഇപ്പുറവുമായി ഞങ്ങളിരുന്നു. എഫെസ് ലാര്‍ജ് രണ്ടെണ്ണം, ഒപ്പം എള്ളിട്ട് വറുത്ത ചിക്കനും. നിമിഷങ്ങള്‍ക്കുള്ളില്‍ സാധനം മേശയിലെത്തി.

എഫെസ് ലാര്‍ജ് കാലിയായപ്പോള്‍, ജോയിച്ചന്‍ പഴയ എം‌പ്ലോയറെ തെറി വിളിക്കാന്‍ തുടങ്ങി. ഹരം മൂത്ത ഞാന്‍ ഒരു മീഡിയം കൂടി ഓര്‍ഡര്‍ ചെയ്തു. അതും കാലിയായപ്പോള്‍ ജോയിച്ചന്‍ ബന്ധുക്കളേയും സ്വന്തക്കാരേയും തെറി വിളിക്കാന്‍ തുടങ്ങി. സംഭവം നല്ല രസമുണ്ട്, ആരാന്റമ്മക്ക് ഭ്രാന്ത് വന്നാല്‍ കാണാന്‍ നല്ല ചേലാണല്ലോ? ഞാന്‍ ഒരു സ്മാള്‍ എഫെസ് കുടി ഓര്‍ഡര്‍ ചെയതു. അതടിച്ച ജോയിച്ചന്‍ എന്നെ തെറിവിളിക്കാന്‍ തുടങ്ങി. ഇനി സഭവം പന്തിയല്ലന്ന് മനസ്സിലാക്കിയ ഞാന്‍ ജോയിച്ചനെയും കൊണ്ട് ആളൊഴിഞ്ഞ ഒരു കോണില്‍ ഒഴിഞ്ഞ ഒരു ബെഞ്ചില്‍ കിടന്നു ഉറങ്ങി.

ഉറക്കമെല്ലാം കഴിഞ്ഞു എഴുന്നേറ്റപ്പോള്‍ സമയം അഞ്ചു മണി. ഒരോ കോഫി കുടിക്കാമെന്ന എന്റെ അഭിപ്രായത്തോട് ജോയിച്ചന് വിയോജിപ്പായിരുന്നു. ജോയിച്ചന്റെ താല്പര്യപ്രകാരം വീണ്ടും ഓരൊ എഫെസ് മീഡിയം. അതു കാലിയായപ്പോള്‍ ഒരറിയിപ്പ് വന്നു,

ദുബയിക്ക് പോകുന്ന എമിറേറ്റ്സിന്റെ സെക്യുരിറ്റി ചെക്ക് ഇന്‍ ഗേറ്റ് നമ്പര്‍ ഇരൂന്നൂറ്റി എട്ടില്‍ ആരംഭിച്ചു.

ഞങ്ങള്‍ ഗേറ്റ് നമ്പര്‍ ഇരൂന്നൂറ്റി എട്ടിലേക്ക് നടന്നു.
(തുടരും)

Comments

:) nalla ezhuthu......
ente vaka thengaa.
Santhosh said…
കൊള്ളാം, പ്രാര്‍ഥനയുടെ പൊരുള്‍ കലക്കി.
സു | Su said…
വായിച്ചു. ചിരിച്ചു. കുറച്ചൊക്കെ ആലോചിച്ചു. :)
ഞങ്ങള്‍ക്ക് പേടിയൊന്നും ഇല്ല. ആദ്യമായിട്ടും അല്ല ഫ്ലൈറ്റ് ജേര്‍ണി. പക്ഷെ എന്റെ ഭര്‍ത്താവാണ് ഈ ഫ്ലൈറ്റിലെ ക്യാപ്റ്റന്‍. അങ്ങേര് ആദ്യമായിട്ടാ ക്യാപ്റ്റനായതിനു ശേഷം വിമാനം പറപ്പിക്കുന്നത്. അങ്ങേര്‍ക്ക് വേണ്ടിയാ പ്രാര്‍ത്ഥിക്കുന്നത്.
Ha ha...Haaaaa....
ഇത് നല്ല ജോലിയാണല്ലോ, ഒരു മാസം ജോലി ഒരു മാസം അവധി!!

നര്‍മ്മം എഴുതാനറിയാം. കസാഖിസ്ഥാനിലെ കൂടുതല്‍ വിശേഷങ്ങളുമായി ഇനിയും എഴുതൂ.
hahaha adi poli... joyichan orennam koodi adichittenney theri parayan thudangi.... kalakki.

Popular posts from this blog

അഭിലാലിന്റെ സംശയം

ഞാനും ഖത്തറിലെത്തി.

ഒരു ചാറ്റിംഗ് ദുരന്തം